ഡമാസ്‌കസ്: ഡമാസ്‌കസിന് അടുത്ത ഡൗമയിലെ വിമതർക്ക് നേരെ സിറിയ കഴിഞ്ഞ ദിവസം നടത്തിയ രാസായുധ പ്രയോഗത്തിനുള്ള തിരിച്ചടിയായി അമേരിക്കയും സഖ്യകക്ഷികളും സിറിയക്ക് മേൽ നടത്തിയ വ്യോമാക്രമണണത്തിൽ അയക്കപ്പെട്ടത് 120 മിസൈലുകളാണെന്ന് റിപ്പോർട്ട്. ഈ ആക്രമണത്തിൽ അമേരിക്കയ്ക്ക് കരുത്ത് പകർന്ന് ഒപ്പം ചേർന്നത് ബ്രിട്ടനും ഫ്രാൻസുമാണ്.

ആക്രമണത്തിനായി ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ പറന്നുയർന്നത് സൈപ്രസിലെ സൈനിക ക്യാമ്പിൽ നിന്നായിരുന്നു. സിറിയയിലെത്തി നേരം വെളുക്കും മുമ്പ് ലക്ഷ്യം കണ്ട് മടങ്ങുകയായിരുന്നു സഖ്യകക്ഷികൾ ചെയ്തത്. ഇത്തരത്തിൽ റഷ്യയുടെ കടുത്ത ഭീഷണിക്ക് മുമ്പിലും പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു ഈ ആക്രമണത്തിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

120 മിസൈലുകൾ മൂന്ന് ലക്ഷ്യസ്ഥാനങ്ങൾ തകർത്തു

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സഖ്യകക്ഷികൾ സിറിയയിലെ മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലായി 120 മിസൈലുകളാണ് വർഷിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് സിറിയയിലെ കെമിക്കൽ വെപ്പൺസ് ലാബ് പൂർണമായും തകർന്നിട്ടുണ്ട്. ആക്രണത്തിൽ നേരിട്ട തകർച്ച വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിറിയൻ സ്റ്റേറ്റ് ടിവി പ്രക്ഷേപണം ചെയ്തിരുന്നു.

ഡമാസ്‌കസിന് അടുത്തുള്ള ബാർസെഹിലെ കേന്ദ്രത്തിനുണ്ടായ തകർച്ച വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഹോംസിലെ മിലിട്ടറി ബേസിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സിവിലിയന്മാർക്കാണ് മുറിവേറ്റിരിക്കുന്നത്. ആക്രമണത്തിൽ കൂറ്റൻ കെട്ടിടങ്ങൾ തകർന്ന് കിടക്കുന്ന ചിത്രങ്ങളും കാണാം.

ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ പറന്നുയർന്നത് സൈപ്രസിലെ സൈനിക ക്യാമ്പിൽ നിന്ന്

സിറിയക്ക് നേരെ യുഎസ് നടത്തുന്ന വ്യോമാക്രമണത്തിൽ അണി ചേരുന്നതിനായി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങൾ പറന്നുയർന്നത് സൈപ്രസിലെ സൈനിക ക്യാമ്പിൽ നിന്നായിരുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ടൊർണാഡോകളും ടൈഫൂണുകളും മറ്റുമായിരുന്നു ഇവിടെ നിന്നും സിറിയയിലേക്ക് കുതിച്ചിരുന്നത്.

സൈപ്രസിലെ ആർഎഎഫ് അക്രോടിരിയിൽ നിന്നുമുള്ള ടൊർണാഡോ ജിആർ4എസ് ഉപയോഗിച്ചാണ് ബ്രിട്ടൻ 15 മിസൈലുകളെ അയച്ചിരിക്കുന്നത്.എട്ട് ടണ്ണോളം ആയുധങ്ങളെ വഹിക്കാൻ കരുത്തുള്ള വിമാനങ്ങളാണിവ. ബങ്കറുകളെ പോലും തകർക്കാൻ ശേഷിയുള്ള സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകളാണ് ടൊർണാഡോകൾ ഉപയോഗിച്ചിരിക്കുന്നത്.

സിറിയയിൽ സഖ്യകക്ഷികൾ വർഷിച്ച 120ഓളം മിസൈലുകളിൽ ഏറ്റവും കരുത്താർന്നവ ബ്രിട്ടന്റെ വകയായിരുന്നു.സെന്റിനൽ ആർ 1 സ്പൈ പ്ലെയിനുകൾ, റിവെറ്റ് ജോയിന്റ് സർവയ്ലൻസ് എയർ ക്രാഫ്റ്റ് തുടങ്ങിയവയും ആക്രമണങ്ങൾക്കായി ബ്രിട്ടൻ സിറിയയിലേക്ക് അയച്ചിരുന്നു. ഇക്കൂട്ടത്തിൽ പെട്ട ഏറ്റവും ആധുനിക ഉപഗ്രഹങ്ങളാണിവ. മെഡിറ്ററേനിയനിലുള്ള തങ്ങളുടെ കപ്പലുകളിൽ നിന്നാണ് യുഎസും ഫ്രാൻസും സിറിയയിലേക്ക് പോർവിമാനങ്ങൾ അയച്ചിരിക്കുന്നത്.

ചെയ്തത് ശരിയായ കാര്യമെന്ന് തെരേസ മെയ്‌

യുഎസിനും ഫ്രാൻസിനുമൊപ്പം ചേർന്ന് സിറിയയിൽ ബ്രിട്ടൻ നടത്തിയ വ്യോമാക്രമണം ശരിയായ കാര്യമാണെന്ന് ന്യായീകരിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾ നടത്തിയ ആക്രമണം വൻ വിജയമായിരുന്നുവെന്ന് ഇന്നലെഉച്ചയ്ക്ക് ശേഷം ഇവർ പരസ്പരം നടത്തിയ ടെലിഫോൺ സംഭാഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് തനിക്ക് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന ജനിപിന്തുണയെ തെരേസ സ്വാഗതം ചെയ്തിരുന്നു. നിഷ്‌കളങ്കരായ ആളുകളുടെ മേൽ സിറിയ അനാവശ്യമായി രാസായുധം പ്രയോഗിച്ച് നിരവധി പേരെ വധിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തതിനെതിരെയുള്ള ജനവികാരമാണിതെന്നും തെരേസ വിശദീകരിക്കുന്നു.

ആലെപ്പോയ്ക്ക് സമീപം സ്ഫോടനങ്ങൾ; സിറിയയിലെ
ഇറാനിയൻ മിലിട്ടറി ബേസും തകർന്നുവെന്ന് സൂചന

യുഎസും ഫ്രാൻസും ബ്രിട്ടനും സിറിയയിൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ആലെപ്പോയ്ക്ക് സമീപം വൻ സ്ഫോടനങ്ങളുണ്ടായെന്ന് റിപ്പോർട്ടുണ്ട്. സഖ്യകക്ഷികളുടെ ഫൈറ്റർ ജെറ്റ് ആക്രമണത്തിൽ സിറിയയിലെ ഇറാനിയൻ മിലിട്ടറി ബേസ് തകർന്നുവെന്നും സൂചനകളുണ്ട്. ഇവിടെ നിന്നും ഉയരത്തിൽ തീജ്വാലകൾ ഉയരുന്നത് കാണാമായിരുന്നുവെന്നും നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. ഇതിൽ ഇറാനിയൻ സൈനികരും ഉൾപ്പെടുന്നുവെന്ന് സൂചനയുണ്ട്. ഈസ്റ്റേൺ സിറിയയിലെ ഡെയിൽ എസ്-സോറിന് സമീപത്ത് മറ്റൊരു മിലിട്ടറി ബേസിനെയും ആക്രമണം ബാധിച്ചുവെന്നും റിപ്പോർട്ടുണ്ട്.

സിറിയ ഇടഞ്ഞാൽ ഇനിയും വ്യോമാക്രമണം;
റഷ്യയുടെ കടുത്ത ഭീഷണിക്ക് മുമ്പിലും പറഞ്ഞ വാക്ക് പാലിച്ച് ട്രംപ്

ഇപ്പോഴത്തെ വ്യോമാക്രമണം കൊണ്ട് എല്ലാ തീർന്നുവെന്ന് കരുതേണ്ടെന്നും സിറിയ ഇനിയും രാസായുധ പ്രയോഗം നടത്തിയാൽ ഇതുപോലെ ഇനിയും ശക്തമായി തിരിച്ചടിക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്. സിറിയക്ക് മേൽ ആക്രമണം നടത്തിയാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ ഉയർത്തിയ ഭീഷണിയെ അവഗണിച്ചാണ് ട്രംപ് ഇപ്പോഴത്തെ വ്യോമാക്രമണം നടത്തിയിരിക്കുന്നത്.

സിറിയ ഉയർത്തിയ ഭീഷണിയെ ചെറുക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിലിന് സാധിക്കാതെ പോയതിനെ തുടർന്നാണ് തങ്ങൾക്ക് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നിരിക്കുന്നതെന്നാണ് കൗൺസിലിൽ വച്ച് യുഎന്നിലെ യുഎസ് പ്രതിനിധിയായ നിക്കിഹാലെ പ്രതികരിച്ചിരിക്കുന്നത്. സിറിയൻ പ്രസിഡന്റ് ആസാദ് നടത്തിയ മനുഷ്യത്വരഹിതമായ രാസായുധ പ്രയോഗത്തെ മൂടി വയ്ക്കാനാണ് അദ്ദേഹത്തിനൊപ്പം ചേർന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിൻ ശ്രമിക്കുന്നതെന്നും ഹാലെ ആരോപിക്കുന്നു.