തിരുവനന്തപുരം:തൃശ്ശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരണം.ഇതോടെ മങ്കിപോക്‌സ് ബാധിച്ച് രാജ്യത്തെ ആദ്യത്തെ മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തു.ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. യുഎഇയിൽ നിന്നെത്തിയ യുവാവിനെ ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

യുവാവിന് മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് ചുവന്ന കുരുക്കൾ ഉണ്ടായിരുന്നില്ല.പുണെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം.കഴിഞ്ഞ 21-ാം തീയതിയാണ് യുവാവ് കേരളത്തിലെത്തിയത്. കരിപ്പുർ വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുവരാൻ നാലുപേർ പോയിരുന്നു.

യുവാവ് മരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും വിദേശത്തുവെച്ച് നടത്തിയ പരിശോധനയിൽ മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാർ അറിയിച്ചത്.തുടർന്ന് സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ഫലമാണ് ലഭിച്ചത്.പിന്നാലെ പുണെ വൈറോളജി ലാബിലേക്ക് അയക്കുകയും അവിടെയും പോസിറ്റീവ് ഫലം ലഭിക്കുകയുമായിരുന്നു.

നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാൻ പോയിരുന്നു.പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബിൽ നടക്കുന്ന പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. യുവാവിന് മങ്കിപോക്‌സ് രോഗബാധ വിദേശത്ത് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.

ചെറിയ ലക്ഷണങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. പ്രകടമായ ലക്ഷണങ്ങൾ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു. യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ 15 പേരാണുള്ളത്. യുവാവിനെ കൂട്ടിക്കൊണ്ട് വരാൻ വിമാനത്താവളത്തിലേക്ക് പോയത് നാല് കൂട്ടുകാരാണ്. ഇവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും.

യുഎഇയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശവും നൽകിയിട്ടുണ്ട്. രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാജ്യത്തെ ആദ്യ കേസായതിനാൽ എൻഐവിയുടെ നിർദ്ദേശപ്രകാരം 72 മണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകൾ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. അതേസമയം രാജ്യത്തെ മങ്കി പോക്സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോൾ പ്രത്യേക സംഘത്തെ നയിക്കും.