- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിആർപിസി 164 വഴി മജിസ്ട്രേട്ടിന് നൽകുന്ന രഹസ്യമൊഴിക്കുള്ളത് അന്വേഷണത്തിൽ സുപ്രധാന സ്ഥാനം; കുറ്റാരോപിതരിലേക്ക് അന്വേഷണം തീരും വരെ മൊഴി എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നത് വെളിപ്പെടുത്തൽ നടത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കാൻ; സ്വപ്നയുടെ മൊഴി സരിതയ്ക്ക് കിട്ടുമോ? അമിക്കസ് ക്യൂറി നിയമനത്തിൽ എങ്ങും ആകാംഷ
കൊച്ചി: സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി അനുകൂല തീരുമാനം എടുത്താൽ നഷ്ടമാകുക രഹസ്യമൊഴിക്കുള്ള നിയമ സംരക്ഷണം. കേസ് ജൂലായ് 11-ന് പരിഗണിക്കാൻ മാറ്റി. സി.ആർ.പി.സി. 164 പ്രകാരം നൽകുന്ന മൊഴി പൊതുരേഖയാണോ എന്ന നിയമ പ്രശ്‌നം പരിശോധിക്കുന്നതിന് കോടതിയെ സഹായിക്കാനായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
രഹസ്യമൊഴിയിൽ തന്നെക്കുറിച്ച് പരാമർശം ഉള്ളതിനാൽ പകർപ്പ് വേണമെന്നാണ് സരിതയുടെ ആവശ്യം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സാധാരണ ഗതിയിൽ ഈ ഹർജി തള്ളുകയാണ് വേണ്ടത്. രഹസ്യമൊഴിയിൽ അന്വേഷണം നടത്തുക ഏജൻസികളാണ്. അന്വേഷണം പൂർത്തിയാകും വരെ അത് രഹസ്യ രേഖയാണ്. അതുകൊണ്ടാണ് കസ്റ്റംസിന് നൽകിയ സ്വപ്‌നയുടെ രഹസ്യമൊഴി ഇഡിക്ക് പോലും കിട്ടാത്തത്. ഇത്തരത്തിലൊരു സാഹചര്യത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത് എന്തിനാണെന്ന ചോദ്യം നിയമ വൃത്തങ്ങളിൽ പോലും കൗതുകമായി മാറിയിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ പോലും പരസ്പരം കൈമാറാത്ത മൊഴിയാണ് സി.ആർ.പി.സി. 164 പ്രകാരം നൽകുന്ന രഹസ്യ മൊഴി. ഹൈക്കോടതി സരിതയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചാൽ വിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തുമെന്ന് ഉറപ്പാണ്. വലിയ നിയമ പ്രശ്‌നങ്ങളിലേക്ക് തന്നെ സരിതയുടെ നിയമ ഇടപെടൽ വഴിവയ്ക്കുമെന്നാണ് സൂചന. ഈ കേസിൽ അമിക്കസ് ക്യൂറി എടുക്കുന്ന നിലപാടും നിർണ്ണായകമാകും. രഹസ്യമൊഴി അത് ബാധിക്കുന്നവർക്ക് നൽകാമെന്ന് ഉത്തരവ് വന്നാൽ പല സാക്ഷികളുടേയും സുരക്ഷിതത്വവും സംരക്ഷണവും പോലും അവതാളത്തിലാകും. ആരും ഒന്നും അറിയില്ലെന്ന പ്രതീക്ഷയിലാണ് പല കേസിലും സാക്ഷികൾ സിആർപിസി 164 പ്രകാരം മൊഴി നൽകുന്നത്.
അതിനിടെ നയതന്ത്ര ചാനലിന്റെ മറവിൽ നടന്ന സ്വർണക്കടത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് പൊലീസ് തനിക്കെതിരേ എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ജൂലായ് എട്ടിന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നതെങ്കിൽ ഇപ്പോൾ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിരിക്കുകയാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ അറിയിച്ചു.
പുതിയ വകുപ്പുകൾ ചേർക്കുന്നതിൽനിന്ന് അന്വേഷണ സംഘത്തെ തടയാനാകില്ലല്ലോ എന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം. അന്വേഷണത്തിൽ അല്ലേ പുതിയ കാര്യങ്ങൾ അറിയാൻ കഴിയുക. അതെല്ലാം അറിയിക്കേണ്ടതില്ലല്ലോ എന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വാക്കാൽ ചോദിച്ചു. ചില രേഖകൾ ബെഞ്ചിൽ എത്താത്തത് കണക്കിലെടുത്താണ് ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്.
സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയിൽ രഹസ്യമൊഴി നൽകിയതിനു ശേഷം മാധ്യമങ്ങളോടാണ് സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി കെ.ടി. ജലീൽ തുടങ്ങിയവർക്കും പങ്കുണ്ടെന്ന് സ്വപ്ന പ്രതികരിച്ചത്. തുടർന്ന് കെ.ടി. ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഗൂഢാലോചന കുറ്റം അടക്കം ചുമത്തി കേസെടുത്തത്.
ഇതിനു പിന്നാലെ വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തു. പാലക്കാട് കസബ പൊലീസും സമാനമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സ്വപ്നയുടെ മുൻകൂർ ജാമ്യ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ