കൊച്ചി: സ്വർണക്കടത്തുകേസിലെ വിവാദ ആരോപണങ്ങളിൽ സ്വപ്‌നാ സുരേഷിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ സാധ്യത തേടി പ്രത്യകേ അന്വേഷണ സംഘം. ഇതിന് വേണ്ടിയാണ് കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തതെന്നതാണ് സൂചന. ഇതിൽ കോടതി നിലപാട് നിർണ്ണായകമാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തനിക്കെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ കൂട്ടിച്ചേർത്തെന്നു ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സ്വപ്നയെ തളയ്ക്കാൻ സർക്കാർ ഏതറ്റം വരേയും പോകുന്നതിന് തെളിവാണ് സ്വപ്‌നയുടെ ജാമ്യ ഹർജി.

ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കി നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. വ്യാജ മൊഴി നൽകാൻ ഗൂഢാലോചന, കലാപ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്താനായി വ്യാജരേഖ ചമയ്ക്കൽ, ക്രമ സമാധാനം തകർക്കാനോ സർക്കാരിനെതിരെ കുറ്റം ചെയ്യാനോ ജനങ്ങളെ പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കൂടി ചുമത്തിയെന്നു സ്വപ്ന അറിയിച്ചു.

ഏന്തു വ്യാജ രേഖയാണ് ചമച്ചതെന്നതാണ് ഉയരുന്ന ചോദ്യം. കോടതിയിൽ നൽകിയ രഹസ്യമൊഴിയും അതിന് ശേഷമുള്ള പ്രതികരണവുമാണ് കേസിന് ആധാരം. അതിനിടെ ജീവനു ഭീഷണിയുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 29ലേക്കു പരിഗണിക്കാൻ മാറ്റി. ഈ ഹർജിക്കൊപ്പം സമർപ്പിച്ച അപേക്ഷ അനുവദിച്ചാണു സ്വപ്നയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയതും അതു വിവാദമായതും.

മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയെന്ന കേസിൽ സ്വപ്നയ്ക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ ആർ.കൃഷ്ണരാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും പ്രിൻസിപ്പൽ സെഷൻസ് കോടതി 29 നു പരിഗണിക്കും. സ്വപ്‌നയ്ക്ക് വേണ്ടി ഹാജരാകുന്നതിനാലാണ് തനിക്കെതിരെ കേസ് വന്നതെന്ന് കൃഷ്ണരാജ് പറയുന്നു. ഏതായാലും സ്വപ്‌നയും കൃഷ്ണ രാജും നൽകിയ ഹർജികളിലെ കോടതി നിലപാട് നിർണ്ണായകമാകും. കേസ് റദ്ദാക്കാനും ഹൈക്കോടതിയിൽ സ്വപ്‌ന അപേക്ഷ നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ രഹസ്യമൊഴിക്കും മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന പരാമർശങ്ങൾക്കും പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ സ്വപ്ന ഇന്നലെ പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായില്ല. ഇന്നലെ ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നതിനാൽ പൊലീസ് മുൻപാകെ ഹാജരാകാൻ മറ്റൊരവസരം തേടിയിട്ടുണ്ട്. ഇതിനിടെയാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയെന്ന സൂചന ലഭിക്കുന്നത്.

സ്വപ്‌നയുടെ രഹസ്യമൊഴി ഇഡി വിശദമായി പരിശോധിക്കുന്നുണ്ട്. പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാനാണ് ചോദ്യം ചെയ്യൽ. ഈ സാഹചര്യത്തിൽ കേരളാ പൊലീസിന്റെ നീക്കങ്ങളും നിർണ്ണായകമാണ്. സ്വപ്‌നയുടെ മൊഴിയിൽ ഇഡി എന്തു ചെയ്യുമെന്നത് ഇനിയും വ്യക്തതയില്ല. തെളിവ് കിട്ടിയാൽ മാത്രമേ മുഖ്യമന്ത്രിയെ അടക്കം ചോദ്യം ചെയ്യൂവെന്ന നിലപാടിലാണ് ഇഡി.