- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാൻഷ്യൽ നെഗോസ്യേഷൻ' നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്ന് പറയിച്ചത് ശിവശങ്കറിന്റെ തിരക്കഥ; പ്രതിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ പൊലീസിന് മടി; സിബിഐയെ എത്തിക്കാൻ ഇഡിയും; സ്വപ്നാ സുരേഷിന്റെ തുറന്നു പറച്ചിൽ വീണ്ടും കേസാകും
കൊച്ചി: നയതന്ത്രപാഴ്‌സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും രേഖപ്പെടുത്തും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിലാകും ഇത്. ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഇഡി ഉന്നയിച്ചേക്കും.
അന്വേഷണത്തിൽ ഇടപെടാനുള്ള ശിവശങ്കറിന്റെ നീക്കമായി ഇതിനെ വിലയിരുത്തപ്പെടും. ഫോൺ റിക്കോർഡ് ചെയ്ത വനിതാ പൊലീസുകാരി അടക്കമുള്ളവർക്കെതിരെ അന്വേഷണം വേണമെന്നാണ് ഇഡിയുടെ നിലപാട്. ഗൂഢാലോചനയുടെ ഭാഗമായി മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണു സ്വപ്നയെ കൊണ്ട് ഇഡിക്കെതിരെ പറയിപ്പിച്ചതെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാണ്. രാഷ്ട്രീയമായി ഇഡിയെ കടന്നാക്രമിക്കാൻ സിപിഎം ഉപയോഗിച്ചത് അന്ന് പുറത്തു വന്ന ഓഡിയോ ആയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാൻ സാവകാശം നൽകാതെ മൊഴി പ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്‌ന ആരോപിച്ചിരുന്നു. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാൻഷ്യൽ നെഗോസ്യേഷൻ' നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് സ്വപ്‌ന പറയുന്നത്. ആ ഓഡിയോ സന്ദേശം തന്നെക്കൊണ്ടു വ്യാജമായി പറയിപ്പിച്ചതാണെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തൽ.
ഇഡി മുൻപാകെ സ്വപ്ന നേരത്തെ നൽകിയ മൊഴികളുമായി ഒത്തുപോകുന്ന വെളിപ്പെടുത്തലുകളാണു മാധ്യമങ്ങളിലൂടെ സ്വപ്ന നടത്തിയത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി, തെളിവുകൾ നശിപ്പിച്ചു, പ്രതികളെ ഒളിവിൽപോകാൻ സഹായിച്ചു തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എം.ശിവശങ്കറിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണു സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ. ഇത് പ്രത്യേക കേസാക്കി സിബിഐയെ കൊണ്ട് രജിസ്റ്റർ ചെയ്യിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം. ഇതെല്ലാം ഇഡി പരിശോധിക്കുന്നുണ്ട്.
ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാൻഷ്യൽ നെഗോസ്യേഷൻ' നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്ന സ്വപ്‌നയുടെ വ്യാജ വെളിപ്പെടുത്തലിൽ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര ഏജൻസിയായ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളെക്കുറിച്ച് ഇത്രയും വിവരങ്ങൾ പുറത്തുവരുമ്പോൾ അതിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള അധികാരം കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ പൊലീസിനാണ്.
എന്നാൽ വെളിപ്പെടുത്തലുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാൻ ഇഡി നിയമോപദേശം തേടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ