- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയെ പിസി വിളിച്ചത് 19 തവണ; 14 തവണ പിസിയും അഞ്ചു തവണ തിരിച്ചും വിളിച്ചു; ക്രൈം നന്ദകുമാറിനെതിരേയും ദേശാഭിമാനി; സ്വപ്‌നയുടെ സ്വർണ്ണ കടത്തിനെ നേരിടാൻ ആയുധം സോളാറിലെ സരിത! ജയിലിൽ വച്ചു പോലും സരിതയോട് ഹലോ പറഞ്ഞിട്ടില്ലെന്ന് സ്വപ്നയും; ആരു ജയിക്കും ഈ യുദ്ധം? കമലയേയും വീണയേയും ചോദ്യം ചെയ്യാൻ സിബിഐ എത്തുമോ?
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ദേശാഭിമാനി. പി സി ജോർജിന്റെ നേതൃത്വത്തിൽ ബിജെപിയിലെയും കോൺഗ്രസിലെയും ചില നേതാക്കളും ഇതിൽ ഉൾപെട്ടതായി സൂചനയുണ്ടെന്ന് ദേശാഭിമാനി പറയുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ കൂടുതൽ രാഷ്ട്രീയബന്ധമുണ്ടെന്നും വരും ദിവസം കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പിന്നീട് സരിത നായർ മാധ്യമങ്ങളോട് പറഞ്ഞെന്നും ദേശാഭിമാനി വാർത്ത നൽകുന്നു.
സ്വപ്‌നയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് സംസ്ഥാന ഇന്റലിജൻസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പം സരിതാ നായരെ രംഗത്തിറക്കി ആരോപണം പൊളിക്കനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് പിസി ജോർജിന്റെ ഓഡിയോ പുറത്തു വന്നത്. ഗൂഢാലോചനയ്ക്കായി പി സി ജോർജ് 19 തവണ സ്വപ്നയോട് സംസാരിച്ചതിന്റെ ഫോൺരേഖ പുറത്തായി. 14 തവണ ജോർജും അഞ്ച് തവണ തിരിച്ചും വിളിച്ചിട്ടുണ്ട്. ക്രൈം നന്ദകുമാറും സ്വപ്നയുമായി ഫോണിൽ സംസാരിച്ചതിന്റെയും തെളിവു പുറത്തുവന്നു. അതിനിടെ കേസ് അന്വേഷണം സിബിഐയെ കേന്ദ്രം ഏൽപ്പിക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ പിണറായിയുടെ ഭാര്യ കമലയേയും മകൾ വീണയേയും സിബിഐ ചോദ്യം ചെയ്‌തേയ്ക്കും.
വിദ്വേഷ പ്രസംഗത്തിന് പി സി ജോർജ് ജയിലിലായതിനും ബിജെപി നേതാവ് കെ സുരേന്ദ്രൻ ജാമ്യമില്ലാ കേസിലായതിനും പിന്നാലെയാണ് സ്വപ്ന പുതിയ ആരോപണ നാടകവുമായെത്തിയത്. ഇത് ഗൂഢാലോചന തെളിയിക്കുന്നു. അതിനിടെ സ്വപ്ന തന്നെ വന്നുകണ്ടതായി സരിത എസ് നായരോട് പറയുന്ന പി സി ജോർജിന്റെ ഫോൺ സംഭാഷണവും ന്യൂസ് 18 ചാനൽ പുറത്തുവിട്ടു. സ്വപ്നയും സരിത്തും ഒരുമിച്ചാണ് വന്നതെന്ന് ജോർജ് പറയുന്നു.
സ്വപ്നയ്ക്ക് പലതും പറയാനുണ്ടെന്ന് പി സി ജോർജ് സരിതയോടുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്. എൻഐഎ പിണറായിയുടെ ടീമാണെന്നും ജോർജ് പറയുന്നു. സരിതയുമായി സംസാരിച്ചെന്ന് സമ്മതിച്ച ജോർജ്, സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസിൽ തന്നെ വന്നു കണ്ടിരുന്നതായും ന്യൂസ് ചാനലിനോട് പറഞ്ഞു. ഏപ്രിലിലാണ് സംസാരിച്ചത്. പറഞ്ഞതെല്ലാം വെള്ളക്കടലാസിൽ എഴുതി തന്നെന്നും ജോർജ് പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിൽ കൂടുതൽ രാഷ്ട്രീയബന്ധമുണ്ടെന്നും വരും ദിവസം കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പിന്നീട് സരിത മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ താൻ എന്തെങ്കിലും എഴുതി കൊടുത്തിട്ടുണ്ടെങ്കിൽ പി.സി ജോർജ് പുറത്തുവിടട്ടെ എന്ന് സ്വർണക്കടക്ക് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതികരിച്ചു. തന്റെ അഭിമുഖത്തിന് ശേഷം പി.സി ജോർജ് അടക്കം നിരവധി പേർ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങൾ സരിത നായർ അടക്കമുള്ളവർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച് ജയിലിൽ ഉണ്ടായിരുന്നു. അവരോട് ഹലോ എന്ന് പോലും പറഞ്ഞിട്ടില്ല. അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന വ്യക്തമാക്കി.
ഏതെങ്കിലും കുടുംബത്തെ കുറിച്ചല്ല പിണറായി വിജയൻ, കമല, വീണ, എം. ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ തുടങ്ങിയ കുറേ വ്യക്തികളെ കുറിച്ചാണ് താൻ പറയുന്നത്. തന്റെ കേസിനെ കുറിച്ചും കേസിൽ ഉൾപ്പെട്ട വ്യക്തികളെയും അവരുടെ പങ്കിനെയും കുറിച്ചുമാണ് പറയുന്നത്. തന്റെ പ്രതികരണങ്ങൾ ആരുടെയെങ്കിലും കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തനിക്കറിയേണ്ട കാര്യമില്ല. ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് എന്റെ വിഷയമല്ല. തനിക്ക് യാതൊരു വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ അജണ്ടകളില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് സ്വപ്ന സുരേഷ് പറയുന്നു. ആരാണ് മുഖ്യമന്ത്രി എന്നത് തന്റെ വിഷയമല്ല. താൻ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. താൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വൈര്യമായി, സ്വസ്ഥമായി ജീവിക്കുകയാണ് - സ്വപ്ന സുരേഷ് പറയുന്നു.
''ഈ കേസുമായി ബന്ധപ്പെട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുമായി ബന്ധപ്പെട്ട സ്ത്രീകളോ, മറ്റ് വ്യക്തികളുടെ ഭാര്യയോ അമ്മയോ സുഖമായി ജീവിക്കുന്നു. മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വസ്ഥമായി വളരെ ആഡംബരത്തോടെ ജീവിക്കുന്നു. ഞാനിപ്പോഴും കേസുമായി ബുദ്ധിമുട്ടി ജീവിക്കുന്നു'', എന്ന് സ്വപ്ന സുരേഷ് പറയുന്നു.
പി സി ജോർജ് സ്വപ്നയെ പല തവണ വിളിച്ചുവെന്ന തരത്തിൽ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വപ്ന സുരേഷ് പൂർണമായി തള്ളിക്കളയുന്നു. തനിക്ക് സരിതയെ അറിയില്ല. പി സി ജോർജ് തന്നെ വിളിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാൽ താൻ പ്രതികരിച്ചിട്ടില്ല. താൻ കോടതിയിൽ രഹസ്യമൊഴി നൽകിയതാണ്. അതിൽക്കൂടുതൽ പറയാൻ തനിക്ക് കഴിയില്ല. താൻ പാവയായിരുന്നു. പലരും പല ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. എന്റെ കഞ്ഞിയിൽ പാറ്റയിടരുത് - സ്വപ്ന സുരേഷ് പറയുന്നു.
സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ