തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും കേസിൽ പങ്കില്ലെന്നു പറഞ്ഞു പുറത്തുവന്ന തന്റെ ആദ്യ ശബ്ദരേഖ ശിവശങ്കർ പറഞ്ഞ 'സ്‌ക്രിപ്റ്റ്' വച്ചു തയാറാക്കിയതായിരുന്നുവെന്നു സ്വപ്‌ന സുരേഷ് പറയുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് കേരളാ പൊലീസ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന് ആരോപിക്കുന്ന രണ്ടാമത്തെ ശബ്ദരേഖയും ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്‌ന വിശദീകരിക്കുന്നു. ഇത് ഗൗരവത്തോടെ എടുക്കുകയാണ് കേന്ദ്ര ഏജൻസികൾ.

ഇഡി കസ്റ്റഡിയിലായിരിക്കെ വനിതാ പൊലീസ് വന്ന് ശിവശങ്കർ പറഞ്ഞിട്ടാണെന്നു പറഞ്ഞ് സംസാരിച്ചു. സഹായിക്കാൻ എല്ലാം ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താമെന്ന് ഉറപ്പുതന്നിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് ഫോൺ തന്നശേഷം കേസിലേക്കു മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാൻ സമ്മർദമുണ്ടെന്നു പറയാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സ്വപ്‌നയുടെ പുതിയ അഭിമുഖം കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. ഇഡി കസ്റ്റഡിയിലിരിക്കേ പുറത്തുവന്ന ശബ്ദരേഖ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് ഇഡി വിശദാംശങ്ങൾ തേടുന്നത്.

സ്വപ്നയുടെ വെളിപ്പെടുത്തൽ ഹൈക്കോടതിയെ അറിയിക്കാനും കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ഇക്കാര്യം അറിയിക്കുക. സ്വർണക്കടത്തിനു പിന്നിൽ കൂടുതൽ പേരുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയിൽ സുപ്രധാന വിവരങ്ങളുണ്ടെന്ന് കേന്ദ്ര ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്തുള്ള പ്രതികളെ കേസിലേക്ക് കൊണ്ടുവന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്ത് ഈ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ പൊലീസ് ആദ്യ കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂർ സ്വദേശി മറ്റൊരു പരാതി നൽകി. ഈ 2 പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സർക്കാർ നിർദ്ദേശം. ഡിജിപി നിയമോപദേശം തേടിയപ്പോൾ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ മറുപടി. തുടർന്ന് അഭിഭാഷകനെ വരുത്തി വിശദ മൊഴിയെടുത്തു. ഓരോ പരാതിയിലും ഓരോ കേസ് എടുക്കാൻ തീരുമാനിച്ചു.

കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതി സ്വപ്ന സുരേഷിനെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതിനു സാക്ഷികളാണെന്നു 3 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. എന്നാൽ ഇഡി ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ അവർ നൽകിയ രേഖകൾ ക്രൈംബ്രാഞ്ച് ആരോപണത്തെ ദുർബലപ്പെടുത്തുന്നതായിരുന്നു. സ്വപ്ന ഇഡിയുടെ കസ്റ്റഡിയിൽ ആയിരിക്കെ പ്രതിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണു 3 പേരും.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനു ശേഷമാണു കേരള പൊലീസ് ഇഡിക്കെതിരെ തിരിഞ്ഞത്. മുഖ്യമന്ത്രിയടക്കമുള്ളവരെ കേസിൽ പ്രതിചേർക്കാൻ ഇഡി ശ്രമിക്കുന്നതായുള്ള ആരോപണം ശക്തിപ്പെട്ടതോടെ കേന്ദ്ര ഏജൻസികൾക്ക് എതിരായ തുറന്ന യുദ്ധത്തിലേക്കു സംസ്ഥാന സർക്കാരും നീങ്ങി. ജ്യുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് പിന്നീട് കോടതി മരവിപ്പിച്ചു.

സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നിൽ സർക്കാർ കരണങ്ങൾ ഉണ്ടെന്ന നിഗമനത്തിലേക്കണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പോക്ക്. മുഖ്യമന്ത്രിയിലേക്കും മറ്റ് ഉന്നതരിലേക്കും അന്വേഷണം നീളുമെന്ന ഭയം കൊണ്ടാണ് സ്വപ്നയെ കൊണ്ട് സർക്കാറിനെ ക്ലീൻചിറ്റ് നൽകുന്ന വിധത്തിലുള്ള ശബ്ദരേഖ തുടക്കത്തിൽ പുറത്തുവിട്ടത്. ഇങ്ങനെ ശബ്ദരേഖ പുറത്തുവന്നതിൽ ഇടതു കേന്ദ്രങ്ങളിൽ നിന്നുള്ള സംഘടിതമായ ഗൂഢാലോചനയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ശബ്ദരേഖ റെക്കോർഡ് ചെയ്യുന്നതിൽ അടക്കം മുഖ്യപങ്കാളിയായി നിന്നത് കേരളാ പൊലീസ് അസോസിയേഷനിലെ ഒരു സംസ്ഥാന നേതാവാണ്. സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ റിക്കോർഡ് ചെയ്യാൻ സഹായിച്ചത് തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയർ സിവിൽ പൊലീസ് ഓഫിസറാണെന്നുമാണ് പുറത്തുവരുന്ന സൂചന. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും ഇതു റിക്കോർഡ് ചെയ്യുന്നതിലും പുറത്തുവിടുന്നതിലും പങ്കാളിയായതായി സൂചനയുണ്ട്.

വനിതാ പൊലീസ് വിളിച്ചുതന്ന ഫോണിൽ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണു പുറത്തുവന്നതെന്നും സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയതിനെത്തുടർന്ന് കേന്ദ്ര ഏജൻസികൾ ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം 5 വനിതാ പൊലീസുകാരാണു സ്വപ്നയ്ക്കു കാവലുണ്ടായിരുന്നത്. ഇവരെല്ലാം ഇടത് അനുഭാവികളാണ്. സ്വപ്നയെ ഒരു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ് മറ്റു 2 വനിതാ പൊലീസുകാർ കാവലിനുണ്ടായിരുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പൊലീസുകാരെ സ്ഥിരമായി കാവലിനു നിയോഗിച്ചതുതന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നു കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമായിരുന്നു.