കൊച്ചി: ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫാ.ജോൺ നെല്ലിക്കുന്നേലിനെ നിയമിക്കാൻ ധാരണ. സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ തുടരുന്ന സിനഡിലാണ് ധാരണയുണ്ടായത്. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കും. ഈസമയം റോമിലെ വത്തിക്കാൻ ആസ്ഥാനത്തും ഉത്തരവ് വായിക്കും. അതിനിടെ വിവാദ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിക്കാനുള്ള ഫോർമുലയിലും തീരുമാനമായി. മാർ ആലഞ്ചേരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്ന വിമതരും അനുനയത്തിന് തയ്യാറായിട്ടുണ്ട്.

വിവാദ വിഷയത്തിൽ പ്രത്യേക അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി മുന്നോട്ട് വച്ച ഒത്തുതീർപ്പ ഫോർമുല ഇരുകൂട്ടരും അംഗീകരിച്ചു. ആലഞ്ചേരിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ ആർക്കെതിരേയും അച്ചടക്ക നടപടി എടുക്കില്ല. ഇതിനൊപ്പം ഭൂമി വിൽപ്പനയിലെ നഷ്ടം മാറ്റാനുള്ള നടപടിയും എടുക്കും. ഈ വിഷയത്തിൽ സാങ്കേതികമായ നോട്ട പിശകാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ആലഞ്ചേരിയെ തള്ളിപ്പറയേണ്ടതില്ലെന്നാണ് സിനഡ് തീരുമാനം. ഇതിന് ശേഷം വിമത ശബ്ദമുയർത്തുന്നവർക്ക് സഭയ്ക്ക് പുറത്ത് പോകേണ്ടി വരും. അങ്ങനെ എല്ലാ വിഷയവും പറഞ്ഞ് തീർത്ത് സിനഡ് അവസാനിക്കുമെന്നാണ് സൂചന.

ഈ സിനഡിന് മുമ്പിലുണ്ടായിരുന്ന പ്രധാന അജണ്ട ഇടുക്കി രൂപതയുടെ ബിഷപ്പിനെ കണ്ടെത്തലായിരുന്നു. ഇതും ഏകാഭിപ്രായത്തോടെ ചെയ്യാൻ സിനഡിനായി. ഇതോടെ സീറോ മബലാർ സഭയിലെ പ്രശ്‌നങ്ങളും പരിഹിരിക്കപ്പെടുകയാണ്. വിഷയത്തിൽ വത്തിക്കാൻ ഇടപെടില്ലെന്നും വിമതർക്ക് ബോധ്യമായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സിനഡിന്റെ ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കുന്നത്. ഭൂമി ഇടപാടിൽ സഭയ്ക്കുണ്ടായ നഷ്ടത്തിന് ആലഞ്ചേരി ഖേദപ്രകടനം നടത്താനും സാധ്യതയുണ്ട്. ഇത് വിമതരും അംഗീകരിക്കും. ഇനി ആർച്ച് ബിഷപ്പിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് സിനഡിലുണ്ടായിരിക്കുന്ന ധാരണ.

സീറോ മലബാർ സഭ ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തിൽ പ്രശ്‌ന പരിഹാരത്തിന് പുതിയ സമിതിയെ നിയമിച്ചുള്ള സിനിഡ് തീരുമാനം എറണാകുളം രൂപതയിലെ വൈദികരുടെ ക്ഷോഭം ശമിപ്പിക്കാൻ മാത്രമായിരുന്നു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടായിരുന്നു് സമിതി കൺവീനർ. ഈ സമിതി ഭൂമി ഇടപാട് അന്വേഷിക്കില്ല. വൈദികരുടെ ആവശ്യപ്രകാരം അന്വേഷണത്തിന് ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ ആലഞ്ചേരിയെ കുറ്റവിമുക്തരാക്കി. മറ്റൊരു സ്വതന്ത്ര അന്വേഷണവും നടന്നു. ഇതിലും ആലഞ്ചേരി കുറ്റക്കാരനല്ല. ഈ സാഹചര്യത്തിൽ പ്രശ്‌ന പരിഹാര ഫോർമുല മുന്നോട്ട് വയ്ക്കുകയായിരുന്നു സമിതി.

ഇന്നലെ നടന്ന സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങൾ സിനഡിനെ വിശദമായി ധരിപ്പിച്ചിരുന്നു. നടപടിക്രമങ്ങളിൽ ഉണ്ടായ സാങ്കേതികമായ വീഴ്ചകൾ മാത്രമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. നേരത്തെ സ്ഥിരം സിനഡിനു മുന്നിലും ഇത് നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് സിനഡ് അംഗീകരിച്ചു. സീറോ മലബാർ സഭ എറണാകുളം- അങ്കമാലി രൂപതയിൽ മാത്രം നടന്ന ഭൂമി ഇടപാടാണ് ഇത്. അതിനാൽ ഇക്കാര്യത്തിൽ അമിത പ്രാധാന്യം നൽകേണ്ടതില്ല എന്ന നിലപാടാണ് സിനഡ് ആദ്യം കൈക്കൊണ്ടത്. എന്നാൽ രൂപതയിലെ വൈദികരെ തണുപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നു. ഇതേ തുടർന്നാണ് പുതിയ കമ്മറ്റിയെ നിയമിച്ച് ഉത്തരവായത്. ഇവർ അതിവേഗ ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാക്കുകയായിരുന്നു.

ഇടുക്കി രൂപതയുടെ ആദ്യബിഷപ്പായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കഴിഞ്ഞ സെപ്റ്റംബറിലാണ്, മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് വിരമിക്കൽ അപേക്ഷ നൽകിയത്. 75 വയസ്സു തികഞ്ഞ ബിഷപ്പുമാർ വിരമിക്കണമെന്ന കാനോൻ നിയമപ്രകാരമായിരുന്നു അപേക്ഷ. പുതിയ ബിഷപ്പിനെ നിയമിക്കുന്നതുവരെ കാവൽബിഷപ്പായി പദവിയിൽ തുടരാൻ മേജർ ആർച്ച് ബിഷപ്പ് നിർദേശിച്ചു. 2003 ജനുവരി 15-നാണ് കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി കരിമ്പൻ ആസ്ഥാനമായി പുതിയ രൂപത സ്ഥാപിച്ചത്. 2003 മാർച്ച് രണ്ടിനാണ് ഇടുക്കി രൂപതയുടെ ആദ്യബിഷപ്പായി കുഞ്ചിത്തണ്ണി സ്വദേശി മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്ഥാനമേറ്റത്. ഈ സാഹചര്യത്തിലാണ് സിനഡ് പുതിയ ബിഷപ്പിനെ നിശ്ചയിച്ചത്.

ഫാ.തോമസ് വട്ടമല, ഫാ.പോളി മണിയാട്ട്, ഫാ.ജോസ് കരിവേലിക്കൽ, ഫാ.ജെയിംസ് മംഗലശ്ശേരി, ഫാ.ജോർജ് കുഴിപ്പള്ളി എന്നിവരേയും പരിഗണിച്ചിരുന്നു. എന്നാൽ സനിഡിന്റെ പൊതു വികാരം ഫാ ജോൺ നെല്ലുക്കുന്നേലിന് അനുകൂലമായിരുന്നു.