ബംഗളൂരു: ഓൺലൈൻ ഭക്ഷണവിതരണകമ്പനിയായ 'സ്വിഗ്ഗി'യിൽനിന്ന് ജി.എസ്.ടി. ഡയറക്ടറേറ്റ് അധികമായി ഈടാക്കിയ 27.51 കോടി രൂപ തിരിച്ചുനൽകണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവ്. നിയമത്തിന്റെ പിൻബലമില്ലാതെയാണ് തുക പിരിച്ചെടുത്തതെന്ന് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എം.ജി.എസ്. കമാൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2019-ലാണ് ജി.എസ്.ടി. ഇന്റലിജൻസ്, ക്രമക്കേടാരോപിച്ച് 27.51 കോടി രൂപ അടയ്ക്കാൻ സ്വിഗ്ഗിയോട് നിർദേശിച്ചത്. പണമടച്ചില്ലെങ്കിൽ ഡയറക്ടർമാരെ അറസ്റ്റുചെയ്യുമെന്നും അറിയിച്ചു. ഇതോടെ സ്വിഗ്ഗി പണമടച്ചു. എന്നാൽ, ക്രമക്കേട് ആരോപണം തെറ്റാണെന്നും നിയമപരമായല്ല പിഴയീടാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് സ്വിഗ്ഗി കോടതിയെ സമീപിച്ചത്. ഇത് കോടതി അംഗീകരിച്ചു.

ഗ്രീൻ ഫിൻഞ്ച് എന്ന കമ്പനിയും സ്വിഗ്ഗിയുമായുള്ള ഇടപാടുകളിൽ സംശയം പ്രകടിപ്പിച്ചാണ് ജി എസ് ടി വകുപ്പ് ഇടപെടലുകൾ നടത്തിയത്. ഇതേ തുടർന്നായിരുന്നു പണം കെട്ടിവച്ചത്. എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഈടാക്കിയ തുക തിരിച്ചു നൽകാനുള്ള നിർദ്ദേശം. ഗ്രീൻ ഫിൻഞ്ച് എന്ന കമ്പനി നിലവിലില്ലെന്നും വ്യാജ ബില്ലുകൾ കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു ആരോപണം.

നേരത്തെ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് സ്വഗ്ഗിക്കെതിരായ ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത. ഇല്ലാത്ത കമ്പനിയുടെ പേരിൽ ജി എസ് ടി തട്ടിപ്പ് നടത്തിയില്ലെന്ന സ്വിഗ്ഗിയുടെ വാദത്തെ സുപ്രീംകോടതിയിൽ പൊളിക്കാനാണ് കേന്ദ്ര നീക്കം. കോവിഡിനെ തുടർന്ന് സ്വിഗ്ഗി അടക്കമുള്ള ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ വൻ പ്രതിസന്ധിയിലാണ്. തൊഴിലാളികളെ പോലും പിരിച്ചു വിട്ടിരുന്നു.