കൊച്ചി: സീറോ മലബാർ സഭയിലെ എറണാകും-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന വിവാദം പുതിയ തലത്തിലേക്ക്. വൈദിക സമ്മേളനത്തിലേക്ക് താൻ വരാതിരിക്കുന്നതിന് അൽമായരുടെ ഒരു സംഘം തന്നെ തടഞ്ഞതായി വ്യക്തമാക്കി കർദിനാൾ ജോർജ് ആലഞ്ചേരി എഴുതിയ കത്ത് പുറത്തായി. ഈ സാഹചര്യത്തിൽ ആലഞ്ചേരിയെ ചിലർ കൈയേറ്റം ചെയ്‌തെന്ന വാദം സജീവമാവുകയാണ്. ആലഞ്ചേരിയെ തടഞ്ഞ് വച്ചത് ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തലാണ്. ഇവർക്കെതിരെ കേസ് കൊടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ സഭാ പ്രശ്‌നങ്ങൾ പുതിയ തലത്തിലായി. ഭൂമി ഇടപാടിൽ അതിരൂപതയ്ക്കു കോടികളുടെ നഷ്ടമുണ്ടാക്കി. രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭൂമി ഇടപാടിലെ നികുതിവെട്ടിപ്പ് ആദായനികുതി വകുപ്പും രജിസ്ട്രേഷൻ വകുപ്പും വിൽപ്പന നികുതി വിഭാഗവും അന്വേഷിച്ചേക്കും.

മൂന്ന് അൽമായർ എത്തി തന്നെ ബലം പ്രയോഗിച്ചു തടയുകയായിരുന്നുവെന്ന് ആലഞ്ചേരി കത്തിൽ വ്യക്തമാക്കി. അൽമായർ തടഞ്ഞതിനാൽ യോഗം മാറ്റിവയ്ക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണ്. പുറത്തും ആളുകൾ നിൽക്കുന്നതായി അവർ പറയുന്നു. ഒരു കലഹം ഉണ്ടാകാതിരിക്കാൻ വൈദിക സമിതി യോഗം ശാന്തമായ അന്തരീക്ഷത്തിൽ നടത്താമെന്നും ആലഞ്ചേരി കത്തിൽ വ്യക്തമാക്കിയിരുന്നു. സഭയിലെ അച്ചടക്കം പൂർണ്ണമായും നഷ്ടപ്പെട്ടതിന് തെളിവാണ് ഇതെന്ന് ഒരു വിഭാഗം പറയുന്നു. സ്വത്ത് വിവാദം ഉണ്ടായ ശേഷം ആലഞ്ചേരിയെ ഇതിന് മുമ്പും ചിലർ തടഞ്ഞു വച്ചതായി ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇത് ആരും സ്ഥിരീകരിച്ചിരുന്നില്ല. ഈ സംഭവത്തിന് ശേഷമുള്ള സമ്മർദ്ദമാണ് ആലഞ്ചേരിയെ ഹൃദ് രോഗിയാക്കിയതെന്നും ഒരു വിഭാഗം പറയുന്നു.

ഭൂമി ഇടപാടിൽ തെറ്റുപറ്റിയെന്നു കർദിനാൾ സമ്മതിക്കണമെന്നും നടപടി വേണമെന്നും വിമതപക്ഷം ആവശ്യപ്പെടുന്നു. എന്നാൽ, കാര്യങ്ങൾ തുറന്നുപറയാൻ കർദിനാൾ ഒരുക്കമാണെന്നും അതിനുള്ള വേദി ഉരുത്തിരിയാത്തതുകൊണ്ടാണെന്നുമാണ് കാത്തിരിക്കുന്നതെന്ന് ആലഞ്ചേരിയുമായി അടുപ്പമുള്ളവരും പറയുന്നു. അതിനിടെ ഇന്നലെത്തെ വൈദിക സമിതി റദ്ദാക്കിയതിൽ പ്രതിഷേധം വ്യാപകമാണ്. വൈദിക സമിതി യോഗം മാറ്റിവച്ചതായി വ്യക്തമാക്കിക്കൊണ്ട് സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്റെ വാർത്താക്കുറിപ്പും പുറത്തിറങ്ങിയിരുന്നു.

യോഗത്തിനായി ആലഞ്ചേരിയെ ക്ഷണിക്കുന്നതിനായി വൈദിക സെക്രട്ടറി മുറിയിലേക്ക് ചെന്നപ്പോൾ മൂന്ന് അൽമായർ അദ്ദേഹത്തെ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. വി.വി അഗസ്റ്റിൻ, സാബു ജോസ്, കെന്നഡി കരിമ്പുംകാല എന്നിവരാണ് ആലഞ്ചേരിയെ തടഞ്ഞു വച്ചതെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ആവശ്യം. ഭൂമി വിൽപ്പന വിവാദത്തിൽ ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് കെന്നഡി. ചാനൽ ചർച്ചകളിൽ ആലഞ്ചേരിയെ പിന്തുണച്ച് സംസാരിക്കുന്നത് ഇദ്ദേഹമാണ്. ഇതും സംഭവത്തിന് പുതിയ ട്വിസ്റ്റ് നൽകുന്നു. യോഗം മാറ്റി വയ്ക്കാൻ ആലഞ്ചേരി കള്ളം പറയുന്നതിന് തെളിവാണ് കെന്നഡിയുടെ സാന്നിധ്യമെന്നാണ് മറു പക്ഷം പറയുന്നത്. ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്ന നിർണ്ണായകമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വൈദിക സമിതിയിൽ ചർച്ച സമർപ്പിക്കാനിരിക്കെയാണ് യോഗം മാറ്റിവയ്ക്കേണ്ടി വന്നത്.

അതിനിടെ പ്രതിസന്ധിക്കു താൽക്കാലിക ശമനമുണ്ടാകുമെന്നു പ്രതീക്ഷിച്ച വൈദികസമിതി യോഗം നടക്കാതെവന്നതോടെ പ്രതിസന്ധി രൂക്ഷമാകും. സിനഡ് തുടങ്ങും മുമ്പു പ്രശ്നം സങ്കീർണമാകുന്നെന്നാണു സൂചന. വിൽക്കാൻ ഏൽപ്പിച്ച ഭൂമി ഒരാൾക്കുതന്നെ വിൽക്കണമെന്നായിരുന്നു കരാർ. 36 പേർക്കായി കർദിനാൾ ആധാരം രജിസ്റ്റർ ചെയ്തുകൊടുത്തതിൽ ചില നിയമപ്രശ്നങ്ങളുമുണ്ട്. നികുതി വെട്ടിക്കാൻ വാങ്ങുന്നയാളുടെ താൽപ്പര്യാർത്ഥമാണു കർദിനാൾ സമ്മതിച്ചതെന്നാണ് ഒരു വിഭാഗം വൈദികർ പറയുന്നത്. ഒരാൾതന്നെ വൻതുക നൽകുമ്പോൾ അതിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. ആധാരത്തിൽ 30 കോടി രൂപ കാണിച്ചിട്ടുള്ള ഭൂമിക്കു വിപണി വില അതിന്റെ പത്തിരട്ടിയോളംവരും. ഭൂമി വാങ്ങിയ ആളെ സംരക്ഷിക്കാനാണ് കർദിനാൾ ശ്രമിച്ചതെന്നാണ് വിമർശനം.

കർദിനാളിനെതിരേ സിനഡിൽ വിമർശനം ഉയരുമെന്നാണ് വിമതരുടെ പ്രതീക്ഷ. ശാരീരികബുദ്ധിമുട്ടുകളുംകൂടി കണക്കിലെടുത്തു സ്ഥാനമൊഴിയാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. എന്നാൽ, ഇതിനു രണ്ടു വർഷത്തെ സാവകാശമെങ്കിലും അദ്ദേഹത്തിനു നൽകും. അതിനിടെ കർദിനാളിന് ഉചിതമായ മറ്റൊരു സ്ഥാനം കണ്ടെത്തേണ്ടിവരും. ഭരണകാര്യങ്ങളിലും മറ്റും സഹായിക്കാൻ ഉപദേശകസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. കർദിനാളിനു നിയന്ത്രണം വരുന്നതോടെ അദ്ദേഹം സ്വയം ഒഴിവാകുമെന്നാണ് എതിർക്കുന്നവരുടെ പ്രതീക്ഷ. തൃശൂർ, ചങ്ങനാശേരി, തലശേരി രൂപതകളിൽ കൂടുതൽ മെത്രാന്മാർ വേണം. മദ്രാസ് രൂപതയിലും ഒഴിവുണ്ട്. ഇവിടെ മെത്രാന്മാരെ നിയോഗിക്കുന്നതും വരുന്ന സിനഡ് ചർച്ച ചെയ്യും.

സഭയിലെ ചില ആർച്ച് ബിഷപ്പുമാരുമായി ആലഞ്ചേരി അത്ര അടുപ്പത്തിൽ അല്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന വിലയിരുത്തലും സജീവമാണ്. പല കാര്യങ്ങളും തങ്ങളുമായി ആലോചിക്കുന്നില്ലെന്നാണ് ആർച്ച് ബിഷപ്പുമാരുടെ പരാതി. മെത്രാന്മാരെ നിയമിക്കുമ്പോൾ കൂടിയാലോചന നടത്താറില്ലെന്നും ആരോപണമുണ്ട്. പാനലിൽനിന്നു തനിക്ക് ഇഷ്ടമുള്ളയാളെ തീരുമാനിക്കുകയാണു പതിവ്. ഇനി ഇതൊന്നും ആർച്ച് ബിഷപ്പുമാർ അംഗീകരിക്കില്ല. 13 നു നടത്താനിരുന്ന സിറോ മലബാർ സഭ ജൂബിലി ആഘോഷം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. സഭയ്ക്കു വത്തിക്കാനിൽനിന്നു മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവി ലഭിച്ചതിന്റെ 25-ാം വാർഷികമാണ് ആഘോഷിക്കുന്നത്. രജത ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രതിനിധികൾക്കു ക്ഷണക്കത്ത് അയച്ചുകഴിഞ്ഞു. അതിനിടെയാണു വിവാദം കത്തുന്നത്.

വിഷയം രൂക്ഷമായ പശ്ചാത്തലത്തിൽ ജൂബിലി ആഘോഷങ്ങൾ നടത്താൻ പാടില്ലെന്നു കാട്ടി ഏതാനും അതിരൂപതാ വൈദികർ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു കത്തു നൽകി. കർദിനാളിന്റെ എല്ലാ പൊതുപരിപാടികളും ബഹിഷ്‌കരിക്കാനും തടയാനുമാണ് അവരുടെ നീക്കം. ഈ പശ്ചാത്തലത്തിൽ ജൂബിലിസമ്മേളനം സംഘർഷത്തിന് ഇടയാക്കുമെന്ന ആശങ്കയെത്തുടർന്നാണ് മാറ്റിവയ്ക്കാനുള്ള ആലോചന. ആലഞ്ചേരിയെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കള്ളക്കളികാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.