- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ കഴിയുമ്പോൾ സഹിൻ ആന്റണി വഴി 24 ന്യൂസ് ചാനലിൽ എത്തിയ ഓഡിയോ ക്ലിപ്പിന്റെ ആസൂത്രകനും എം ശിവശങ്കരനെന്ന് സ്വപ്നയുടെ തുറന്നു പറച്ചിൽ; മുഖ്യമന്ത്രിയെ വെള്ളപൂശിയ ശബ്ദരേഖയിലെ തിരക്കഥയിലും മുഖ്യസൂത്രധാരൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; സ്വപ്നയുടെ തുറന്നു പറച്ചിലിൽ 24 ചാനലും വെട്ടിലാകുമ്പോൾ
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റു ചെയ്യുന്നതിന് മുമ്പ് സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവിട്ടത് 24 ന്യൂസ് ചാനലായിരുന്നു. പിന്നീട് ചാനലിൽ നിന്നും പുറത്താക്കിയ സഹീൻ ആന്റണിയായിരുന്നു ഈ ശബ്ദരേഖ ചാനൽ വഴി പുറത്തുവിട്ടത്. താൻ നിരപരാധിയാണെന്ന് സമർത്ഥിക്കുന്ന ഈ ശബ്ദരേഖയ്ക്ക് പിന്നിലെ ബുദ്ധിയും എം ശിവശങ്കറിന്റേതാണെന്നാണ് പുറത്തുവരുന്ന വിവരം. സ്പ്‌ന സുരേഷ് ഇന്നലെ അഭിമുഖത്തിൽ വ്യക്തമാക്കിയപ്പോൾ തന്നെ തന്നെ രക്ഷപെടാനും ഒളിവിൽ പോകാനും നിർദ്ദേശിച്ചത് ശിവശങ്കരനാണെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് 24 എത്തിയ ശബ്ദരേഖയും വീണ്ടും ചർച്ചകളിലേക്ക് വരുന്നത്.
അന്ന് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ 24 ന്യൂസ് ചാനലിലൂടെ പുറത്തുവന്നത് സിപിഎം പദ്ധതിയെന്ന് വ്യക്തമാകുകയാണ് ഇപ്പോൾ. സിപിഎം നേതാക്കളുമായി അടുപ്പമുള്ള സഹിനായിരുന്നു റിപ്പോർട്ടർ. സിപിഎമ്മിന്റെ വാദമാണ് ശബ്ദരേഖയിൽ സ്വപ്ന ആവർത്തിച്ചത്. മാധ്യമങ്ങളും മറ്റുള്ളവരും ഇപ്പോൾ ഈ വിഷയം ഉന്നയിക്കുന്നത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയാണെന്നും തനിക്ക് മുഖ്യമന്ത്രിയുമായും സർക്കാരിലെ ഉന്നതരുമായും മറ്റ് തരത്തിലുള്ള ബന്ധങ്ങളില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു. അന്ന് ഏറെ പ്രതിരോധത്തിലായ സിപിഎം ഈ വാദം ഉപയോഗിക്കുകയും ചെയ്യുകയുണ്ടായി.
എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ഞാൻ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയിപ്പിച്ച കാര്യങ്ങളാണെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കർ അടക്കമുള്ള ആളുകൾ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. തന്നോട് ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ശിവശങ്കറും ഉൾപ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദ്ദേശിച്ചവരിലും ശിവശങ്കർ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിർത്തി കടക്കാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഒറ്റ ഫോൺവിളിയിലാണു തനിക്കു സ്‌പേസ് പാർക്കിൽ ജോലി കിട്ടിയതെന്നും സ്വപ്‌ന വെളിപ്പെടുത്തി. യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന തന്നോട് അവിടം സുരക്ഷിതമല്ലാത്തതിനാൽ രാജിവയ്ക്കാൻ നിർദ്ദേശിച്ചതു ശിവശങ്കറാണ്. സ്‌പേസ് പാർക്കിൽ ജോലിക്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച കെപിഎംജി എന്ന കൺസൽറ്റൻസിയെ ശിവശങ്കർ ഇടപെട്ടു മാറ്റിയതിനുശേഷമാണ് പിഡബ്ല്യുസിയെ കൊണ്ടുവന്നതെന്നും സ്വപ്ന പറഞ്ഞു.
''എനിക്കു സർക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. കോൺസുലേറ്റിൽനിന്നു രാജിവച്ചശേഷം ജോലി വേണമെന്നു ശിവശങ്കറിനോടു പറഞ്ഞു. 3 ഓപ്ഷൻ ഉണ്ടെന്നും സ്‌പേസ് പാർക്കാണ് അതിൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കൺസൽറ്റൻസികളെ ഏർപ്പാടാക്കിയതും ശിവശങ്കറാണ്. കെഎസ്‌ഐടിഐഎല്ലിന്റെ ചുമതലയുള്ള ജയശങ്കർ, സ്‌പേസ് പാർക്ക് ചീഫ് സ്‌പെഷൽ ഓഫിസർ സന്തോഷ് എന്നിവരെ കാണാനും നിർദ്ദേശിച്ചു. അങ്ങനെ ജോലിക്കു കയറി. ഇന്റർവ്യൂവൊന്നും ഉണ്ടായിരുന്നില്ല. എന്റെ സർട്ടിഫിക്കറ്റുകളുടെ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നു'' സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
എം.ശിവശങ്കറിന്റെ ആത്മകഥയിൽ, സമ്മാനമായി വിവാദ ഐ ഫോൺ നൽകി തന്നെ ചതിച്ചുവെന്നും മറ്റും സ്വപ്നയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതു കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടർന്നാണ് ഇതിനു മറുപടിയായി ശിവശങ്കറിനെതിരെ അതിഗുരുതര വെളിപ്പെടുത്തലുകളുമായി സ്വപ്നയും രംഗത്തെത്തിയത്.
''ശിവശങ്കർ എന്റെ പഴ്‌സനൽ കംപാനിയൻ ആയിരുന്നു. 3 വർഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ വീട്ടിൽ വരുമായിരുന്നു. മാസത്തിൽ 2 തവണയെങ്കിലും ഒരുമിച്ചു ചെന്നൈയിലോ ബെംഗളൂരുവിലോ പോകുമായിരുന്നു. ഐ ഫോൺ മാത്രമല്ല ഒരുപാടു സമ്മാനങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. ശിവശങ്കർ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം എന്നെ ചൂഷണം ചെയ്തു, ദുരുപയോഗപ്പെടുത്തി, നശിപ്പിച്ചു. അദ്ദേഹം വിആർഎസ് എടുത്തശേഷം ഒരുമിച്ചു ദുബായിലേക്കു പോകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഞാൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെക്കുറിച്ചുള്ള ഒരുപാടു രഹസ്യങ്ങൾ തുറന്നെഴുതേണ്ടി വരും. അദ്ദേഹത്തിന്റെ ആത്മകഥയെക്കാൾ അതിനു വിപണിയുണ്ടാകും'' സ്വപ്ന പറഞ്ഞു.
''ലൈഫ് മിഷൻ കരാറിൽ യൂണിടാക് കമ്പനിയെ കൊണ്ടുവന്നതെല്ലാം ശിവശങ്കറിന്റെ അറിവോടെയാണ്. മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യം എനിക്കില്ല. സർക്കാരുമായുള്ള പോയിന്റ് ഓഫ് കോൺടാക്ട് ശിവശങ്കർ ആയിരുന്നു. കോൺസൽ ജനറലുമായി ചർച്ച ചെയ്താണു ശിവശങ്കർ എല്ലാം തീരുമാനിച്ചത്. കുറെപ്പേരെ ഇരുട്ടിൽ നിർത്തി അദ്ദേഹം തന്നെയാണ് എല്ലാം ചെയ്തത്. ഇപ്പോൾ ചീഫ് സെക്രട്ടറി ശരിയല്ല, അന്വേഷണ ഏജൻസികൾ ശരിയല്ല. സ്വപ്ന ശരിയല്ല എന്നു പറയണമെങ്കിൽ നല്ല തൊലിക്കട്ടി വേണം. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ച കാര്യവും അദ്ദേഹത്തെ അറിയിച്ചിരുന്നു.
ഡിപ്ലോമാറ്റിക് ബാഗേജിൽ എന്താണ് ഉള്ളതെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. കോവിഡ് കാലമായതിനാലാണു താമസിക്കുന്നതെന്നും ഉടനെ വിട്ടുകിട്ടുമെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ശിവശങ്കറും താനും നടത്തിയ മിക്കവാറും വിദേശയാത്രകൾ എല്ലാം അനൗദ്യോഗികമായിരുന്നു. ഇന്ത്യയിലേക്കും വിദേശത്തേക്കും ഈ യാത്രകൾ ഉണ്ടായിരുന്നു. ഔദ്യോഗികമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
എല്ലാം എന്റെ തലയിലാക്കി എല്ലാവരും രക്ഷപ്പെടാനാണു ശ്രമിച്ചത്. ഇപ്പോൾ ഞാൻ മാത്രം കുറ്റക്കാരിയായി. എനിക്കപ്പുറത്തേക്ക് അന്വേഷണമില്ല. കസ്റ്റംസ് കേസിൽനിന്ന് പുറത്തുവന്ന് വിവരങ്ങൾ പുറത്തുപറഞ്ഞാൽ കുടുങ്ങും എന്നതിനാൽ എൻഐഎയെ ഈ അന്വേഷണത്തിലേക്ക് കൊണ്ടുവന്നത് ശിവശങ്കറിന്റെ ബുദ്ധിയാണെന്ന് വിശ്വസിനീയ കേന്ദ്രങ്ങളിൽനിന്ന് കിട്ടിയത്. ഞാൻ പുറത്തുവന്ന് വാ തുറക്കാതിരിക്കാനായിരുന്നു ഈ നീക്കം. ബാഗേജ് പിടിക്കപ്പെട്ടപ്പോൾ ഒളിവിൽ പോകാനും മുൻകൂർ ജാമ്യത്തിന് പോകാനും നിർദ്ദേശിച്ചവരിൽ ശിവശങ്കറുമുണ്ടായിരുന്നു.
ബാങ്കിൽ അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ പേരിൽ ലോക്കർ എടുത്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം. എനിക്ക് വേണുഗോപാലിനെ അറിയില്ലായിരുന്നു. ഞാൻ അധ്വാനിച്ച പണമെല്ലാം ബാങ്ക് എഫ്ഡി അക്കൗണ്ടുകളിലായിരുന്നു. ഈ പണം ആരുടേതാണെന്ന് ലോകം ഇതോടെ മനസ്സിലാക്കട്ടെ.
എനിക്ക് എന്തൊക്കെ അറിയാമോ അതൊക്കെ ശിവശങ്കറിനുമറിയാം. ആദ്യം ഞാൻ ഒന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞില്ല. പിന്നീട് ശിവശങ്കറിന്റെ വാട്‌സാപ് ചാറ്റുമായി വന്ന് ചോദ്യം ചെയ്തപ്പോൾ എല്ലാം വെളിപ്പെടുത്തേണ്ടിവന്നു. ശിവശങ്കറിനെ മനഃപൂർവം പെടുത്താൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചുവെന്ന അഭിപ്രായം ഇല്ല. അവർ തെളിവുകളുമായി വരുമ്പോൾ എല്ലാം പുറത്തുവരികയായിരുന്നു.
സർക്കാരിനും മുഖ്യമന്ത്രിക്കും ബന്ധമില്ലെന്ന് പറഞ്ഞ് ഓഡിയോ സന്ദേശം പുറത്തുവിട്ടത് ചിലർ പറഞ്ഞതനുസരിച്ചാണ്. രക്ഷിക്കാമെന്ന് ശിവശങ്കർ ഉൾപ്പെടെ പറഞ്ഞ പ്രകാരം ആസൂത്രണം ചെയ്തുണ്ടാക്കിയതാണ് കസ്റ്റഡിയിൽ നിന്ന് പുറത്തുവന്ന ഓഡിയോ ക്ലിപ്. വാടക വീട്ടിലാണു ജീവിക്കുന്നത്. ഒരു ജോലി തരാൻ ആരുമില്ല. ജീവിക്കാൻ ശ്രമിക്കും. കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂ. മുൻ മന്ത്രി കെടി.ജലീലിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ലൈഫ്മിഷനുമായി ബന്ധമില്ല. ശ്രീരാമകൃഷ്ണനമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. ഔദ്യോഗിക വസതിയിലും സ്വകാര്യ ഫ്‌ളാറ്റിലും പോയി കണ്ടിട്ടുണ്ട് '' സ്വപ്ന പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ