ന്യൂഡൽഹി: ഹരിദ്വാറിലെ ആശുപത്രിയിൽ കഴിയുന്ന സിനിമാനടൻ ടി.പി. മാധവന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഹരിദ്വാർ സിറ്റി ആശുപത്രിയിലെ ഐ.സി.യു.വിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റിയേക്കുമെന്നു ഡോക്ടർമാർ അറിയിച്ചു.

ഏതാനും ദിവസങ്ങൾക്കകം നാട്ടിൽ പോകാനാവും. മാധവൻ മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചത് ഏറക്കുറെ ഭേദമായി. വിവരമറിഞ്ഞ് മാധവന്റെ മുംബൈയിലുള്ള ബന്ധു ഡി.പി. ചൗധരി ആശുപത്രിയിലെത്തിയിരുന്നു. അമേരിക്കയിലുള്ള സഹോദരങ്ങൾ 29ന് ഹരിദ്വാറിലെത്തും. ഇതിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി ചികിത്സിക്കും. മുപ്പതിന് നാട്ടിലേക്ക് കൊണ്ടുപോയേക്കും. ഒരുവശം തളർന്നുപോയ അദ്ദേഹത്തിന് ആയുർവേദ ചികിത്സ നൽകാനാണ് തീരുമാനം. മാധവന്റെ ചികിൽസാ ചെലവ് വഹിക്കുമെന്ന് താര സംഘടനായ അമ്മയുെ അറിയിച്ചിട്ടുണ്ട്. അവരും ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ ആരും ഹരിദ്വാറിലെത്തിയില്ല.

ടി.പി. മാധവൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹരിദ്വാർ അയ്യപ്പക്ഷേത്രത്തിലെ മുറിയിൽ കുഴഞ്ഞുവീണത്. ഇവിടത്തെ പൂജാരിയും കണ്ണൂർ പിലാത്തറ സ്വദേശിയുമായ വിഷ്ണുനമ്പൂതിരിയും മലയാളി സംഘടനാ പ്രവർത്തകരുമാണ് മാധവനെ ശുശ്രൂഷിച്ചിരുന്നത്. അടുത്തിടെ കോട്ടയത്ത് സിസ്റ്ററെ കൊന്ന കേസിലെ പ്രതി ഹരിദ്വാറിൽ പിടിയിലായിരുന്നു. ഇതേക്കുറിച്ചുള്ള വാർത്തയിലൂടെ ഹരിദ്വാർ അയ്യപ്പക്ഷേത്രത്തെ കുറിച്ചറിഞ്ഞ് എത്തിയതെന്നാണ് മാധവൻ വിഷ്ണു നമ്പൂതിരിയോട് പറഞ്ഞത്. വിവാഹബന്ധം വേർപെട്ടശേഷം കുടുംബത്തോട് അകന്ന് ഒറ്റയ്ക്കായിരുന്നു മാധവന്റെ ജീവിതം. തിരുവനന്തപുരം സ്വദേശിയായ മാധവൻ സിനിമാ തിരക്കുമായി ബന്ധപ്പെട്ടു കൊച്ചിയിലേക്കു താമസം മാറ്റിയിരുന്നു. കൊച്ചിയിലായിരിക്കെ അഞ്ചുവർഷം മുൻപും പക്ഷാഘാതം സംഭവിച്ചിട്ടുണ്ട്. അന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നാണ് ആരോഗ്യം വീണ്ടെടുത്തത്. ഏറെക്കാലം കൊച്ചിയിൽ കഴിഞ്ഞ അദ്ദേഹം മൂന്നുമാസം മുൻപാണ് വീണ്ടും തിരുവനന്തപുരത്തേക്കു മടങ്ങിയത്.

1970-80 കാലഘട്ടങ്ങളിൽ ഹിറ്റുകളായ പല മലയാളസിനിമകളുടേയും അഭിഭാജ്യഘടകങ്ങളിലൊന്നായ ടിപി മാധവന്റെ ദാമ്പത്യജീവിതം അത്രകണ്ട് ഹിറ്റായിരുന്നില്ല. ദാമ്പത്യജീവിതം മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ വിവാഹമോചിതനാകുകയും ചെയ്തു. പിന്നീട് ഒറ്റയാൻ ജീവിതമായിരുന്നു സിനിമയിലും സ്വകാര്യജീവിതത്തിലും. പ്രായവും രോഗവും ഒറ്റപ്പെടലും വേട്ടയാടാൻ തുടങ്ങിയതോടെ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ടിപി മാധവൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വില്ലൻ പരിവേഷമാണ് നൽകിയത്.ടിപി മാധവൻ സാമ്ബത്തികമായി വളരെയധികം സഹായിച്ച ബന്ധുക്കൾ പോലും മുൻകോപത്തിന്റെയും ദുശാഠ്യങ്ങളുടേയും പേരിൽ ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ കൊച്ചിയിലെ ജിവിതം അവസാനിപ്പിച്ച് രണ്ടു മാസം മുമ്പ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. തിരുവനന്തപുരത്ത് വാടകവീട്ടിലായിരുന്നു താമസം. വീട്ടുടമസ്ഥനുമായിട്ടുള്ള തർക്കം മൂലം വീടൊഴിഞ്ഞ് ശ്രീമൂലം ക്ലബ്ബിലേക്ക് താമസം മാറ്റി.

ശ്രീമൂലം ക്ലബ്ബിൽ രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ആയിരുന്നു ടിപി മാധവന്റെ ആശുപത്രികാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി ജീവനക്കാരോടു വഴക്കിട്ടാണ് അവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോകുകകയായിരുന്നു. പിന്നീട് നാഷണൽ ക്ലബ്ബിലായിരുന്നു താമസം. വീണ്ടും രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ വീണ്ടും എത്തിച്ചെങ്കിലും ടിപിയുടെ മുൻകോപം കാരണം ചികിത്സ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. തുടർന്ന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ നിർദ്ദേശ പ്രകാരം ടിപിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒന്നരമാസമായി ആശുപത്രി ചെലവുകൾ അടക്കം ടിപിയുടെ കാര്യങ്ങൾ നോക്കിയിരുന്നത് ഇടവേള ബാബുവും ഓഫീസ് മാനേജരും ചേർന്നായിരുന്നു. രണ്ടാഴ്ചയോളം കിംസിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയും ചെയ്തു. എന്നാൽ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് കേൾക്കാതെ മാധവൻ ഹരിദ്വാറിലേക്ക് പോയത്.