- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം വയസിൽ ശിവഗിരിയിലെത്തിയ ശശിധരൻ; വെള്ളാപ്പള്ളിയെ എസ്എൻഡിപിയുടെ അമരത്ത് പ്രതിഷ്ഠിച്ചു; രാഷ്ട്രീയ ഇടപെടലുകളാൽ വിവാദം സൃഷ്ടിച്ചു; പെരിയാറിന്റെ ഓളങ്ങളിൽ മുങ്ങിത്താണ സ്വാമി ശാശ്വതീകാനന്ദ ആർക്കും വഴങ്ങാത്ത സന്ന്യാസി
തിരുവനന്തപുരം: ശിവഗിരി മഠവും എസ്എൻഡിപി യോഗവും സ്ഥാപിച്ചത് ശ്രീ നാരായണ ഗുരുവിന്റെ ആശിർവാദങ്ങളോടെയാണ്. രണ്ടും വ്യക്തമായ കാഴ്‌ച്ചപ്പാടോടെയാണ് ഗുരു ഇതിന് മുൻകൈയെടുത്തത്. എന്നാൽ എസ്എൻഡിപി യോഗത്തിന്റെ പോക്കിൽ വേദനയുണ്ടായ നാരായണ ഗുരു തന്നെ അതിൽ നിന്ന് കൃത്യമായി അകലം പാലിച്ചു. ഈഴവ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ച യോഗ നേതൃ
തിരുവനന്തപുരം: ശിവഗിരി മഠവും എസ്എൻഡിപി യോഗവും സ്ഥാപിച്ചത് ശ്രീ നാരായണ ഗുരുവിന്റെ ആശിർവാദങ്ങളോടെയാണ്. രണ്ടും വ്യക്തമായ കാഴ്‌ച്ചപ്പാടോടെയാണ് ഗുരു ഇതിന് മുൻകൈയെടുത്തത്. എന്നാൽ എസ്എൻഡിപി യോഗത്തിന്റെ പോക്കിൽ വേദനയുണ്ടായ നാരായണ ഗുരു തന്നെ അതിൽ നിന്ന് കൃത്യമായി അകലം പാലിച്ചു. ഈഴവ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ച യോഗ നേതൃത്വത്തിൽ ഗുരുവിന് പോലും ഒരു പരിധിക്ക് അപ്പുറം സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. ഇത് തന്നെയാണ് തുടർന്നും ശിവഗരി മഠം പിന്തുടർന്നത്. എന്നാൽ മഠത്തിന്റെ തലപ്പത്ത് ശാശ്വതീകാനന്ദ എത്തിയ അതുവരെയുണ്ടായിരുന്ന കീഴ് വഴക്കങ്ങളിൽ മാറ്റം വന്നു. സമുദായ സംഘടനയും സന്ന്യാസി പ്രസ്ഥാനവും ഏതാണ് ഒരുപോലെയായി. എസ്എൻഡിപി യൂണിയൻ, എസ്എൻ ട്രസ്റ്റ് എന്നിവയെല്ലാം ശാശ്വതീകാനന്ദയുടെ വ്യക്തിപ്രഭാവത്തിൽ ചലിക്കാൻ തുടങ്ങി. ഒടുവിൽ, ദുരൂഹമായി മരണപ്പെട്ട് 12 വർഷങ്ങൾക്ക് ശേഷം ശാശ്വതീകാനന്ദ എന്ന സന്യാസ നാമം കേരളം ചർച്ച ചെയ്യപ്പെടുകയാണ്. ഇന്നലെ ബിജു രമേശ് സ്വാമിയുടെ മരണത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലായിരുന്നു വിവാദം വീണ്ടും ആളിക്കത്തിച്ചത്.
ശ്രീനാരായണ ദർശനത്തെ മാനവികമായ രീതിയിൽ വ്യാഖ്യാനിച്ച് മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. മതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ശ്രീനാരായണ ദർശനത്തെ മാനവികതയുടെ ദർശനമായി മാറ്റാൻ അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണ ദർശനത്തിൽ അഗാധ പാണ്ഡിത്യമുള്ള ശാശ്വതികാനന്ദ ഈ വിഷയത്തിൽ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു. ഇങ്ങനെ ഉണ്ടാക്കിയെടുത്ത സൽപ്പേര് അധികാര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ച് സമൂഹത്തിന്റെ താൽപ്പര്യത്തിന് വേണ്ടിയുള്ള ഇടപെടൽ നടത്തി. തൊണ്ണൂറുകൾ വരെ എസ്എൻഡിപി നേതൃത്വത്തിൽ കോൺഗ്രസിനായിരുന്നു ആധിപത്യം. അതിനെ ഇടത്തോട് അടുപ്പിച്ചതും ശാശ്വതീകാനന്ദയുടെ കരുനീക്കമായിരുന്നു. മഠത്തിനകത്തും പുറത്തും നിരവധി ശത്രുക്കളെ സമ്പാദിച്ച ശാശ്വതീകാനന്ദ തനിക്കു നേരെ ഉയർന്ന ഭീഷണികളെ പുച്ഛിച്ചു തള്ളുകയായിരുന്നു പതിവ്. ആരേയും കൂസാക്കാതെ സ്വന്തം നിലയിൽ ആത്മീയതയിലൂന്നിയ സാമൂഹിക പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.
ആലപ്പുഴയിലെ കോൺട്രാക്ടർ വെള്ളാപ്പള്ളി നടേശനെ യോഗ നേതൃത്വത്തിലെത്തിക്കുന്നതും ശാശ്വതീകാനന്ദ സ്വാമിയാണ്. ഈ ബന്ധം സുദൃഡവുമായിരുന്നു. അങ്ങനെ ശിവഗിരിയും എസ്എൻഡിപി യോഗവും ഒരു വഴിക്ക് യാത്ര തുടങ്ങി. ഇടതു പക്ഷത്തിന്റേയും പ്രത്യേകിച്ച് സിപിഎമ്മിന്റേയും എല്ലാ പിന്തുണയും ഈ കൂട്ടുകെട്ടിനുണ്ടായിരുന്നു. എന്നാൽ സമുദായ നേതൃത്വത്തിൽ വെള്ളാപ്പള്ളി പിടിമുറുക്കാൻ ആഗ്രഹിച്ചതോടെ പിണക്കമായി. ഇതും പരസ്യമായ രഹസ്യം. ഇതിനിടെയാണ് ആർക്കും അവിശ്വസനീയമായി തോന്നും വിധം ശാശ്വതീകാന്ദ മരിക്കുന്നതും. സാധാരണ ഗതിയിൽ നീന്തൽ അറിയാവുന്ന ഒരാൾ ആലുവ പുഴയിൽ മുങ്ങി മരിക്കുമെന്ന് വിശ്വസിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിട്ടും ജലസമാധിയെന്ന വാക്കിൽ ശാശ്വതീകാനന്ദയുടെ മരണത്തെ ഒതുക്കി. 2002 ജൂലൈ ഒന്നിന് ആലുവ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ശാശ്വതീകാന്ദയുടെ മുങ്ങി മരണം.
പക്ഷേ മരണം നടന്ന് 13 കൊല്ലമായിട്ടും ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ബാക്കി. സ്വാമിയുടെ രണ്ട് സഹായികളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് കേസിലെ സുപ്രധാന വഴിത്തിരിവാകുമെന്ന് കരുതിയവർക്കും തെറ്റി. പൊലീസും ജലസമാധി തിയറിയിൽ ആശ്വാസം കണ്ടെത്തി. എന്നാൽ വെള്ളാപ്പള്ളിയ്‌ക്കൊപ്പം ഒരു കാലത്ത് നിന്നവർ മറുകണ്ടം ചാടിയപ്പോൾ പലതും പലരും വിളിച്ചു പറഞ്ഞു. അതിന്റെ തുടർച്ചയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലുകളും. എന്നാൽ കാര്യമായ അന്വേഷണത്തിൽ ഒന്നും എത്താറുമില്ല. ആരോപണങ്ങൾ ഉയരുന്ന വ്യക്തിത്വങ്ങൾക്ക് അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനം തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഈഴവ സമുദായത്തെ ഏറെ സ്വാധീനിച്ച ശാശ്വതീകാന്ദയുടെ മരണം ആർക്കും കൊലപാതകമല്ലെന്ന് ഉറപ്പ് പറയാൻ കഴിയാത്തതും. രാഷ്ട്രീയ ഇടപെടലുകൾക്ക പോലും കരുത്തുണ്ടായിരുന്ന സന്യാസിയുടെ മരണം ഇനിയും ചർച്ചകളിൽ നിറയകയും ചെയ്യും.
ശിവഗിരി മഠത്തിൽ ഉണ്ടായ പൊലീസ് നടപടിയും സ്വാമിയുടെ അധികാര താൽപ്പര്യവുമെല്ലാം പലകുറി ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ശ്രീനാരായണ ദർശനങ്ങൾ തന്നെയാണ് അദ്ദേഹത്തെ സന്ന്യാസിയാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് ശിവഗിരി മഠം ശാശ്വതീകാന്ദയുടെ കൈക്കുള്ളിലായി. ആ കരുത്തിൽ കേരള രാഷ്ട്രീയത്തിൽ അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. അതിനിടെ ശത്രുക്കളും ഏറെയുണ്ടായി. പരസ്യ നിലപാടുമായി വിവാദങ്ങൾ കാര്യമാക്കാതെ നടന്ന സന്ന്യാസി കൂടിയായിരുന്നു ശാശ്വതീകാനന്ദ. അതു തന്നെയായിരുന്നു അദ്ദേഹത്തിന് കരുത്ത് നൽകിയതും വിവാദ പുരുഷനാക്കിയതും.
ആറാം വയസിൽ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി ശശിധരൻ പിന്നീട് ശ്രീനാരായണ ദർശനങ്ങളിൽ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി. പൂർവാശ്രമത്തിൽ ശശി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാമി ശാശ്വതികാനന്ദ 1952ൽ തിരുവനന്തപുരത്തെ മണക്കാട്ട് പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും വർക്കല സ്വദേശിനി കൗസല്യയുടെയും മകനായി ജനിച്ചു. പിതൃസഹോദരൻ സ്വാമി കുമാരാനന്ദയോടൊപ്പമാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്. വർക്കല എസ് എൻ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം നേടിയ സ്വാമി എസ് എൻ കോളജിലാണ് ബിരുദ പഠനം നടത്തിയത്. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ വേദപഠനത്തിന് ചേർന്ന് പഠിച്ച അദ്ദേഹം പഠനാനന്തരം 1977ൽ സ്വാമി ബ്രഹ്മാനന്ദയിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു.
തുടർന്ന് സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധർമ്മസംഘം ബോർഡംഗമായി. 1979ൽ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട് ചവട്ടിക്കയറിയത് വളർച്ചയുടെ കൊടുമുടിയായിരുന്നു. 1984ലെ തെരഞ്ഞെടുപ്പിലാണ് സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്. അന്നത്തെ ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതോടെ വിവാദ നായകനായി. എതിർപ്പുകളുണ്ടായിരുന്നെങ്കിലും 1989ൽ ശിവഗിരി മഠം തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദ വീണ്ടും പ്രസിഡന്റായി. എന്നാൽ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് എതിർവിഭാഗം കോടതിയിൽ നിന്ന് തങ്ങൾക്കനുകൂലമായി വിധി സമ്പാദിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് ശിവഗിരിയിൽ പൊലീസ് നടപടിയിൽ കൊണ്ടെത്തിച്ചത്.
1994ൽ മഠം ഭരണം സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഹൈക്കോടതി ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദയുടെ പക്ഷത്തെ പരാജയപ്പെടുത്തി സ്വാമി പ്രകാശാനന്ദ മഠാധിപതിയാകുകയും ചെയ്തു. 1995ൽ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ ശാശ്വതികാനന്ദ പക്ഷത്തെ ഒഴിവാക്കി ശിവഗിരിയിൽ പ്രകാശാനന്ദ പക്ഷത്തെ അവരോധിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. പൊലീസ് ലാത്തിച്ചാർജിലും വെടിവെയ്‌പ്പിലുമൊക്കെ കലാശിച്ച ഈ സംഭവം പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ പരാജയത്തിന് ഒരു കാരണമായി. ഈ വിഷയം സിപിഎമ്മിന് അനുകൂലമായി സമർത്ഥമായി ചർച്ചയാക്കിയതും ശാശ്വതീകാനന്ദ സ്വാമികളായിരുന്നു.
തുടർന്ന് നടന്ന നിയസഭാതെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ പ്രകാശാനന്ദ ഭരണസമിതിയെ പുറത്താക്കി അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി. 1996 ഒക്ടോബർ 11ന് ശിവഗിരിയിലെ പൊലീസ് നടപടിയിലൂടെ പുറത്താക്കപ്പെട്ട ശാശ്വതികാനന്ദ ആറു വർഷങ്ങൾക്കു ശേഷം പ്രകാശാനന്ദ പക്ഷത്തെ കീഴ്‌പ്പെടുത്തി ശിവഗിരി ഭരണം കൈപ്പിടിയിലൊതുക്കി. 2001 ഒക്ടോബർ 11ന് നടന്ന ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ സ്വാമി ശാശ്വതികാനന്ദ മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പക്ഷം മുഴുവൻ സീറ്റുകളും സ്വന്തമാക്കി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധവും ഈ വിജയത്തിലേക്ക് എത്താൻ കരുത്തായി. അതിന് ശേഷം ഈ ബന്ധത്തിൽ വിള്ളൽ വന്നു. എസ്എൻഡിപി നേതൃത്വത്തിൽ തുടരാനുള്ള കളികളാണ് വെള്ളാപ്പള്ളിയേയും ശാശ്വതീകാനന്ദയേയും അകറ്റിയത്.
ഇതിനിടെയാണ് ആലുവായിലെ അദ്വൈത ആശ്രമത്തിലെ പുഴക്കടവിൽ കുളിക്കാനിറങ്ങിയ സ്വാമി ശാശ്വതീകാനന്ദ മരിക്കുന്നത്. കാൽവഴുതി നിലയില്ലാകയത്തിൽ വീണുവെന്നാണ് ഔദ്യോഗിക വിശദീകരണം എത്തിയത്. എന്നാൽ ആ ദിവസത്തെ പ്രത്യേകതകൾ കാരണം സംശയങ്ങളും സജീവമായി. അദ്വൈതാശ്രമത്തിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ യോഗം നടത്താൻ നിശ്ചയിച്ചിരുന്നു. സന്യാസിമാരും മറ്റ് നേതാക്കളും ഇതിൽ പങ്കെടുക്കാനായി സ്ഥലത്തെത്തി. രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് നിന്ന് കാറിലെത്തിയ സ്വാമി പുഴക്കടവിലേക്ക് പോയി. ആശ്രമത്തിലെ കുളിമുറിയിൽ അദ്ദേഹത്തിന് കുളിക്കാൻ ചൂടുവെള്ളം തയ്യാറാക്കിയിരുന്നു. 15 മിനിറ്റ് കഴിഞ്ഞിട്ടും സ്വാമിയെ കാണാതായപ്പോൾ ശിഷ്യർ അന്വേഷിച്ചിറങ്ങി. ശ്വാസം നിലച്ചുകൊണ്ടിരിക്കുന്ന സ്വാമിയുടെ ശരീരമാണ് അവർക്ക് പുഴയിൽ നിന്ന് വീണ്ടെടുക്കാനായത്. അവിടെ തുടങ്ങിയ വിവാദം ഇപ്പോഴും തീരുന്നില്ല.