കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേർത്ത ഭാഗത്ത് പഴുപ്പ് ബാധിച്ചു, തെളിവെടുപ്പ് സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമാക്കി. തുന്നിച്ചേർക്കൽ ശസ്ത്രക്രിയയുടെ ജയപരാജയങ്ങൾ നിർണ്ണയിക്കുക തുടർചികിത്സയെന്നും മെഡിക്കൽ സംഘം. റിമാൻഡിലിരിക്കെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിൽ കഴിഞ്ഞ ദിവസം തന്നെ സന്ദർശിച്ച അടുപ്പക്കാരോടാണ് ജനനേന്ദ്രിയത്തിന്റെ തുന്നിച്ചേർത്ത ഭാഗത്ത് പഴുപ്പ് വ്യാപിച്ചതായി സ്വാമി ഗംഗേശാനന്ദ അറിയിച്ചത്. ഇക്കാര്യം ശരിവയ്ക്കുന്ന തരത്തിലുള്ള വിവരം മെഡിക്കൽ സംഘം സ്വാമിയുടെ അഭിഭാഷകനുമായി പങ്കുവച്ചതായും അറിയുന്നു.

മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ കഴിയാത്തത്ര തരത്തിൽ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടും കോടതിയിൽ ഹാജരാക്കുന്നതിനായി പൊലീസ് നിർബന്ധപൂർവ്വം ഗംഗേശാനന്ദയുടെ ഡിസ്ചാർജ്ജ് വാങ്ങുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷം തിരികെ ഇവിടെ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് തുന്നിച്ചേർത്ത ഭാഗത്ത് പഴുപ്പുള്ളതായി മെഡിക്കൽ സംഘത്തിന് ബോദ്ധ്യപ്പെട്ടത്. തെളിവെടുപ്പിനു ശേഷം തുടർചികിത്സയ്ക്കായി സ്വാമി ഗംഗേശാനന്ദയെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുവന്നപ്പോൾ പ്രവേശനം നൽകാൻ അധികൃതർ മടിച്ചെന്നും മൂന്നു മണിക്കൂറിലേറെ നേരം പുറത്തിരുത്തിയ ശേഷം ഉന്നതങ്ങളിൽനിന്നുള്ള ഇടപെടലിനെത്തുടർന്നാണ് മനസ്സില്ലാമനസോടെ ബന്ധപ്പെട്ടവർ സ്വാമിക്ക് ഇവിടെ വീണ്ടും ചികിത്സ അഡ്‌മിഷൻ തരപ്പെടുത്താൻ തയ്യാറായതെന്നുമാണ് ലഭ്യമായ വിവരം.

പൊലീസിന്റെ ആവശ്യപ്രകാരമാണ് ഡിസ്ചാർജ്ജെന്ന് രേഖകളിൽ ഉൾക്കൊള്ളിച്ചാണ് ആശുപത്രി അധികൃതർ സ്വാമിയുടെ ഡിസ്ചാർജ്ജ് സമ്മറി തയ്യാറാക്കിയിരുന്നത്. ഇതോടെ ആശുപത്രിയിൽ നിന്നും വിട്ടശേഷം സ്വാമിക്ക് എന്തുതന്നെ സംഭവിച്ചാലും ഉത്തരവാദിത്വം പൊലീസിന്റെ ചുമലിലാവുമെന്ന സ്ഥിതിയായി. ആശുപത്രിയിൽ നിന്നും കൊണ്ടുപോയതിനേക്കാൽ മോശപ്പെട്ട അവസ്ഥയിലാണ് സ്വാമിയെ തിരികെ ചികിത്സക്കായി എത്തിച്ചതെന്ന വിവരം സ്വാമിയുടെ ബന്ധുക്കൾക്കും അടുപ്പക്കാർക്കും വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ഗംഗേശാനന്ദയുടെ അഭിഭാഷകൻ ആശുപത്രി അധികൃതരിൽനിന്നും ശേഖരിച്ചതായും അറിയുന്നു.

ഇതിനിടെ, സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഒരു സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ സ്വാമി താമസിച്ചിരുന്ന കോലഞ്ചേരി പട്ടിമറ്റത്തെത്തി തെളിവെടുത്തു. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.

ഗംഗേശാനന്ദയുമായി ഏറെ അടുപ്പമുണ്ടായിരുന്ന അയ്യപ്പദാസ് ഇനിയും വെളിച്ചത്ത് വരാത്തത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സംശയം. വർഷങ്ങളായി ഇയാൾ നിഴൽപോലെ സ്വാമിക്കൊപ്പമുണ്ടായിരുന്നു. സംഭവദിവസം രാത്രിയും അയ്യപ്പദാസ് തനിക്കൊപ്പമുണ്ടെന്ന് ഗംഗേശാനന്ദ പട്ടിമറ്റത്തുള്ള സഹോദരിയെ അറിയിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട് .ഇതിന് ശേഷം നിരന്തര ബന്ധം പുലർത്തിയിരുന്ന താനുമായും കൂടുതൽ സംസാരിക്കാൻ അയ്യപ്പദാസ് തയ്യാറായില്ലെന്നും ഇത് ചില സംശയങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും സ്വാമി ഗരുഡ ഭജാനന്ദ തീർത്ഥയും വ്യക്തമാക്കി.

സ്വാമിയോടൊപ്പമെത്തിയാണ് തിരുവനന്തപുരത്തേ നിയമവിദ്യാർത്ഥിനിയുമായി അയ്യപ്പദാസ് പ്രണയത്തിലായത് . ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം അറുത്തു മാറ്റിയ സംഭവത്തിൽ ഇയാൾക്ക് ശക്തമായ പങ്കുണ്ടാവാമെന്നാണ് ബന്ധുക്കളുടേയും അടുപ്പക്കാരുടേയും സംശയം. തങ്ങളുമായി അടുപ്പത്തിലായിരുന്ന ഇയാൾ സംഭവത്തിന് ശേഷം വിളിച്ചാൽ ഫോണെടുക്കാൻ പോലും തയ്യാറാവുന്നില്ലന്നും ഇത് ഇക്കാര്യത്തിൽ തങ്ങൾക്കുള്ള സംശയം വർദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് സ്വാമിയുടെ ബന്ധുക്കൾ പറയുന്നത്.