- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശിവശങ്കർ സാർ; ഒരു ആൺ ആയിട്ട് വന്ന് എനിക്കും മക്കൾക്കും കുറച്ച് വിഷം വാങ്ങി താ; അതല്ലാതെ ഇത്തരം വൃത്തികെട്ട കളി കളിക്കരുത്'; എച്ച്ആർഡിഎസിലെ ജോലിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കറെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സന്നദ്ധ സംഘടനയായ എച്ച് ആർ ഡി എസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ എന്ന ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇക്കാര്യം നൂറു ശതമാനം ഉറപ്പുണ്ട്. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളിൽ ഒരുപാട് ദുഃഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം എന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
ശിവശങ്കറിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ഉറച്ചു നിൽക്കുന്നതായി പറഞ്ഞ സ്വപ്ന വിമർശനം കടുപ്പിച്ചു. 'ഇപ്പോഴത്തെ എല്ലാ ആരോപണങ്ങൾക്കു പിന്നിലും എന്തൊക്കെയോ ഉദ്ദേശ്യങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. അതിനാൽ എനിക്ക് ശിവശങ്കർ സാറിനോട് മാധ്യമങ്ങളിലൂടെ പറയാനുള്ളത്, നിങ്ങൾക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശവുമുണ്ട്. നിങ്ങൾ വന്ന് എനിക്കും കുട്ടികൾക്കും അമ്മയ്ക്കും കുറച്ചു വിഷം നൽകി കൊല്ലുക. നിങ്ങൾ നൽകുന്ന വിഷം കഴിച്ചു മരിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അല്ലാതെ ഇങ്ങനെ ചെയ്യരുത്.' സ്വപ്ന പറഞ്ഞു.
ബിജെപിയുമായോ ആർ എസ് എസ്സുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും സ്വപ്ന പറഞ്ഞു. താൻ ഉപദ്രവിക്കുമെന്ന പേടിയാണ് വിമർശകർക്ക്. ജീവിക്കാൻ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും സ്വപ്ന സുരേഷ് പറഞ്ഞു
ആക്ഷേപം ഉന്നയിക്കുന്ന സിപിഎം നേതാക്കൾക്കെതിരെയും അവർ പൊട്ടിത്തെറിച്ചു. 'ഒരു സ്ത്രീയെ അല്ലെങ്കിൽ ഒരു അമ്മയെ ജീവിക്കാൻ അനുവദിക്കാതെ വീണ്ടുംവീണ്ടും ദ്രോഹിച്ചു കൊണ്ടിരിക്കുന്നവരോട് ഉത്തരം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നെ ഒന്നു ജീവിക്കാൻ അനുവദിക്ക്. ഞാൻ ആരെയും ഒരു രീതിയിലും ബുദ്ധിമുട്ടിക്കില്ല. ജോലിയിൽ മാറ്റമൊന്നുമില്ലെന്നു കമ്പനി അറിയിച്ചിട്ടുണ്ട്' സ്വപ്ന വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധ സംഘടനയിൽ സിഎസ്ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്റെ ജോലി.
ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നവ എച്ച്ആർഡിഎസ് എന്ന എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. പ്രതിമാസ ശമ്പളം നാൽപ്പത്തിമൂവായിരം രൂപയിലായിരുന്നു സ്വപ്നയുടെ നിയമനം. വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളിൽ നിന്നടക്കം വിവിധ പദ്ധതികൾക്കായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുക, വിദേശ സഹായം ലഭിക്കുവാൻ പ്രവർത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകൾ നിർവ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തിൽ വർധനവ് നൽകുമെന്ന് നിയമന ഉത്തരവ് പറയുന്നു.
ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് ജോലി നൽകാൻ എച്ച്ആർഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.
ഈ മാസം പന്ത്രണ്ടാം തീയതി ജോലിയിൽ പ്രവേശിക്കണമെന്നാണ് നിയമന ഉത്തരവിൽ പറഞ്ഞിരുന്നത്. ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പോകേണ്ടതിനാൽ ജോലിയേറ്റെടുക്കാൻ സമയം വേണമെന്ന സ്വപ്നയുടെ അഭ്യർത്ഥന എച്ച്ആർഡിഎസ് അംഗീകരിച്ചു. ഇതേത്തുടർന്നാണ് 18-ാം തീയതി എത്തി ജോലിയിൽ പ്രവേശിച്ചത്.
സ്വപ്ന സുരേഷ് എച്ച് ആർ ഡി എസിൽ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ആദിവാസികൾക്ക് വാസ യോഗ്യമല്ലാത്ത വീടുകൾ നൽകി വഞ്ചിച്ചെന്ന പരാതിയിൽ എച്ച് ആർ ഡി എസിനെതിരെ പട്ടികജാതി പട്ടികവർഗ കമ്മിഷൻ കേസെടുത്തു, പ്രതിവർഷം കേന്ദ്ര സർക്കാരിന്റെ 350 കോടിഎൻ ജി ഒ വഴിയെത്തുന്നു. സംസ്ഥാന സർക്കാരിന്റെ അറിവോടെയല്ല ഇതു പലതുമെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അന്വേഷണം ആവശ്യപ്പെടുമെന്നും എസ് സി എസ് ടി കമ്മിഷൻ അംഗം എസ്.അജയകുമാർ നേരത്തെ പ്രതികരിച്ചിരുന്നു.
എൻ ജി ഒയ്ക്ക് വരുന്ന ഫണ്ട് വിനിയോഗത്തിന്റെ മേൽനോട്ട ചുമതല സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും എസ് സി എസ് ടി കമ്മിഷൻ അംഗം എസ്.അജയകുമാർ ആവശ്യപ്പെട്ടു. എച്ച് ആർ ഡി എസ് നെതിരായ പട്ടികജാതി- പട്ടികവർഗ കമ്മിഷന്റെ അന്വേഷണം ആരുടെയെങ്കിലും നിയമനത്തിന് പിന്നാലെയല്ല . നിയമനം അവരുടെ സ്വന്തം കാര്യം. അതിൽ കമ്മീഷൻ ഇടപെടില്ല. എന്നാൽ ആദിവാസി ചൂഷണ പരാതി വന്നാൽ കമ്മീഷൻ ഇടപെടും. അന്വേഷണത്തിൽ രാഷ്ട്രീയമില്ലെന്നും പട്ടികജാതി- പട്ടികവർഗ കമ്മിഷൻ അംഗം എസ്.അജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ