തിരുവനന്തപുരം: സ്വപ്‌നയ്ക്ക് ജോലി നൽകിയതിന് പിന്നാലെ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് എച്ച്ആർഡിഎസ്. ജോലി ലഭിച്ചതിന് പിന്നാലെ സ്വപ്നയെ പുറത്താക്കി എന്ന വാർത്തയും സ്ഥാപനത്തിനെതിരെയുള്ള കേസും ഒക്കെയായി എച്ച്ആർഡിഎസിനെ വിവാദങ്ങൾ പിന്തുടരുകയാണ്.വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി എത്തുമ്പോഴും വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് എച്ച്ആർഡിഎസ്.എന്ത് വിവാദമുണ്ടായാലും സ്വപ്ന സുരേഷിന്റെ നിയമനം മരവിപ്പിക്കില്ലെന്ന് എച്ച്ആർഡിഎസ് അധികൃതർ വ്യക്തമാക്കുന്നു. ഡയറക്ടർ ബോർഡ് വിശദമായി ചർച്ച ചെയ്താണ് നിയമനം നടത്തിയത്.എച്ച്ആർഡിഎസിന് ബിജെപിയുമായി ബന്ധമില്ലെന്നും സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.

നിയമനത്തിൽ നിന്ന് പിന്നോട്ട് പോകാൻ എച്ച്ആർഡിഎസ് തയ്യാറല്ല. ഒരു സുഹൃത്ത് വഴിയാണ് സ്വപ്നയെക്കുറിച്ച് അറിഞ്ഞത്. അവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും സുഹൃത്ത് പറഞ്ഞത് അനുസരിച്ച് സ്വപ്നയോട് ബയോഡാറ്റ അയക്കാൻ പറഞ്ഞു. തുടർന്ന് എച്ച്.ആർ ഡിപ്പാർട്‌മെന്റ് അഭിമുഖം നടത്തിയാണ് നിയമനം നൽകിയത്. കസ് നിലനിൽക്കുന്നു എന്നതുകൊണ്ട് തന്നെ വിഷയം ചർച്ച ചെയ്തിരുന്നു. ആരോപണ വിധേയ മാത്രമാണ് അവർ. കുറ്റക്കാരിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അവരുടെ ഈ മേഖലയിലെ പ്രവർത്തിപരിചയം പരിഗണിച്ചാണ് ജോലി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ബിജെപിയുമായി ബന്ധമുണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്.ബിജെപിയിൽ പ്രവർത്തിച്ചവർ സംഘടനയിൽ ഉണ്ടാകും എന്നാൽ എച്ച്ആർഡിഎസിന് ബിജെപിയുമായി ഒരു ബന്ധവുമില്ല. എച്ച്ആർഡിഎസിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞിരുന്നു.

കേസിൽ ഉൾപ്പെട്ട ശിവശങ്കർ ഐഎഎസിന് സംസ്ഥാന സർക്കാർ ജോലിയിൽ വീണ്ടും പ്രവേശനം നൽകി. ഉന്നത വിദ്യാഭ്യാസമുള്ള ആളാണല്ലോ അദ്ദേഹം. വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറയുന്ന സ്വപ്നയ്ക്ക് എച്ച്ആർഡിഎസ് ഒരു ജോലി കൊടുക്കുമ്പോൾ മാത്രം വിവാദമാകുന്നു.ഇത്തരം ഇരട്ടത്താപ്പാണ് അവസാനിപ്പിക്കേണ്ടതെന്നും അജി കൃഷ്ണൻ പറഞ്ഞു.

അതേസമയം വിവാദത്തിന് പിന്നാലെ ശിവശങ്കറിനതിരെ സ്വപ്‌ന വീണ്ടും രംഗത്തെത്തി.തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ശിവശങ്കറാണെന്ന് അവർ കുറ്റപ്പെടുത്തി. പുസ്തകം ഇറക്കി ദ്രോഹിച്ചതിന് പിന്നാലെ തന്റെ ജോലിയും വിവാദമാക്കുകയാണ്. കൂട്ടം ചേർന്ന് ദ്രോഹിക്കുകയാണെന്നും സ്വപ്ന ആരോപിച്ചു.

ശിവശങ്കറുടെ പുസ്തകം ഇറങ്ങിയ പശ്ചാത്തലത്തിലാണ് നേരത്തെ പ്രതികരണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ജോലിക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അതിനു ശേഷം നിരവധി പേർ ജോലി വാഗ്ദാനവുമായി രംഗത്തെത്തി. അതിനിടയിലാണ് അനിൽ എന്ന തന്റെ സുഹൃത്ത് ഒരു ജോലി സംഘടിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ സ്വപ്നയ്ക്ക് ജോലി കൊടുക്കാൻ ഭയമാണെന്നായിരുന്നു പലയിടത്ത് നിന്നും കിട്ടിയ പ്രതികരണം. അങ്ങനെയിരിക്കെയാണ് എച്ച്.ആർ.ഡി.എസിൽ ഒരു അവസരം ലഭിച്ചത്. അഭിമുഖങ്ങളടക്കം പൂർത്തിയാക്കി.

താൽപര്യമുള്ള മേഖലയായതിനാൽ 43,000 ശമ്പളമെന്ന ഓഫർ താൻ സ്വീകരിച്ചു, ജോലിയിൽ പ്രവേശിച്ചു. എച്ച്ആർഡിഎസ് ഒരു രാഷ്ട്രീയ പാർട്ടി അല്ല. അതൊരു സന്നദ്ധസംഘടനയാണ്. താനവിടെ ജോലി ചെയ്യുകയാണ്. ജീവിക്കാന് ചെറിയൊരു സഹായം കിട്ടിയതാണ്. തന്നെ ദ്രോഹിക്കരുത്, എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്നും സ്വപ്ന പറഞ്ഞു.

നിയമന വിവാദത്തെ കുറിച്ച് തനിക്കറിയില്ലെന്ന് നേരത്തേയും സ്വപ്ന പ്രതികരിച്ചിരുന്നു. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും ചേർന്ന് രാഷ്ട്രീയം വലിച്ചിടുന്നത്? ജോലി നേടി വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങൾ നോക്കാൻ കഴിയൂ. നിങ്ങൾക്ക് എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ ഒന്ന് വളർത്തിക്കോട്ടെ, ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു ഇന്നലേയും സ്വപ്ന പ്രതികരിച്ചത്.