തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വപ്‌നക്കെതിരെ ഗൂഢാലോചന കേസെടുത്തിരിക്കയാണ്. ഇതിനിടെ അറസ്റ്റിൽ നിന്നും രക്ഷപെടാൻ വേണ്ടി മുൻകൂർ ജാമ്യാപേക്ഷയുമായി സ്വപ്‌ന രംഗത്തെത്തിത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ തന്നെ സമീപിച്ചു എന്നാണ് സ്വപ്‌ന വെളിപ്പെടുത്തുന്നത്.

മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാൻ ഷാജി കിരൺ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വീഡിയോ ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പു നൽകി. പത്ത് വയസുകാരൻ മകൻ ഒറ്റയ്ക്കാകുമെന്നും ഭീഷണി മുഴക്കിയെന്ന് സ്വപ്ന ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. യുപി രജിസ്‌ട്രേഷൻ കാറിൽ എത്തിയത് കെ പി യോഹന്നാന്റെ ആളാണെന്ന് പരിചയപ്പടെുത്തിയെന്നും സ്വപ്‌ന ഹർജിയിൽ വ്യക്തമാക്കുന്നു.

ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയാണ് ഷാജി പാലക്കാട്ടെ ഓഫീസിൽ എത്തിയതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തുന്നത്. ശിവശങ്കർ മുഖേന പിണറായിയുടെ അടുപ്പാക്കരനെന്ന് അറിയാവുന്ന ആളാണ് ഷാജി കിരണെന്നും സ്വപ്‌ന ഹർജിയിൽ പറയുന്നു. ഗോസ്പൽ ഫോർ ഏഷ്യയുടെ ഡയറക്ടർമാരിൽ ഒരാളാണ് ഇദ്ദേഹമെന്നും കോടിയേരിയും പിണറായി വിജയനുമായി അടുത്ത ബന്ധവും ഇയാൾക്കുണ്ട്.

മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ദ്വീർഘകാലം അഴിക്കുള്ളിൽ കിടക്കേണ്ടി വരുമെന്നും ഭീഷണിയുടെ ശബ്ദരേഖയും തന്റെ പക്കലുണ്ടെന്നാണ് സ്വപ്‌ന പറയുന്നത്. ജയിലിൽ കിടക്കുന്ന വേളയിൽ ഉദ്യോഗസ്ഥ തലത്തിൽ തന്നെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടായിരുന്നായും സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. സ്വപ്‌നക്കൊപ്പം സരിത്തും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇന്നലെ സരിത്തിന്റെ മൊബൈൽ ഫോൺ വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കാനാണ് നീക്കം.

പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും. ഈ ഫോണിൽ നിന്നും സരിത്ത് ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് കണ്ടെത്താനാണ് വിജിലൻസ് സംഘത്തിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് അവരുടെ സഹായിയും സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതിയുമായ സരിത്തിനെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കേസിലായിരുന്നു അസാധാരണ നടപടിയിലൂടെയുള്ള കസ്റ്റഡി.

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിജിലൻസ് സംഘം അറിയിച്ചതെങ്കിലും സ്വപ്ന ആര് പറഞ്ഞിട്ടാണ് വെളിപ്പെടുത്തലുകൾ നടത്തുന്നതെന്നാണ് തന്നോട് ചോദിച്ചതെന്നാണ് സരിത്ത് വ്യക്തമാക്കിയത്. ലൈഫ് മിഷൻ കേസിലെന്ന പേരിലാണ് വിജിലൻസ് കൂട്ടിക്കൊണ്ട് പോയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും ചോദിച്ചിട്ടില്ലെന്നും സരിത്ത് വിശദീകരിച്ചിരുന്നു. അതായത് സ്വപ്നയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനാണ് സരിത്തിന്റെ വിജിലൻസ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയിൽ സ്വപ്ന സുരേഷിനും പിസി ജോർജ്ജിനുമെതിരെ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സ്വപ്ന ആരോപണം ഉന്നയിച്ച മുന്മന്ത്രി കെടി ജലീലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് സ്വപ്‌നയും സരി്തും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി രംഗത്തുവന്നത്. കോടതിയുടെ അടിയന്ത ഇടപെടൽ ഉണ്ടാകണമെന്നും ഇന്ന് തന്നെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടു.