ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു. നടി റിയ ചക്രബർത്തി ഉൾപ്പെടെ 33 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റിയ ചക്രബർത്തിയും സഹോദരനും നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. കുറ്റപത്രത്തിൽ പേരുള്ള 33 പേരിൽ എട്ടുപേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

കുറ്റപത്രത്തിൽ 200 പേരുടെ സാക്ഷിമൊഴികളും അടങ്ങിയിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച് 2020 ജൂണിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിനിടയിൽ ലഹരിമരുന്നുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വിദേശ കറൻസികൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തിരുന്നു.

പിടിച്ചെടുത്തവയെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവയാണെന്ന് പരിശോധനയിൽ വ്യക്തമായതായി കുറ്റപത്രത്തിൽ പറയുന്നു.

കേസുമായി ബന്ധുപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബോളിവുഡിലെ മയക്കുമരുന്ന് മാഫിയ പുറത്തുവന്നത്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ എന്നിവരുടെ മൊഴിയും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തുടർന്ന് നിരവധി ബോളിവുഡ് താരങ്ങൾക്കെതിരെയാണ് കേസെടുത്തത്. ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെയും മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തിരുന്നു.