തൃശൂർ: സഭയിലെ അതിരുകടന്ന ആഘോഷങ്ങൾ പാവപ്പെട്ടവന്റെ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണെന്നു സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി . സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി പരിഗണിച്ചാവണം സഭയിലെ ഓരോ ചടങ്ങുമെന്ന് അസംബ്ലി നിർദേശിച്ചു. ഇതോടെ ആഡംബരങ്ങൾക്ക് കുറവ് വരുമെന്നാണ് സഭ വിശദീകരിക്കുന്നത്. മാർപ്പാപ്പയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം. നേരത്തെ കർദിനാൾ മാർ അലഞ്ചേരിയും സമാനമായ തീരുമാനം ഉണ്ടാകുമെന്ന് നേരത്തെ ലേഖനങ്ങളിലൂടെ സൂചന നൽകിയിരുന്നു. ഇതാണ് പ്രാവർത്തികത്തിലേക്ക് എത്തുന്നത്.

അസംബ്ലിയുടെ സമാപനദിനമായ ഇന്നു നിർദേശങ്ങൾ സംബന്ധിച്ച് അന്തിമരൂപം സഭയുടെ സിനഡിനു സമർപ്പിക്കും. അടുത്തയാഴ്ച ചേരുന്ന സഭാ സിനഡ് വിശ്വാസി സമൂഹത്തിനുള്ള മാർഗരേഖ തയാറാക്കി പള്ളികളിലൂടെ അറിയിക്കും. ഇതോടെ തീരുമാനം നടപ്പിലാക്കാൻ പള്ളികളും നിർബന്ധിതമാകും. വലിയ മാറ്റമായി ഇത് മാറുമെന്നാണ് സൂചന. ആഡംബരത്തിനെതിരെ പലകോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇത്.

തിരുനാളുകളിലെ വെടിക്കെട്ടും ആഡംബരങ്ങളും അമിതമാകുന്നു. ഗതാഗതം മുടക്കിയുള്ള പ്രദക്ഷിണങ്ങൾ സഭയ്ക്കു ചീത്തപ്പേരുണ്ടാക്കുന്നു. പാവങ്ങളെ പരിഗണിക്കുന്നതിലും സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്നതിലും സഭയുടെ ശുശ്രൂഷകൾ ശ്ലാഘനീയമാണ്. എന്നാൽ വ്യക്തിപരമായും പൊതുവായും ലാളിത്യത്തിന്റെ ചൈതന്യം സഭ പ്രസരിപ്പിക്കണം. പാവങ്ങളുടെ പക്ഷം ചേരുന്നതിൽനിന്നു സഭയെ അകറ്റുന്ന കാര്യങ്ങളിൽ തിരുത്തലുകൾ അനിവാര്യമാണ്. മെത്രാന്മാർ മുതൽ വിശ്വാസികൾ വരെയുള്ള മേഖലകളിൽ ആർഭാടം ഒഴിവാകണം. സെമിത്തേരികളിൽ സ്ഥിരമായി കല്ലറ നൽകുന്ന രീതി പുനരാലോചിക്കണം.

രൂപതാധ്യക്ഷന്മാരുടെ അജപാലന സന്ദർശനങ്ങൾ, വൈദികരുടെ അജപാലന പ്രവർത്തനങ്ങൾ, സന്യസ്തരുടെ വ്യക്തി, സാമൂഹിക ജീവിതശൈലി ഇവയിലെല്ലാം തിരുത്തലുകൾ വേണം. തിരുനാൾ ആഘോഷത്തുകയുടെ 25% ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വിനിയോഗിക്കണം. ദേവാലയ നിർമ്മാണത്തിലെ ധൂർത്ത് ശരിയല്ല. മെത്രാഭിഷേകം, പൗരോഹിത്യ സ്വീകരണം, വിവാഹം, വിവിധ കൂദാശകൾ ഇവ ലളിതമാക്കുന്നതിനു കൃത്യമായ മാർഗനിർദേശങ്ങൾ ആവശ്യമാണ്. വിവാഹത്തിനും മൃതസംസ്‌കാര ശുശ്രൂഷയ്ക്കും ഇവന്റ് മാനേജ്‌മെന്റ് സംവിധാനവും മറ്റും ഉപയോഗിക്കുന്നത് നിരുൽസാഹപ്പെടുത്തണം.

തീർത്ഥാടനകേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ലഭിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും അസംബ്ലി നിർദേശിച്ചു.