തിരുവനന്തപുരം: ഐഎസ് ബന്ധത്തിന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായി പോപ്പുലർ ഫണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ്. ഇങ്ങനെ പോപ്പുലർ ഫ്രണ്ടിനെ മെരുക്കാൻ കിട്ടിയ അവസരം നോക്കി നടന്ന ദേശീയ ഏജൻസികൾക്ക് വീണു കിട്ടിയ വടി കൂടിയായി കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകം. ശ്യം വധത്തിന്റെ പശ്ചാത്തലത്തിൽ എസ്.ഡി.പി.ഐയടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തുണ്ട്.

എ.ബി.വി.പി നേതാവായ ശ്യാമപ്രസാദിനെ വധിക്കുന്നതിൽ എസ്.ഡി.പി.ഐ ഗൂഢാലോചന നടത്തിയെന്ന പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഡി.പി.ഐയ്ക്ക് മേൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മൂന്നാം കണ്ണ് തുറന്നു. നേരത്തെ തന്നെ ഇവരുടെ പ്രവർത്തനം സൂക്ഷമായി വീക്ഷിക്കുന്ന കേന്ദ്രത്തിന് ശ്യാമപ്രസാദ് വധം എസ്.ഡി.പി.ഐക്കെതിരെ നടപടി എടുക്കാനുള്ള ആയുധമായി. ശ്യാമപ്രസാദിനെ വധിച്ചതു വഴി സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചതായുള്ള ആരോപണം സംസ്ഥാനവും ഗൗരവമായാണ് എടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ സംസ്ഥാനത്ത് എസ്.ഡി.പി.ഐയുടെ പ്രവർത്തനം നിരോധിക്കാനുള്ള സാധ്യതയുണ്ട്. അടുത്തിടെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും കേന്ദ്രം നിരോധിച്ചു വരികെയായിരുന്നു. ഇതിനിടെയാണ് ശ്യാമപ്രസാദിനെ വധിക്കുന്നത്.

സിപിഎമ്മിൽ നുഴഞ്ഞുകയറി ബിജെപി ആർ.എസ്.എസ് പ്രവർത്തകരെ കൊലപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന പ്രതികളുടെ മൊഴി സിപിഎമ്മിനെയും ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂരിൽ ഉൾപ്പെടെ ഏതുസമയവും അക്രമം പൊട്ടിപെടാനുള്ള സാധ്യത നിലനിൽക്കുകയാണ് ഇത്തരത്തിലുള്ള നീക്കം അണയറയിൽ പുരോഗമിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാനത്തോട് ഉടനടി ആവശ്യപ്പെടുമെന്ന് അറിയുന്നു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് എസ്.ഡി.പി.ഐയുടെ പ്രവർത്തനത്തിനു നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന.

ആർ.എസ്.എസ്. പ്രവർത്തകനായ ശ്യാമപ്രസാദിനെ പ്രതികൾ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്നു എന്നാണ് പൊലീസ് പറയുന്നത്. സിപിഎം-ബിജെപി സംഘർഷമുണ്ടാക്കാനും ഇതിലൂടെ പ്രതികൾ പദ്ധതിയിട്ടിരുന്നു. പ്രതികളുടെ മൊഴിയും വ്യക്തമാക്കുന്നത് ഇതാണ്. ''ശ്യാമപ്രസാദ് വധം ആർ.എസ്.എസ്-സിപിഎം. സംഘർഷത്തിന്റെ ഭാഗമാണെന്നു വരുത്താൻ ആസൂത്രണം നടന്നു. സിപിഎമ്മിൽ ചേർന്ന് കൊലപാതകം നടത്തിയശേഷം എസ്.ഡി.പി.ഐയിൽ തിരിച്ചെത്താനായിരുന്നു ആദ്യപദ്ധതി. കേസ് കഴിയുന്നതുവരെ സിപിഎമ്മിൽ തുടരാനും ആലോചിച്ചിരുന്നു. നീർവേലിയിലെ എസ്.ഡി.പി.ഐ. ഓഫീസിനടുത്തു മൂന്നുദിവസം വാളുപയോഗിച്ച് പരിശീലനം നേടി. എന്നാൽ, സിപിഎമ്മിലേക്കു പോകാനുള്ള തന്ത്രങ്ങൾ പാളി.

കണ്ണവത്ത് ആർ.എസ്.എസ്. പ്രവർത്തകനെ കൊലപ്പെടുത്തിയാൽ തിരിച്ചടിക്കു സാധ്യത കൂടുതലാണെന്നും അങ്ങനെ മുസ്ലിംകളെ മുഴുവൻ എസ്.ഡി.പി.ഐയിൽ ചേർക്കാമെന്നും ഒരു നേതാവ് പറഞ്ഞു. കണ്ണവത്ത് ആർ.എസ്.എസുകാരെ പ്രതിക്കൂട്ടിലാക്കാൻ നിരവധി ശ്രമങ്ങൾ എസ്.ഡി.പി.ഐ. നടത്തി. ചുണ്ടയിൽ സിപിഎം. സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് തകർത്തതു പൂവത്തിൻകീഴിലെ കാമ്പസ് ഫ്രണ്ട് പ്രവർത്തകനാണ്. പിന്നീട് കണ്ണവം ടൗണിലെ സിപിഎം. പതാക പലതവണ നശിപ്പിച്ചു. ആർ.എസ്.എസ്-സിപിഎം. സംഘർഷമുണ്ടാക്കി മുസ്ലിം ചെറുപ്പക്കാരെ എസ്.ഡി.പി.ഐയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

ഈ പദ്ധതികൾക്കുശേഷമാണു കണ്ണവത്തെ ഓട്ടോ ഡ്രൈവറെ മർദിക്കണമെന്നും അതിനായി കുറച്ചാളുകൾ വരണമെന്നും ശിവപുരം, കാക്കയങ്ങാട് ഭാഗത്തേക്കു ഫോൺ വന്നത്. കണ്ണവത്തെ മഖാം ഉറൂസിനു കാമ്പസ് ഫ്രണ്ട് കെട്ടിയ ഫൽക്സ് ഒരാൾ അഴിച്ചുവയ്ക്കുകയും പിന്നീട് ആ കാരണം പറഞ്ഞ് അവരെ മർദിക്കുകയും ചെയ്തു. ആർ.എസ്.എസുകാർ പള്ളി പരിസരത്തു സംഘർഷമുണ്ടാക്കുമെന്നും ആ പേരിൽ എസ്.ഡി.പി.ഐയിൽ ആളെ കൂട്ടണമെന്നും കണ്ണവത്തെ ഒരു നേതാവ് പറഞ്ഞിരുന്നു.

സർജിക്കൽ ബ്ലേഡ് കൊണ്ട് വെട്ടാൻ പഠിപ്പിച്ച ക്ലാസിൽ ഞങ്ങളും ഉണ്ടായിരുന്നു. കണ്ണൂരിലെ സിപിഎം. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂരിൽ എസ്.ഡി.പി.ഐക്കാരെ ഇനി വെട്ടിയാൽ സിപിഎമ്മിലെ ഒരു െസെബർ പോരാളിയെ തിരിച്ചടിക്കാനും പദ്ധതിയുണ്ടായിരുന്നു''. കൊലപാതകത്തിനുശേഷം പ്രതിയായ ഷഹീമിന്റെ സഹോദരിയുടെ വീട്ടിലേക്കു രക്ഷപ്പെടുമ്പോഴാണു നാല് എസ്.ഡി.പി.ഐ. പ്രവർത്തകർ പൊലീസിന്റെ പിടിയിലായത്. ഇവർ െമെസുരുവിലേക്കു കടക്കാൻ പദ്ധതിയിട്ടിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു.

കൊലപാതകവും കൃത്യമായി പ്രതികൾ ആസൂത്രണം ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ പ്രതികളിലൊരാളായ സമീർ സുഹൃത്തിന്റെ കാറുമായി പാലയോട്ടെത്തി. അവിടെനിന്ന് ഷാഹിമിനെ കൂട്ടി കാക്കയങ്ങാട് വഴി പാറക്കണ്ടത്തെത്തി മുഹമ്മദിനെയും സലീമിനെയും കൂട്ടി വീണ്ടും കാക്കയങ്ങാട് എത്തി. പിന്നീട് പിഞ്ഞാണപ്പാറയിലുള്ള പേരാവൂർ ഗവ: ഐ.ടി.ഐ പരിസരത്തെത്തിയ മുഹമ്മദ്, ശ്യാമപ്രസാദ് ക്ലാസിൽ എത്തിയെന്ന് ഉറപ്പുവരുത്തി.

തുടർന്ന് നാലും പേരും കൂടി കാറിൽ നിടുംപൊയിൽ എത്തി ഭക്ഷണ സാധനങ്ങൾ വാങ്ങി മാനന്തവാടി ഭാഗത്തേക്ക് പോയി തിരിച്ചു വന്നു. ശ്യാമപ്രസാദ് ക്ലാസ് കഴിഞ്ഞു വരുന്ന സമയം കണക്കാക്കി നാലരയോടെ നിടുംപൊയിൽ -തലശേരി റോഡിൽ കൊമ്മേരിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്തു കാർ നിർത്തി. അൽപനേരം കഴിഞ്ഞ് ബൈക്കിൽ ശ്യാമപ്രസാദ് വരുന്നത് കണ്ട സംഘം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും അപകടം മണത്ത ശ്യാമപ്രസാദ് വേഗത്തിൽ ബൈക്കോടിച്ച് പോയി. എന്നാൽ പിന്തുടർന്ന സംഘം ബൈക്കിനെ മറികടന്ന് കാർ മുന്നിലിട്ടു.

നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു. ശ്യാമപ്രസാദ് എഴുന്നേറ്റ് ഓടിയെങ്കിലും പിന്തുടർന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നുവെന്നാണു പൊലീസ് പറയുന്നത്. ആർ.എസ്.എസ്. പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം സിപിഎമ്മിൽ കെട്ടിവയ്ക്കാനും അതുവഴി സിപിഎം-ആർ.എസ്.എസ്. സംഘർഷമുണ്ടാക്കാനും ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായ പ്രതികളുടെ മൊഴി.

അറസ്റ്റിലായ പ്രതികളെ സ്ഥലത്തെത്തിച്ചു നടത്തിയ പരിശോധനയിൽ ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി. കൊലപാതകത്തിനായി വന്ന അതേ വാഹനത്തിൽ പ്രതികൾ നാടുവിടാൻ ശ്രമിച്ചതിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരുന്നു. നാട്ടുകാർ വാഹന നമ്പർ തിരിച്ചറിഞ്ഞെന്നു സംഘം മനസിലാക്കിയിട്ടും രണ്ടുമണിക്കൂർ അതേ വാഹനത്തിൽ സഞ്ചരിച്ചതാണ് അന്വേഷിക്കുന്നത്. വാഹനത്തിന്റേതു വ്യാജ നമ്പറായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.