ആലപ്പുഴ: കായംകുളത്ത് രണ്ടിടങ്ങളിൽ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം തകർത്ത സംഭവത്തിൽ കഞ്ചാവിനടിമയായ സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിൽ മേക്ക് മേനാത്തേരിക്കു സമീപം പ്രയാ ഗാനന്ദാശ്രമം (നെടുന്തറയിൽ) സോമരാജപണിക്കർ (60) എന്ന സ്വാമിയെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കൃഷ്ണപുരം മേജർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര കുളത്തിനു സമീപം ദേശീയ പാതയോരത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമയും മേനാത്തേരി കനക ഭവനിൽ ജയദീപന്റെ വീടിനു മുൻപിൽ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണ പ്രതിമയുമാണ് സാമൂഹിക വിരുദ്ധർ തകർത്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ5 ന് ക്ഷേത്ര ജീവനക്കാരനാണ് കാണിക്കവഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമയുടെ തല തകർത്തതായി കണ്ടത്.

ഉടൻ തന്നെ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അനിൽകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവമറിഞ്ഞ് സ്ഥലത്ത് വൻ ജനകൂട്ടം തടിച്ചു കൂടി. പൊലീസെത്തി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മേനാത്തേരിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയും തകർത്ത വിവരം അറിയുന്നത്. രണ്ട് പരാതികളുടേയും അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി അന്വേഷണമാരംഭിച്ചു.സമീപങ്ങളിലെ സി.സി.റ്റി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് സോമരാജപണിക്കർ സ്വാമി പുലർച്ചെ രണ്ടരമണിയോടെ സൈക്കിളിൽ ഇതു വഴി കടന്നു പോയതായി ശ്രദ്ധയിൽ പെട്ടത്.

കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വാമി കുറ്റം സമ്മതിച്ചത്. നാലു വർഷം മുൻപ് ഇയാൾ മേനാത്തേരി ജംഗ്ഷനുതെക്കുഭാഗത്തെ ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിമ തകർത്തതിന് അറസ്റ്റിലായിരുന്നു. കൃഷ്ണപുരം ക്ഷേത്രത്തിലെ പ്രതിമ കമ്പുകൊണ്ടും, മേനാത്തേരിയിലെ പ്രതിമ വെട്ടുകത്തി കൊണ്ടു മാ ണ് തകർത്തത്. മൂന്നു മാസം മുൻപ് മേനാത്തേരി ബംഗ്ലാവിൽ ഇന്ദ്രജിത്തിന്റെ വീടിനു മുൻപിലെ ശ്രീകൃഷ്ണവിഗ്രഹവും തകർത്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

കൽക്കി അവതാരമാണ് താനെന്ന് സ്വയം അവകാശപ്പെട്ട് കാവി തുണി ധരിച്ചാണ് ഇയാളുടെ സഞ്ചാരം. വിഗ്രഹാരാധനയോടുള്ള എതിർപ്പാണ് വിഗ്രഹം തകർത്തതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.