- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയ്ക്ക് ജോലി കൊടുത്ത പാലാക്കാരൻ അജി കൃഷ്ണൻ എസ് എഫ് ഐ മുൻ സംസ്ഥാന കമ്മറ്റി അംഗവും സ്റ്റുഡന്റിന്റെ ചീഫ് എഡിറ്ററുമായിരുന്നു; സംഘടനയുടെ പിണറായി ബന്ധം ചർച്ചയാക്കി ബിജെപി; സ്വപ്നയുടെ ജോലി പോകുമെന്ന് കൃഷ്ണകുമാർ; എച്ച് ആർ ഡി സിൽ ചർച്ച തുടരുമ്പോൾ
തൊടുപുഴ: സ്വപ്‌നാ സുരേഷിന് വീണ്ടും ജോലി ഇല്ലാതാകും. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ അവരുടെ നിയമനം റദ്ദാക്കാൻ തീരുമാനം. തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് എച്ച്ആർഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്. മലയാളികളടക്കമുള്ള ആർഎസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നതെന്നായിരുന്നു ആരോപണം. ഇത് ബിജെപി നിഷേധിച്ചു. പിന്നാലെയാണ് സ്വപ്‌നയുടെ ജോലി റദ്ദാക്കാൻ നടപടി തുടങ്ങിയത്.
സ്വപ്ന സുരേഷിനു ജോലി നൽകിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ ഇതിൽ പങ്കില്ലെന്നും ഡൽഹി ആസ്ഥാനമായ സർക്കാരിതര സംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യയുടെ (എച്ച്ആർഡിഎസ്) കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ പറഞ്ഞു. നിയമനം ബോർഡ് റദ്ദാക്കുകയാണെന്നും ശമ്പളം നൽകിയാൽ അതു തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധമായി ജോലി നൽകിയത് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോർഡിന്റെയോ ചെയർമാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. താനുൾപ്പെടെയുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ മാറ്റി 'ഡമ്മി' ബോർഡിന്റെ വിവരങ്ങൾ അജി കൃഷ്ണൻ എച്ച്ആർഡിഎസ് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ഇതോടെ വിവാദങ്ങൾക്ക് പുതിയ തലം വരികയാണ്. ബിജെപിയും ആരോപണങ്ങൾ നിഷേധിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജോലിയുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾ വാർത്ത പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി ഉണ്ടാവുമെന്ന് ബിജെപി അറിയിച്ചു.
മാധ്യമങ്ങളിലെ സി പി എം ഫ്രാക്ഷന്റെ അപകടകരമായ ഉദാഹരണമാണ് വ്യാജ വാർത്തയെന്നും ബിജെപി വൃത്തങ്ങൾ പ്രതികരിച്ചു .ബിജെപി നേതാവ് പ്രസിഡന്റായ എൻ ജി ഒ യിൽ സ്വപ്നയ്ക്ക് 43000 രൂപ ശമ്പളത്തിൽ സ്വപ്ന സുരേഷിന് പുതിയ ജോലി എന്നായിരുന്നു വാർത്ത. എസ് എഫ് ഐ നേതാവ് അജികൃഷ്ണന്റെ നേതൃത്വത്തിലുള്ള പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ് ഇന്ത്യ) എന്ന എൻജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിക്കുന്നത് . സംഘടനയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായാണ് സ്വപ്നയുടെ പുതിയ നിയമനം. വിദേശത്ത് നിന്ന് പണമെത്തിക്കുന്നതിനായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്.
ഫെബ്രുവരി 12നാണ് സ്വപ്നയ്ക്ക് ഓഫർ ലെറ്റർ അയച്ചത് സംഘടനയുടെ സെക്രട്ടറിയും , പാലാ സ്വദേശിയുമായ അജി കൃഷ്ണൻ എസ് എഫ് ഐ മുൻ സംസ്ഥാന കമ്മറ്റി അംഗവും ,എസ് എഫ് ഐ മുഖപത്രം സ്റ്റുഡന്റിന്റെ ചീഫ് എഡിറ്ററുമായിരുന്നു. എസ് എഫ് ഐ നേതാവായിരുന്ന അജികൃഷ്ണൻ തുടക്കം മുതൽ സംഘടനയുടെ സെക്രട്ടറിയാണ്. പാല സ്വദേശിയായ അജി കൃഷ്ണൻ തൃപ്പൂണിത്തുറ സംഗീതകോളേജിൽ വിദ്യാർത്ഥി ആയിരുന്നപ്പോൾ എബിവിപി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു. പിണറായി വിജയനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അജി കൃഷ്ണൻ . എം എം മണിയുടെ നിർദ്ദേശപ്രകാരം അജികൃഷ്ണന്റെ നേതൃത്വത്തിൽ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഇടുക്കിയിൽ വീടുകൾ നിർമ്മിച്ചിരുന്നു-ിബജെപി പറയുന്നു.
സംഘടനയുടെ ചീഫ് പ്രോജക്ട് കോർഡിനേറ്ററായ ജോയ് മാത്യു സിപിഎമ്മിന്റെ നേതാവും, തോമസ് ഐസക്, എം എം മണി അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയുമാണ് എന്നും ബിജെപി ആരോപിക്കുന്നു. എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറി, എംജി യൂണിവേഴ്സിറ്റി എസ് എഫ് ഐ യൂണിയൻ ജോ.സെക്രട്ടറി,. സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയകമ്മിറ്റി അംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു സിപിഎം സഹയാത്രികൻ ആയ എ.എം. നസീർ ആണ് സംഘടനയുടെ ഫിനാൻഷ്യൽ അഡൈ്വസറി ബോർഡ് ചെയർമാൻ എന്നാണ് പരിവാറുകാരുടെ വിശദീകരണം. മറ്റൊരു എസ് എഫ് ഐ നേതാവായിരുന്ന ബിജു കൃഷ്ണൻ പ്രോജക്ട് ഡയറക്റ്റർ ആണെന്നും ആരോപിക്കുന്നു.
പാലക്കാട് ചന്ദ്രനഗർ ആസ്ഥാനമാക്കിയാണ് സംഘടന പ്രവർത്തിക്കുന്നത് .ഗ്രാമീണരും വനവാസികളുമടക്കം , പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സംഘടന പ്രവർത്തിക്കുന്നതെന്നാണ് അവകാശവാദം. വനവാസി മേഖലയിൽ നിർമ്മിച്ച വീടുകളുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ പരാതി ഉയർന്നിരുന്നു . വിദേശത്തു നിന്ന് വലിയതോതിൽ ഫണ്ട് സ്വീകരിക്കുന്ന സംഘടന കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ളവരെ കാലാകാലങ്ങളിൽ സൊസൈറ്റിയുടെ പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു .ബി ജെപി മന്ത്രിമാർ പങ്കെടുത്ത ഇത്തരം ചിത്രങ്ങളടക്കം ഉപയോഗിച്ചാണ് വ്യാജ പ്രചാരണമെന്നാണ് ബിജെപിയുടെ വിശദീകരണം. ഈ സംഘടനയുടെ നേതാക്കളും പിണറായി അടക്കമുള്ളവരുമായുള്ള ചിത്രവും പുറത്തു വന്നിട്ടുണ്ട്.
ബിജെപി നിലപാട് വിശദീകരിച്ചതിന് പിന്നാലെയാണ് കൃഷ്ണകുമാർ വിശദീകരണവുമായി എത്തിയത്. അജി കൃഷ്ണന്റെ അനധികൃതമായ പ്രവർത്തനങ്ങൾക്കെതിരെ കേരള രജിസ്റ്റ്രാർ ഓഫ് സൊസൈറ്റീസിനു പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് കലക്ടർ എന്നിവർക്കും അയച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അജി കൃഷ്ണൻ, ജോയി മാത്യു എന്നിവർ സൊസൈറ്റിയുടെ നിയന്ത്രണം പിടിച്ചെടുത്തെന്നും ഫണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾക്കാണ് ചെലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗത്തിന്റെ തുടക്കമാണെന്നും ആത്മഹത്യയുടെ വക്കിൽനിന്നു പുതിയ ജോലി ലഭിച്ചതു വലിയ കാര്യമാണെന്നും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാകും തുടർന്നുള്ള പ്രവർത്തനമെന്നും സ്വപ്ന പറഞ്ഞു. തെറ്റു ചെയ്യാതെ ജയിലിലെത്തിയ സ്ത്രീകൾക്കുവേണ്ടി തനിക്കു പ്രവർത്തിക്കാനാവും. കേസും ജോലിയുമായി കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ പരിഗണിച്ചാണ് സ്ഥാപനം ജോലി നൽകിയതെന്നും സ്വപ്ന പ്രതികരിച്ചു. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.
മറുനാടന് മലയാളി ബ്യൂറോ