കൊച്ചി : നയതന്ത്ര സ്വർണക്കടത്തിലെ കള്ളപ്പണയിടപാടു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) മാപ്പുസാക്ഷിയാക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനു ഡൽഹിയിലെ ഇ.ഡി. ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചു. മാപ്പുസാക്ഷിയാകാൻ സ്വപ്ന സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സ്വപ്‌നയുടെ രഹസ്യമൊഴി ഇഡി കോടതിയിൽ നിന്ന് ഉടൻ വാങ്ങും. അതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും.

സ്വർണക്കടത്ത് കേസിൽ ഇ.ഡിയെ വിരട്ടാൻ സ്വപ്നയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിലും കേന്ദ്ര ഏജൻസികളുടെ ഇടപെടലുണ്ടാകും. ഭദ്രകാളിയെ പിശാച് ഭയപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇഡിക്കെതിരായ കേരളാ പൊലീസിന്റെ നീക്കങ്ങൾ എന്ന്  കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു. ഇതേ ധനമന്ത്രിയുടെ കീഴിലാണ് ഇഡിയുടെ പ്രവർത്തനം. ധനമന്ത്രാലയത്തിന്റെ അനുമതികൾ വാങ്ങിയാണ് സ്വപ്‌നാ സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കി കേരള രാഷ്ട്രീയത്തിലെ ഉന്നതരെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഇഡി നീക്കം.

സ്വർണ്ണ കടത്തിൽ ഒരു ഘട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം മരവിപ്പിച്ച അവസ്ഥയിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു അത്. ഈ കേസ് വീണ്ടും സജീവമാക്കാനാണ് ഇഡിയുടെ ശ്രമം. ഇഡിയുടെ നീക്കങ്ങൾക്ക് പിന്നാലെ സിബിഐയും കേസിൽ ഇടപെടൽ നടത്തുമെന്നാണ് സൂചന. നയതന്ത്ര പരിരക്ഷയുണ്ടെന്ന വ്യാജേന രാജ്യം വിട്ട് യുഎഇയിൽ കഴിയുന്ന വിദേശ പൗരന്മാരുടെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യതയാണ്. അതിന് കേന്ദ്ര ഏജൻസികൾക്ക് കഴിയുമോ എന്നതാണ് നിർണ്ണായകം.

കേന്ദ്രത്തിൽ നിന്നും അനുമതി ലഭിച്ചതോടെയാണു രഹസ്യമൊഴി രേഖപ്പെടുത്താൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സ്വപ്ന അപേക്ഷ നൽകിയത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു കേസിലുള്ള പങ്കുൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്. രഹസ്യമൊഴിയുടെ പകർപ്പിനായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഉടൻ അപേക്ഷ നൽകും. മൊഴി കിട്ടിയ ശേഷം ഇഡിയും സ്വപ്നയെ ചോദ്യം ചെയ്യും.

പ്രതിയെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു നിയമപരമായ അധികാരമുണ്ടെങ്കിലും ശ്രദ്ധേയമായ കേസായതിനാലാണു ഡയറക്ടറേറ്റിന്റെ അനുമതി വാങ്ങിയത്. കേസിൽ താൻ ഇര മാത്രമാണെന്നും ഉന്നതരായവരുടെ നിർദ്ദേശം അനുസരിക്കുക മാത്രമേ തനിക്കു നിവൃത്തിയുണ്ടായിരുന്നുള്ളൂ എന്നുമാണു സ്വപ്നയുടെ കുറ്റസമ്മതം. നാമമാത്ര പ്രതിഫലം മാത്രമാണു തനിക്കു ലഭിച്ചത്. കേസിൽ ഒറ്റപ്പെട്ടതോടെയാണു മാപ്പുസാക്ഷിയാകാൻ സ്വപ്ന തയാറായതെന്നാണു സൂചന. കൂട്ടുപ്രതി പി.എസ്. സരിത്തും ഇ.ഡിയുമായി സഹകരിച്ചേക്കും. അങ്ങനെ വന്നാൽ സരിത്തും മാപ്പുസാക്ഷിയാകും.

എല്ലാം വിളിച്ച് പറയാൻ ആഗ്രഹമുണ്ട്. എന്നാൽ, കോടതി അനുവാദം തന്നാൽ എല്ലാം പറയും. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കേരള രാഷ്ട്രീയത്തിൽ ഭാവിയിൽ പൊട്ടിത്തെറിയാകും. എന്നാൽ കേരള സർക്കാർ സ്വപ്‌നാ സുരേഷിന്റെ കൈയിൽ തെളിവൊന്നും ഇല്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ുകേസിന്റെ തുടക്കംമുതൽ ഇതുവരെ സ്വപ്നാ സുരേഷിന്റെ മൊഴികളിൽ നിറയെ മാറ്റങ്ങളും വൈരുധ്യങ്ങളും ഉണ്ട്.

ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നുപറഞ്ഞ സ്വപ്ന പിന്നീടത് മാറ്റി. മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്നായിരുന്നു ഒന്നരവർഷംമുമ്പ് നൽകിയ മൊഴി. മുഖ്യമന്ത്രിയുടെ കുടുംബവുമായി വ്യക്തിപരമായി അടുപ്പമില്ലെന്നും മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ചത്തെ പുതിയ വെളിപ്പെടുത്തലിൽ 'ഇവരുടെയെല്ലാം പങ്ക്' കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് സ്വപ്ന പറഞ്ഞത്. കേസിന്റെ ആദ്യഘട്ടത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും സ്വപ്നയുടെ മൊഴിമാറ്റങ്ങളിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം അനുകൂലമാകുമെന്നാണ് പിണറായി സർക്കാരിന്റെ പ്രതീക്ഷ.

എട്ടുതവണ സ്വപ്ന മൊഴി നൽകിയപ്പോഴും ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞിരുന്ന സ്വപ്ന 2020 നവംബർ 10-ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയ മൊഴിയിലാണ് ശിവശങ്കറിന് പങ്കുള്ളതായി ആദ്യം വെളിപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസുകാരെയോ വിമാനത്താവള അധികൃതരെയോ വിളിച്ചിരുന്നു എന്നായിരുന്നു മൊഴി. മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന അന്വേഷണ ഏജൻസികളുടെ ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു സ്വപ്നയുടെ മറുപടി. മുഖ്യമന്ത്രിയെ സന്ദർശിച്ചതെല്ലാം കോൺസൽ ജനറലിനൊപ്പമായിരുന്നുവെന്നും അങ്ങനെയല്ലാതെ ഒരുതവണ മാത്രമാണ് കണ്ടതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. അത് 2018-ൽ ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിന്റെ ക്രമീകരണങ്ങളുടെ ഭാഗമായിട്ടായിരുന്നു.

എപ്രകാരമായിരുന്നു സ്വർണക്കടത്ത് എന്ന ചോദ്യത്തിന് നൽകിയ മൊഴിയിൽ 2019 നവംബറിൽ ആദ്യമായി കടത്തിയത് അഞ്ച് കിലോഗ്രാം സ്വർണമാണെന്നാണ് ഉത്തരം. എത്രതവണ സ്വർണം കടത്തിയെന്നും അതിലൂടെ എത്ര കമ്മിഷൻ ലഭിച്ചു എന്ന ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ പറയുന്നത് ആദ്യം കടത്തിയത് മൂന്ന് കിലോഗ്രാം സ്വർണമെന്നുമാണ്. ഇതും വൈരുധ്യമാണ്. ഈ സാഹചര്യത്തിലാണ് സ്വപ്‌നയ്‌ക്കെതിരെ ഗൂഢാലോചന കേസ് കേരളാ പൊലീസ് എടുക്കുന്നത്.