കൊച്ചി: സർക്കാറിനും പൊലീസിനിമെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്. തനിക്കെതിരെ പ്രതികാര നടപടി തുടരുകയാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. ഗൂഢാലോചന കേസിൽ തനിക്കെതിരെ മൊഴി നൽകാത്തതിനാൽ മുൻ ഡ്രൈവറെ കള്ളക്കേസിൽ കുടുക്കിയെന്നും അവർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസിൽ ആറാം പ്രതിയാക്കിയത് തനിക്കെതിരെ മൊഴി നൽകാത്തതിനാണെന്ന് സ്വപ്ന ആരോപിച്ചു. പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്‌ട്രേറ്റിന് മുന്നിൽ പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും, തന്നെ സഹായിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണ് പൊലീസ് എന്നും സ്വപ്ന കൊച്ചിയിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു. നേരത്തെ സ്വപ്‌നക്കെതിരെ ഗൂഢാലോചനാ കേസിൽ തെളിവുണ്ടെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. സ്വപ്‌നയുമായി അടുത്തു നിൽക്കുന്നവരിൽ നിന്നും രഹസ്യമൊഴി രേഖപ്പെടുത്തി സ്വപ്നയെ വലയിലാക്കാനാണ് സർക്കാറിന്റെ നീക്കം.

ഗൂഢാലോചന നടത്തിയതു സ്ഥിരീകരിക്കുന്ന തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് സ്വപ്ന നടത്തിയതെന്നും സർക്കാർ ഹൈക്കോടതിയെ മൂന്ന് ദിവസം മുമ്പ് കേസ് പരിഗണിക്കവേ അറിയിച്ചിരുന്നു ഇതു വെറും അപകീർത്തി കേസല്ല, പകരം ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. ക്രിമിനൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നുറപ്പുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജികൾ പരിഗണിക്കുമ്പോഴാണ് സർക്കാർ കേസ് സംബന്ധിച്ച നിലപാടു വ്യക്തമാക്കിയത്. അതേസമയം ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്.

മുന്മന്ത്രി കെ.ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്. ഇത് മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്. ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് സിബിഐ മുമ്പാകെ മൊഴി നൽകിയിരുന്നു.