കണ്ണൂർ: ആർ. എം. പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നിലുള്ള ഗൂഢാലോചന സിബിഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആർഎസ്എസ്. നേതൃത്വത്തിനുമേൽ സമ്മർദ്ദമേറുന്നു.

ആർഎസ്എസ്. നേതാവു കൂടിയായിരുന്ന കുമ്മനം രാജശേഖരൻ ബിജെപി. സംസ്ഥാന പ്രസിഡണ്ടായതോടെ സിപിഎമ്മിനെ പ്രതിരോധിക്കാനുള്ള എല്ലാ തന്ത്രവും പയറ്റിവരുന്നുണ്ട്. രണ്ടു മാസം മുമ്പ് ടി.പി.യുടെ ഭാര്യ കെ.കെ. രമ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്്് പരാതി നൽകിയതിനു പിന്നിലും ആർ.എസ്.എസിന്റെ പ്രേരണയുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു.

ടി.പി. വധത്തിലെ ഗൂഢാലോചന സിപിഎമ്മിന്റെ കണ്ണൂർ ലോബി നടത്തിയതാണെന്ന ആരോപണവും ബിജെപി.യും ആർ.എസ്.എസും ഉന്നയിച്ചിരുന്നു. ടി.പി. വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം നൽകുമ്പോൾ ഈ കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന് സൂചിപ്പിച്ചിരുന്നു. അക്കാര്യം എടുത്തു കാട്ടി അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കാനാണ് ആർ.എസ്.എസിന്റെ ശ്രമം.

ടി.പി.വധക്കേസിലെ കൊലപാതകികളെല്ലാം കണ്ണൂർ ജില്ലക്കാരാണ്. സിപിഐ.(എം). ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തൻ ഉൾപ്പെടെ നാലു സിപിഐ.(എം). നേതാക്കളെയാണ് കോടതി ശിക്ഷിച്ചത്. ഏഴംഗ കൊലയാളിസംഘവും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. ടി.പി.വധക്കേസിൽ സിപിഐ.(എം) ന്റെ കണ്ണൂർ നേതാക്കളെ ലക്ഷ്യമിട്ട് ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ടി.പി.യുടെ ഭാര്യ കെ.കെ.രമ ആരോപണമുന്നയിച്ചിരുന്നു. കെ.കെ. രമ ഉന്നയിച്ച ആവശ്യത്തിന് സംസ്ഥാന സർക്കാർ അനുകൂലനിലപാടെടുത്തില്ല എന്നതിൽ പിടിച്ചാണ് ബിജെപി.- ആർഎസ്എസ്. നേതാക്കൾ പ്രചരണം നടത്തുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കണ്ട് കെ.കെ.രമ സിബിഐ.അന്വേഷണത്തിനായി കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിധി പറഞ്ഞ കേസിൽ തുടരന്വേഷണം നടത്താൻ സിബിഐ.ക്കുമേൽ സമ്മർദ്ദം തുടരുന്നുണ്ട്. ബിജെപി. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു കഴിഞ്ഞു. സംസ്ഥാന സർക്കാരാണ് ഔദ്യോഗികമായി കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ഉന്നയിക്കേണ്ടത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ടി.പി.കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ. തയ്യാറാകും എന്നാണ് ആർ.എംപി.യുടെ വിശ്വാസം.

2012 മെയ് 5 നാണ് വടകരക്കടുത്ത ഒഞ്ചിയത്തു വച്ച് ടി.പി.ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കേരളത്തിൽ ഏറെ കോലാഹലം സൃഷ്ടിച്ച ഈ കൊലപാതകത്തിൽ സംസ്ഥാനം ഇതുവരെ കാണാത്ത അന്വേഷണ പാടവം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി. സിപിഐ.(എം). ക്രിമിനലായ കൊടി സുനിയുടെ നേതൃത്വത്തിൽ ഏഴംഗ ക്വട്ടേഷൻ സംഘമാണ് കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള എല്ലാ നേതാക്കളേയും തെളിവു സഹിതം പിടികൂടി. 76 പ്രതികളായിരുന്നു ആകെ ഉൾപ്പെട്ടത്.

കൊല നടത്താൻ സഹായിച്ചവർ, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചവർ, ആയുധങ്ങൾ നിർമ്മിച്ചവരും എത്തിച്ചവരും എല്ലാം പ്രതിപ്പട്ടികയിലായി. ഈ കേസിന്റെ ഗൗരവം കൊണ്ടുതന്നെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ.ക്കുമേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണ് ബിജെപി.-ആർഎസ്എസ്. നേതൃത്വങ്ങൾ. ഞായറാഴ്ച ചേർന്ന കെപിസിസി. യോഗവും ടി.പി. വധക്കേസിൽ കെ.കെ. രമയുടെ ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ടി പി  വധക്കേസ് സിബിഐ.യെക്കൊണ്ടു അന്വേഷിപ്പിക്കാൻ യു.ഡി.എഫ്. സർക്കാർ പച്ചക്കൊടി കാട്ടിയേക്കും.