പാലക്കാട്: കേരളത്തിലെ ഏറ്റവും ശക്തനായ വ്യക്തിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് ശേഷം സ്വപ്‌ന സുരേഷ് സ്വയം സുരക്ഷ തേടുകയാണ് ഉണ്ടായത്. പൊലീസ് സുരക്ഷ തേടിയാൽ തന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കപ്പെടും എന്നു കണ്ടാണ് സ്വപ്‌ന സ്വന്തം സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.

ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത് വിവാദമായതോെട സുരക്ഷവേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നു. സ്വപ്നയുടെ ആവശ്യപ്രകാരം സ്വകാര്യസുരക്ഷാ ഏജൻസിയിൽനിന്നുള്ള ആന്ധ്രാസ്വദേശികളായ യുവാക്കളാണ് സുരക്ഷാചുമതലയിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥരും ഉന്നതരും അടക്കമുള്ളവരാണ് സ്വപ്‌നയുടെ മറുവശത്തുള്ളത്. അതുകൊണ്ട് തന്നെയാണ് സുരക്ഷയ്ക്കായി സ്വകാര്യ വ്യക്തികലെ നിയോഗിച്ചത്. ഇന്നലെ പുറത്തിറങ്ങിയപ്പോൾ മുതൽ ഇവർ സ്വപ്‌നയുടെ ഇരുവശത്തുമായി ഉണ്ടായിരുന്നു.

കറുത്ത വസ്ത്രം ധരിച്ചു കരിമ്പൂച്ചകളായാണ് ഇവർ സ്വപ്‌നക്കൊപ്പം എത്തിയത്. ഞായറാഴ്ച രാവിലെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ സുരക്ഷാജീവനക്കാരുടെ അകമ്പടിയിലാണ് സ്വപ്ന ഒപ്പിടാനെത്തിയത്. സ്വർണക്കടത്തുകേസ് ജാമ്യവ്യവസ്ഥകളുടെ ഭാഗമായാണ് സ്വപ്ന സ്റ്റേഷനിലെത്തിയത്.

ശനിയാഴ്ച വൈകീട്ട് പത്രസമ്മേളനത്തിനിടെ അപസ്മാരലക്ഷണങ്ങളോടെ സ്വപ്ന കുഴഞ്ഞുവീണിരുന്നു. ഇതിനുശേഷം ഫ്‌ളാറ്റിൽ വിശ്രമത്തിലായിരുന്ന ഇവർ ഞായറാഴ്ച രാവിലെ നടക്കാൻ ബുദ്ധിമുട്ടിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷൻ ഓഫീസറുടെ മുറിയിലെ രജിസ്റ്ററിൽ ഒപ്പിട്ട് പുറത്തിറങ്ങി കാറിൽ കയറിയശേഷമാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തയ്യാറായത്.

അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടാനായി എറണാകുളത്തേക്ക് പോകുകയാണെന്ന് സ്വപ്ന പറഞ്ഞു. പുറത്തുനടക്കുന്ന പ്രതിഷേധങ്ങൾ തന്റെ വിഷയമല്ലെന്നും ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിൽനിന്ന് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

മുന്മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. സ്വർണക്കടത്തുകേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയകേസ് എന്നനിലപാടിലാണ് സ്വപ്‌ന.

തന്റെയും കുട്ടിയുടെയും സുരക്ഷക്കുവേണ്ടി രണ്ടുപേരെ നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് സുരക്ഷക്കുവേണ്ടി കേരള പൊലീസ് തന്നെ പിൻതുടരേണ്ട ആവശ്യമില്ല. അവരെ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും സ്വപ്‌ന ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിൽ ജലീലിനെക്കുറിച്ച് പറഞ്ഞത് പൊതുജനങ്ങൾക്ക് മുന്നിൽ രണ്ടുദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നാണ് സ്വപ്‌നയുടെ നിലപാട് ഷാജ് കിരൺ എന്ന വ്യക്തിയെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി തന്റെ അടുത്തേക്കയച്ച് ഒത്തുതീർപ്പിന് ശ്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. അതിനു പിന്നിൽ ആരാണെന്നത് വ്യക്തമാണ്. ഗൂഢാലോചന നടത്തിയെന്ന് തനിക്കെതിരെ കെ.ടി. ജലീൽ പരാതി നൽകിയിരിക്കുന്നു.

എന്നാൽ, യഥാർഥ ഗൂഢാലോചനക്കാർ അവരാണ്. രഹസ്യമൊഴിയിൽ ജലീലിനെക്കുറിച്ച് താൻ പറഞ്ഞത് എന്തൊക്കെയാണോ അതൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തും. എന്തൊക്കെ കുറ്റങ്ങളാണ് ജലീൽ ചെയ്തതെന്ന് വ്യക്തമായി പറയും. രഹസ്യമൊഴി പുറത്തുവരുമ്പോൾ മാത്രം ജനങ്ങൾ അറിഞ്ഞാൽ മതിയെന്നാണ് താൻ വിചാരിച്ചിരുന്നത്. പക്ഷേ, ജലീൽ മുൻകൈയെടുത്ത് തനിക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുകയാണ്.

വെളിപ്പെടുത്തലുകൾക്കുശേഷം ജലീൽ എന്തൊക്കെ കേസുകൊടുക്കുമെന്ന് കാണാമെന്നും സ്വപ്ന വെല്ലുവിളിച്ചു. താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഒന്നും തെറ്റിയിട്ടില്ല. ഷാജ് കിരൺ പറഞ്ഞത് കൃത്യമായി നടപ്പാകുകയാണ്. ആദ്യം സരിത്തിനെതിരെയും ശേഷം തന്റെ അഭിഭാഷകനെതിരെയും നടപടിയുണ്ടായി. എ.ഡി.ജി.പി അജിത് കുമാറിനെ ഷാജ് കിരൺ 36 തവണ വിളിച്ചെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. എന്തുകൊണ്ട് എ.ഡി.ജി.പിക്കെതിരെ സർക്കാർ നടപടിയെടുത്തുവെന്ന് ആലോചിക്കണമെന്നും സ്വപ്ന പറഞ്ഞു.