സ്‌റ്റോക്‌ഹോം: ജോലി സമയം കൂട്ടുന്നതാണോ കുറയ്ക്കുന്നതാണോ കൂടുതൽ ലാഭമുണ്ടാക്കാൻ നല്ലത്? പരമ്പരാഗത സങ്കൽപ്പങ്ങളെല്ലാം മാറ്റി മറിക്കുകയാണ് സ്‌കാൻഡേവിയൻ രാജ്യമായ സ്വീഡൻ. ലാഭം വർദ്ധിപ്പിക്കാൻ തൊഴിലാളികളെ കൂടുതൽ സമയം ജോലി ചെയ്യിച്ച് നടുവൊടിക്കുകയെന്ന ഇന്ത്യൻ മാനേജ്‌മെന്റ് തന്ത്രത്തിന് എതിരാണ് പുതു മാർഗ്ഗം.

തൊഴിൽ സമയം കുറച്ച് തൊഴിലാളിക്ക് കൂടുതൽ സ്വകാര്യതയ്ക്ക് അവസരം നൽകി കൂടുതൽ സന്തോഷവും ലാഭവും കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ ജോലി സമയം സ്വീഡൻ ആറു മണിക്കൂറാക്കി കുറച്ചു. ഒരു ചെറിയ ശതമാനം സമയം ലാഭിക്കുന്നതിലൂടെ സ്വകാര്യതയ്ക്ക് വേണ്ടിയുള്ള സമയം കൂട്ടാനും ഊർജ്ജം ബാക്കി വച്ച് ജോലിക്കാരനെ കൂടുതൽ സന്തോഷിപ്പിച്ച് കാര്യക്ഷമത കൂട്ടാനുമാണ് ഈ നീക്കം. 13 വർഷം മുമ്പ് സ്വീഡനിലെ രണ്ടാമത്തെ വലിയ നഗരമായ ഗോഥൻബർഗിലെ ടയോട്ടാ സെന്ററുകൾ ഈ നീക്കം നടത്തിയിരുന്നു.

ജീവനക്കാർ സന്തോഷ ഭരിതരാകട്ടെ, ടേണോവർ റേറ്റ് താഴ്‌ത്തി ലാഭം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. സ്‌റ്റോക്‌ഹോം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില ഐ ടി കമ്പനികൾ നേരത്തേ തൊഴിൽ സമയം എട്ടിൽ നിന്നും ആറ് മണിക്കൂറാക്കി ചുരുക്കിയിരുന്നു. ജോലിക്കാർക്ക് സാമൂഹ്യ മാദ്ധ്യമങ്ങൾ അനുവദിക്കാതിരിക്കുക, മീറ്റിംഗുകൾ ചുരുക്കുക, ശ്രദ്ധ മാറ്റുന്ന മറ്റുകാര്യങ്ങൾ കുറയ്ക്കുക തുടങ്ങി ഓഫീസ് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾ അവലംബിക്കുകയും ചെയ്തു. ഇത് വലിയ വിജയമായിരുന്നു. ഇത് പിന്തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിൽ ജോലി സമയം കുറയുന്നത്.

ഇതോടെ ഹോസ്പിറ്റലുകളിൽ ഡോക്ടർമാരുടേയും നഴ്‌സ്മാരുടേയും ജോലി ദിവസം ആറു മണിക്കൂറായി ചുരുങ്ങും. എട്ട് മണിക്കൂർ ജോലിയെന്നത് ആയാസകരമായ കാര്യമാണ്. ഒരു പ്രത്യേക കാര്യത്തിൽ എട്ട് മണിക്കൂർ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് പ്രായോഗികമായി നടക്കുന്നതല്ല. ഈ സാഹചര്യത്തിലാണ് മാറ്റത്തിനുള്ള നീക്കം. നടപ്പാക്കിയ മേഖലകളിലെല്ലാം ആറു മണിക്കൂർ ജോലി ഫലം കണ്ടുവെന്നാണ് വിലയിരുത്തൽ.