തിരുവനന്തപുരം: ഇനി പൊലീസുകാർക്ക് നീന്തി തുടിക്കാം. തലസ്ഥാന നഗരത്തിൽ 4 കിലോമീറ്റർ ചുറ്റളവിൽ കേരള പൊലീസിനു മൂന്ന് നിന്തൽ കുളങ്ങൾ. കോടികൾ ചെലവിട്ട് രണ്ട് നീന്തൽക്കുളങ്ങൾ കൂടി പണിയുകയാണ്. ഖജനാവ് കാലിയായിരിക്കുമ്പോഴാണ് ഈ ആഡംബര നീന്തൽകുള നിർമ്മാണം. ആരുടെ ബുദ്ധിയാണ് ഇതിന് പിന്നിലെന്ന് ആർക്കും അറിയില്ല.

രണ്ട് നീന്തൽ കുളങ്ങൾ ഒരേ റോഡിന്റെ അപ്പുറവും ഇപ്പുറവും. സ്‌കൂൾ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്ന പദ്ധതിക്കായി നീന്തൽക്കുളങ്ങൾ കണ്ടെത്താനോ നിർമ്മിക്കാനോ കഴിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് പുതിയ നീന്തൽകുളം എത്തുന്നത്. ഒരു സ്വിമ്മിങ് പൂളിനു ശരാശരി അരക്കോടി മുതൽ ഒരു കോടി രൂപ വരെ ചെലവുണ്ട്. പൊലീസിന് വേണ്ടി നിർമ്മിക്കുന്നത് അത്യാഡംബര നീന്തൽകുളങ്ങളാണ്. അതുകൊണ്ട് തന്നെ കോടികളുടെ ചെലവ് ഓരോ കുളത്തിനുമുണ്ടാകും.

പൊലീസ് നിയന്ത്രണത്തിലുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിൽ പണം കൊടുത്തു ജനങ്ങൾക്കും നീന്താം. അതായത് ഖജനാവിൽ നിന്ന് പണമെടുത്ത് പൊലീസ് ജനങ്ങളിൽ നിന്ന് പണം പിരിക്കും. പേരൂർക്കട എസ്എപി ക്യാംപിലെ പൂളിൽ പൊലീസുകാരെ നീന്തൽ പഠിപ്പിക്കുന്നു. ഈ ക്യാംപിന് എതിർവശത്തു റോഡിനപ്പുറം പൊലീസ് ഗെസ്റ്റ് ഹൗസായ അഗസ്ത്യയിലാണു മൂന്നാമത്തെ നീന്തൽക്കുളം. ഇവിടെ വിഐപികൾക്ക് നീന്തി തുടിക്കാം.

അഗസ്ത്യയിൽ ആകെയുള്ള 16 മുറികളിൽ പത്തെണ്ണം മുന്തിയ സ്വീറ്റ് റൂമുകളാണ്. അവിടെ ഐപിഎസുകാർക്കു വാടക നാമമാത്രം. മറ്റു സേനാംഗങ്ങൾ ഉയർന്ന നിരക്കു നൽകണം. ഇതിനെ പഞ്ചനക്ഷത്ര സൗകര്യത്തിൽ ഉയർത്താനാണ് നീന്തൽ കുളം. കോടികൾ മുടക്കി നിർമ്മിച്ച ഗെസ്റ്റ് ഹൗസിൽ പൂൾ മാത്രമല്ല, ബില്യഡ്സ് ടേബിൾ, ജിം, പാർട്ടി ഏരിയ എന്നിവയുമുണ്ട്. ലക്ഷങ്ങൾ ചെലവിട്ടാണ് പരിപാലനം.

ഈ ഗസ്റ്റ് ഹൗസ് നോക്കുന്നതിന് വേണ്ടി എസ്ഐയും എഎസ്ഐയും അടക്കമുള്ള പൊലീസ് പടയും ഉണ്ട്. അതായത് മിനി പൊലീസ് സ്റ്റേഷൻ കൂടിയാമ് ഈ ഗസ്റ്റ് ഹൗസ്. പക്ഷേ ഇവിടെ എന്തു നിയമവിരുദ്ധ പ്രവർത്തനം നടന്നാൽ പോലും കേസെടുക്കാൻ കഴിയില്ലെന്ന് മാത്രം. കേസ് അന്വേഷണത്തിനും ക്രമസമാധാന പരിപാലനത്തിനുമായി ആളില്ലാതിരിക്കുമ്പോഴാണ് ഈ തമാശകൾ.