- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ഇന്റലിജൻസ്; പിസി ജോർജ്ജും സരിതയും തമ്മിലെ സംസാരം കച്ചിതുരുമ്പാകുമെന്ന പ്രതീക്ഷയിൽ സർക്കാർ; എൻഐഎ പിണറായിയുടെ ടീമോ? സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്നതും പരിഗണനയിൽ; വിശദ നിയമോപദേശം തേടാൻ സർക്കാരും; സ്വർണ്ണ കടത്തിൽ കറൻസിയും ബിരിയാണിക്കലവും എത്തുമ്പോൾ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതി മുമ്പാകെ നൽകിയ രഹസ്യമൊഴിയുടെ ഉള്ളടക്കത്തിന്റെ യാഥാർഥ്യം അന്വേഷിക്കാൻ സിബിഐ എത്തിയേക്കുമെന്ന ചർച്ചകൾക്കിടെ കേരളാ പൊലീസും അന്വേഷണം തുടങ്ങി. രഹസ്യാന്വേഷണ വിഭാഗമാണ് വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ശ്രമിക്കുന്നത്.
അന്വേഷണത്തിൽ സിബിഐ. വരണമെങ്കിൽ ഒന്നുകിൽ കോടതി ഇടപെടണം. അല്ലെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന ഒരു കേസിൽ സിബിഐ. അന്വേഷണം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നു നിയമവിദഗ്ദ്ധർ ഉറപ്പിക്കുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്കു മുഖ്യമന്ത്രി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, നളിനി നെറ്റോ എന്നിവരുടെ മൊഴി രേഖപ്പെടുത്താം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കരുതലോടെ ഇടപെടും. മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണങ്ങളിൽ നടപടികളുമായി മുമ്പോട്ട് പോകും. ഇതിന് നിയമോപദേശവും തേടിയിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അന്വേഷിക്കുന്ന കേസിൽ മറ്റൊരു ഏജൻസിക്കു പെട്ടെന്നു കടന്നുവരാനാവില്ലെന്ന് ഒരുവിഭാഗം നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുമ്പോൾ ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കറൻസി വിദേശത്തേക്കു കൊണ്ടുപോയത് രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാണെന്നും ബിരിയാണിക്കലത്തിലുണ്ടായിരുന്നത് സ്വർണമാണെങ്കിൽ പ്രശ്നം അതീവ ഗുരുതരമാണെന്നും മറുവിഭാഗം പറയുന്നവെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കറൻസി വിദേശത്തേക്കു കൊണ്ടുപോകുന്നതു നിയമവിരുദ്ധമല്ലെന്നും ഒരു നിശ്ചിത പരിധിവരെ കറൻസി കൊണ്ടുപോകാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വപ്നയുടെ ആക്ഷേപത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടാൻ സർക്കാർതന്നെ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഏതുതരം അന്വേഷണത്തേയും നേരിടാൻ തയാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം. നേതൃത്വത്തെ അറിയിച്ചതായാണു വിവരം. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും സിപിഎം. നേതൃത്വം ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പം കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ആരോപണം ഉന്നയിക്കുന്നത് ഗൗരവത്തോടെയാണ് സർക്കാരും പാർട്ടിയും കാണുന്നത്. ഇതിനെതിരേ നിയമനടപടി സാധ്യമാണോയെന്നു പാർട്ടി പരിശോധിക്കുന്നുണ്ടെന്ന് മംഗളത്തിൽ എസ് നാരായണൻ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം മുഖ്യമന്ത്രിയെ പിന്തുടർന്ന് ആക്രമിക്കുക എന്ന പ്രതിപക്ഷ ദൗത്യം സ്വപ്ന വീണ്ടും ഏറ്റെടുത്തുവെന്നാണ് സിപിഎം. നേതാക്കൾ പറയുന്നത്. സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട് നിർണ്ണായകമാകും. സ്വപ്‌ന ഈ ഘട്ടത്തിൽ വെളിപ്പെടുത്തൽ നടത്തിയതിന്റെ പ്രേരണയാകും ഇന്റലിജൻസ് കണ്ടെത്താൻ ശ്രമിക്കുക. പിസി ജോർജ്ജും സരിതാ നായരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് പിന്നിലെ വസ്തുതകളും പരിശോധിക്കും. ഇതെല്ലാം രാഷ്ട്രീയ ഇടപെടലിന് തെളിവായി വ്യാഖ്യാനിക്കും. സ്വപ്‌നയുടെ മൊഴി എങ്ങനെ നേരത്തെ പിസി അറിഞ്ഞുവെന്നാണ് ഉയരുന്ന ചോദ്യം.
സ്വപ്ന സുരേഷ് തന്നെ കാണാൻ വന്നെന്നും, പലതും തുറന്നു പറയാൻ അവർക്ക് പേടിയുണ്ടെന്നും പി സി ജോർജ് പറയുന്നു. സരിത എസ് നായരുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പി സി ജോർജ് പറയുന്നത്. പി സി ജോർജിനെ തിരുവനന്തപുരത്ത് സന്ദർശിക്കാനായി സമയം ചോദിച്ച് സരിത വിളിച്ചപ്പോഴാണ് സ്വപ്നയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത്. എൻഐഎ പിണറായിയുടെ ടീമാണെന്നും പി സി ജോർജ് പറയുന്നുണ്ട്. സ്വപ്നയെ അറിയാമോയെന്ന് ചോദിച്ചാണ് പി സി ജോർജ് ഇക്കാര്യം എടുത്തിട്ടത്. സ്വപ്നയുടെ അമ്മയുടെ വീടും തന്റെ അമ്മയുടെ വീടും അടുത്താണെന്നും സരിത പറയുന്നുണ്ട്. ഫോൺ സംഭാഷണം ലീക്കാകുമെന്നും കൂടുതൽ നേരിൽ കാണുമ്പോൾ പറയാമെന്നും പറഞ്ഞ് പി സി ജോർജ് ഫോൺ കട്ടാക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുന്മന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു.
സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയിൽ സ്വപ്ന സുരേഷ് ഹർജി നൽകിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്. മജിസ്‌ട്രേട്ട് മുൻപാകെ ഇന്നലെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഇന്നും രേഖപ്പെടുത്താൻ എത്തിയത്. മൊഴി നൽകിയ ശേഷം കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു. കോഫെപോസ കരുതൽ തടങ്കൽ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം കേസിലെ കൂട്ടുപ്രതിയായ എം.ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് രൂക്ഷമായ വിമർശനം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ