- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാം'; ഭീഷണി സന്ദേശങ്ങൾ വരുന്നെന്ന് സ്വപ്ന സുരേഷ്; മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തുന്ന ആരോപണങ്ങൾ നിർത്തണം എന്നാവശ്യപ്പെട്ടാണ് കോളുകൾ; കെ ടി ജലീൽ പറഞ്ഞിട്ട് വിളിക്കുന്നുവെന്നാണ് മകനോട് പറഞ്ഞത്; ഓഡിയോ പുറത്തുവിട്ടു
കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ചു സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. നിരന്തരം ഭീഷണി സന്ദേശം ലഭിക്കുകയാണെന്ന് സ്വപ്ന കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഞാനും മകനും അമ്മയും ഏത് നിമിഷവും കൊല്ലപ്പെടാം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നടത്തുന്ന ആരോപണങ്ങൾ നിർത്തണം എന്നാണ് ആവശ്യം.
ഇഡിക്ക് മൊഴി നൽകുന്നത് തടസപ്പെടുത്താനാണ് ശ്രമം. ഭീഷണി സന്ദേശങ്ങൾ സഹിതം ഡിജിപി അനിൽ കാന്തിന് പരാതി നൽകിയെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു.തവനൂർ എംഎൽഎ കെ ടി ജലീലിന്റെ പേരും സ്വപ്ന ആരോപണങ്ങൾക്കിടെ പരാമർശിച്ചു. നൗഫൽ എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. പേരും വിലാസവും വെളിപ്പെടുത്തിയാണ് ഭീഷണികൾ. കെ ടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് ഇയാൾ പറഞ്ഞതായും സ്വപ്ന ആരോപിച്ചു.
ഭീഷണി സന്ദേശങ്ങൾക്ക് തെളിവായി ഫോൺ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടു. സ്വപ്‌നയുടെ വാക്കുകകൾ ഇങ്ങനെ:
''താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകൾ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോൾ വിളിക്കുന്നയാൾ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫോൺ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു. മകനാണ് ആദ്യത്തെ ഫോൺ കോളെടുത്തിരുന്നത്. ആ കോളിൽ കെ ടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തൽമണ്ണ സ്വദേശി നൗഫൽ എന്നയാൾ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
'ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാൻ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാൻ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
പാലക്കാട്ടു നിന്നും കൊച്ചിയിലേക്ക് സ്വപ്‌ന സുരേഷ് താമസം മാറിയിരുന്നു. തനിക്ക് വീട് വാടകയ്ക്ക് കിട്ടാൻ പോലും പ്രയാസം ഉണ്ടായതായും സ്വപ്‌ന പറഞ്ഞു. ഇതിന്റെ പേരിലും തനിക്ക് നിരവധി ഭഷണികൾ വന്നുവെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനായാണ് കൊച്ചിയിലേക്ക് മാറിയതെന്നാണ് സ്വപ്നയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇടപ്പള്ളിക്കടുത്ത് കൂനമ്മാവിലെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.
കേസിൽ ഇ ഡി സ്വപ്നയെ തുടർച്ചയായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതു കൊച്ചിയിലേക്കാണ്. നിയമസഹായം നൽകുന്ന അഭിഭാഷകരും കൊച്ചിയിലാണ്. പാലക്കാട് നിന്ന് തുടർച്ചയായി യാത്ര ചെയ്യുന്നതിന് ആരോഗ്യപ്രശ്നങ്ങൾ തടസ്സമാകുന്നതും സ്വപ്നയുടെ കൊച്ചിയിലേക്കുള്ള മാറ്റത്തിന് പിന്നിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ