സിറിയയ്ക്ക് മേൽ മിസൈൽ ആക്രമണം നടത്താനും സിറിയൻ പ്രസിഡന്റ് ആസാദിനെ താഴെ ഇറക്കാനുമായി സിറിയയ്ക്ക് മേൽ രാസായുധ പ്രയോഗ ആരോപണം അമേരിക്ക തന്നെ ഒരുക്കിയ കെണിയായിരുന്നുവെന്ന ആരോപണവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിൻ രംഗത്തെത്തി. സിറിയയെ തകർക്കാൻ ട്രംപിന്റെ പട്ടാളം ഗൂഢാലോചന നടത്തുന്നുവെന്നും പുട്ടിൻ ആരോപിക്കുന്നു. ഇതോടെ സിറിയയെ ചൊല്ലിയുള്ള തർക്കം മൂർധന്യത്തിലെത്തിയിരിക്കുകയാണ്. സിറിയ രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപിച്ച് അമേരിക്ക സിറിയയിൽ 60ൽ പരം മിസൈലുകൾ വർഷിക്കുകയും അതിനെ റഷ്യയടക്കമുള്ള നിരവധി രാജ്യങ്ങൾ വിമർശിക്കുകയും ചെയ്തിരുന്നു.

ഇതോടെ അമേരിക്ക യുദ്ധത്തോട് ഒരു പടി കൂടി അടുത്തിരിക്കുന്നുവെന്നും ഇത് തങ്ങളെ പ്രകോപിതരാക്കിയെന്നും പുട്ടിൻ നേരത്തെ തന്നെ മുന്നറിയിപ്പേകിയിരുന്നു. എന്നാൽ ട്രംപ് ഇതിനെ പുച്ഛിച്ച് തള്ളുകയും ആവശ്യമാണെങ്കിൽ കൂടുതൽ ആക്രമണം സിറിയയ്ക്ക് മേൽ നടത്തുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അമേരിക്ക ഇനിയും മിസൈൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും വ്യാജ ഗ്യാസ്ആക്രമണങ്ങൾ നടത്തി ആസാദിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നുമാണ് പുട്ടിൻ ഇപ്പോൾ മുന്നറിയിപ്പേകുന്നത്.

സിറിയ നടത്തിയതെന്ന പേരിൽ ചില രാസായുധങ്ങൾ ഡമാസ്‌കസിൽ അമേരിക്ക പ്രയോഗിക്കുകയും അത് സിറിയ നടത്തിയതാണെന്ന ആരോപണം നടത്തുകയുമായിരുന്നുവെന്ന് റഷ്യൻ ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും പുട്ടിൻ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള കൂടുതൽ പ്രകോപനപരമായ നടപടികൾക്ക് അമേരിക്ക തയ്യാറെടുത്ത് വരുന്നുവെന്ന് തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പുട്ടിൻ ആവർത്തിക്കുന്നു. അതായത് സതേൺ ഡമാസ്‌കസ് സബർബുകളടക്കമുള്ള സിറിയയിലെ മറ്റ് ചില പ്രദേശങ്ങളിലാണ് ഇത്തരം ആക്രമണങ്ങൾ ഉടനടി നടത്താൻ അമേരിക്ക പദ്ധതിയിട്ടിരിക്കുന്നതെന്നും റഷ്യൻ പ്രസിഡന്റ് മുന്നറിയിപ്പേകുന്നു. ഇവിടങ്ങളിലും അമേരിക്ക രാസായുധ പ്രയോഗം ആദ്യം നടത്തി സിറിയയെ കുറ്റപ്പെടുത്താനാണ് ഒരുങ്ങുന്നതെന്നും പുട്ടിൻ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ആഴ്ച ഇഡ്ലിബിൽ വച്ച് നടത്തിയ രാസായുധ പ്രയോഗത്തിൽ 87 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിന് പുറകിൽ സിറിയ അല്ലെന്നാണ് ആസാദ് ആവർത്തിച്ച് പറയുന്നത്. ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ റഷ്യ യുഎന്നിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 2003ൽ ഇറാഖിനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിച്ചത് പോലുള്ള രാസായുധങ്ങളാണ് സിറിയയിലും കഴിഞ്ഞ ആഴ്ച പ്രയോഗിക്കപ്പെട്ടതെന്നും തന്റെ ആരോപണങ്ങൾക്കുള്ള അടിസ്ഥാനമായി പുട്ടിൻ ഉയർത്തിക്കാട്ടുന്നു. ഇത്തരം നീക്കത്തിലൂടെ സിറിയയുടെ നിലനിൽപ് തന്നെ അപകടത്തിലാകുമെന്നും ഐസിസിനെ പോലുള്ള തീവ്രവാദ സംഘടനകൾ വീണ്ടും ശക്തിപ്പെടുമെന്നും പുട്ടിൻ മുന്നറിയിപ്പേകുന്നു. തങ്ങൾ പിന്തുണയ്ക്കുന്ന ആസാദ് ഭരണകൂടത്തിനെതിരെയുള്ള അമേരിക്കയുടെ നീക്കം തങ്ങൾക്കെതിരെയുള്ള നീക്കമായിട്ടാണ് റഷ്യ കണക്കാക്കുന്നത്. ഇതിനെ നേരിടാനായി റഷ്യ ഇവിടേക്ക് പടക്കപ്പൽ അയച്ചിട്ടുമുണ്ട്. ഇതോടെ റഷ്യയും അമേരിക്കയും തമ്മിലുള്ള സ്പർധ രൂക്ഷമായി യുദ്ധ സാധ്യത വർധിച്ചിട്ടുമുണ്ട്.