- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനം പോയ സെൻകുമാറിന് ശമ്പളവും കുറച്ചു; പുതിയ എജി ആദ്യം ഹാജരായത് മുൻ പൊലീസ് മേധാവിയെ നേരിടാൻ; ഇനി അവധി നീട്ടി കൊടുക്കില്ലെന്നും സൂചന; കേന്ദ്ര ഡെപ്യൂട്ടേഷനും തുലാസിൽ; കേസ് നീട്ടിയതോടെ മേസ്തിരിപ്പണിയുടെ ചുമതല ഏൽക്കേണ്ടി വരും
കൊച്ചി: സർവ്വീസ് കേസുകളിൽ വാദത്തിന് കേന്ദ്ര അഡ്‌മിനിസട്രേറ്റീവ് ട്രിബ്യൂണൽ അഡ്വക്കേറ്റ് ജനറൽ നേരിട്ടെത്തുക അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ്. അത് ഇന്ന് സംഭവിച്ചു. അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ ശേഷം അഡ്വക്കേറ്റ് സുധാകർ പ്രസാദിന്റെ ആദ്യ വാദം അഡ്‌മിനിസ്്‌ട്രേറ്റീവ് ട്രൈബുണലിനെതിരെയായിരുന്നു. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ സർക്കാർ നടപടിക്കെതിരെ ഡി.ജി.പി ടി.പി. സെൻകുമാർ നൽകിയ ഹരജിയിൽ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിനായി ഹാജരായത് സുധാകർ പ്രസാദായിരുന്നു. ഇതിലൂടെ സെൻകുമാറിന്റെ സ്ഥലം മാറ്റത്തിൽ സർക്കാർ എടുക്കുന്ന കർശന നിലപാടാണ് വ്യക്തമാകുന്നത്. പൊലീസ് മേധാവായായിരിക്കെ 80,000 രൂപയായിരുന്നു സെൻകുമാറിന്റെ അടിസ്ഥാന ശമ്പളം. പൊലീസ് കൺസ്ട്രക്ഷൻ മേധാവിയായുള്ള നിയമനത്തിലൂടെ അടിസ്ഥാന ശമ്പളം 75,000 ആയി കുറയ്ക്കുകയും ചെയ്തു. അഖിലേന്ത്യ സർവീസ് ചട്ടവും കേരള പൊലീസ് ആക്ടും പ്രകാരം തനിക്കെതിരായ സർക്കാർ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ ഹർജി നൽകിയത്. ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒരു
കൊച്ചി: സർവ്വീസ് കേസുകളിൽ വാദത്തിന് കേന്ദ്ര അഡ്‌മിനിസട്രേറ്റീവ് ട്രിബ്യൂണൽ അഡ്വക്കേറ്റ് ജനറൽ നേരിട്ടെത്തുക അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ്. അത് ഇന്ന് സംഭവിച്ചു. അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ ശേഷം അഡ്വക്കേറ്റ് സുധാകർ പ്രസാദിന്റെ ആദ്യ വാദം അഡ്‌മിനിസ്്‌ട്രേറ്റീവ് ട്രൈബുണലിനെതിരെയായിരുന്നു. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ സർക്കാർ നടപടിക്കെതിരെ ഡി.ജി.പി ടി.പി. സെൻകുമാർ നൽകിയ ഹരജിയിൽ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിനായി ഹാജരായത് സുധാകർ പ്രസാദായിരുന്നു. ഇതിലൂടെ സെൻകുമാറിന്റെ സ്ഥലം മാറ്റത്തിൽ സർക്കാർ എടുക്കുന്ന കർശന നിലപാടാണ് വ്യക്തമാകുന്നത്. പൊലീസ് മേധാവായായിരിക്കെ 80,000 രൂപയായിരുന്നു സെൻകുമാറിന്റെ അടിസ്ഥാന ശമ്പളം. പൊലീസ് കൺസ്ട്രക്ഷൻ മേധാവിയായുള്ള നിയമനത്തിലൂടെ അടിസ്ഥാന ശമ്പളം 75,000 ആയി കുറയ്ക്കുകയും ചെയ്തു.
അഖിലേന്ത്യ സർവീസ് ചട്ടവും കേരള പൊലീസ് ആക്ടും പ്രകാരം തനിക്കെതിരായ സർക്കാർ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ ഹർജി നൽകിയത്. ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയിൽ നിയമിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ നീക്കം ചെയ്യാൻ പാടില്ല. അല്ലാത്തപക്ഷം തക്കതായ കാരണമുണ്ടാകണം എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. ഇത് തരംതാഴ്‌ത്തലാണെന്നും സെൻകുമാർ പറയുന്നു. എന്നാൽ സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരിനുവേണ്ടി എ.ജി ആവശ്യപ്പെട്ടു. ഈ കേസിൽ കേന്ദ്ര അഡ്‌മിനിസട്രേറ്റീവ് ട്രിബ്യൂണൽ 24ന് വാദം കേൾക്കും. സെൻകുമാറിന്റെ ശമ്പളം പോലും വെട്ടിക്കുറച്ചാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ സിഎംഡിയായി സെൻകുമാറിനെ നിയമിച്ചത്.
ഈ പദവി സെൻകുമാർ ഏറ്റെടുത്തിട്ടില്ല. ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ ആദ്യം മൂന്ന് ദിവസത്തെ അവധിയിൽ പ്രവേശിച്ചു. പിന്നീടിത് പത്ത് ദിവസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറിക്കാണ് ഇതിനുള്ള അപേക്ഷകൾ സെൻകുമാർ നൽകിയത്. അതിനിടെ മതിയായ കാരണമില്ലാതെ അവധി അപേക്ഷ ഇനി നൽകിയാൽ അംഗീകരിക്കരുതെന്ന നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് സർക്കാർ നൽകിയിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പത്ത് ദിവസത്തെ അവധി തീരുന്ന ദിവസം സെൻകുമാറിന് ജോലിയിൽ പ്രവേശിക്കേണ്ടിയും വരും. ഇത് സർക്കാർ ഉത്തരവ് അംഗീകരിക്കുന്നതിന് തുല്യമായി മാറും. ഇതിന് കൂടി വേണ്ടിയാണ് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ എജി നേരിട്ടെത്തിയത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഒരുമാസത്തെ സമയമാണ് എജി ആവശ്യപ്പെട്ടത്. എന്നാൽ കോടതി അത് രണ്ടാഴ്ച വരെ അനുവദിച്ചു.
ഉടൻ വാദമെന്ന സെൻകുമാറിന്റെ ആവശ്യം അംഗീകരിച്ചില്ലെന്ന് സാരം. അവധി കാലാവധിക്കുള്ളിൽ ഹർജിയിൽ തീരുമാനം ഉണ്ടാവുകയെന്ന ലക്ഷ്യത്തോടെയാണ് സെൻകുമാർ ഉടൻ നീതി വേണമെന്ന് ആവശ്യപ്പെട്ടത്. കൂടതൽ അവധി നൽകാൻ ഇടയില്ലെന്ന തിരിച്ചറിവിലായിരുന്നു ഇത്. നേരത്തെ മാദ്ധ്യമ വാർത്തകളിലൂടെയാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം സെൻകുമാർ അറിഞ്ഞത്. ഇതോടെ സ്ഥാനം ഒഴിഞ്ഞ് മൂന്ന് ദിവസത്തെ അവധിയിൽ പ്രവേശിച്ചു. ഇവിടേയും തന്ത്രപരമായ സമീപനം സർക്കാർ സ്വീകരിച്ചു. പുതിയ പൊലിസ് മേധാവി സ്ഥാനമേൽക്കും മുൻപ് നിയമനടപടിക്ക് അവസരം ഉണ്ടാകാതിരിക്കാൻ ഉത്തരവ് സർക്കാർ വൈകിക്കുകയായിരുന്നു.
വൈകിട്ടോടെ മാത്രം ഇറക്കിയ ഉത്തരവ് കൈപ്പറ്റിയ ശേഷമാണ് സെൻകുമാർ ഇപ്പോൾ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിലിനെ സമീപിച്ചത്. ഇതിലൂടെ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാർ ചെയ്തത്. ഡി.ജി.പി പദവിയിൽ നിന്ന് തന്നെ മാറ്റിയ ജൂൺ ഒന്നിലെ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഡി.ജി.പി പദവിയിൽ തുടരാൻ അനുവദിക്കണമെന്നുമാണ് ഹർജി. സെൻകുമാർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് പുതിയ ഡി.ജി.പി ചുമതലയേറ്റുവെന്ന് സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. സെൻകുമാർ അവധിയിലായിരുന്നുവെന്നും സർക്കാർ തിടുക്കപ്പെട്ട് സ്ഥലം മാറ്റുകയായിരുന്നുവെന്നും സെൻകുമാറിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഇത് പൊളിക്കാൻ കൂടിയാണ് അവധി അപേക്ഷ നിരസിക്കാനുള്ള തീരുമാനം.
കേരള പൊലീസ് ആക്ടിലെ 97(2) പ്രകാരം സേവനത്തിലെ പോരായ്മകൾ കണക്കിലെടുത്ത് പൊതുജന താത്പര്യം മുൻനിറുത്തി മാറ്റുന്നുവെന്നാണ് സർക്കാർ സെൻകുമാറിന് നൽകിയ ഉത്തരവിൽ പറയുന്നത്. പൊതുജനങ്ങളിൽ നിന്ന് പരാതികളോ അഴിമതിയാരോപണങ്ങളോ തനിക്കെതിരെ ഉണ്ടായിട്ടില്ലെന്ന് സെൻകുമാർ ഹർജിയിൽ പറയുന്നു. 2002 ലും 2009 ലും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. ശബരിമല സീസണിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലുമൊക്കെ മികച്ച രീതിയിലുള്ള ക്രമസമാധാന പാലനമാണ് നടത്തിയത്. എന്നിട്ടും സേവനത്തിലെ പോരായ്മയാണ് സ്ഥലം മാറ്റത്തിനു കാരണമെന്ന വാദം ശരിയല്ല. കേരള കേഡറിലെ 1983 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ തന്നെ മാറ്റി 1985 ബാച്ചിലെ ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു.
നടപടി മൂലം റാങ്കിലും ശമ്പള സ്‌കെയിലിലും കുറവുണ്ടായി. മെമോ നൽകുകയോ വിശദീകരണം തേടുകയോ ചെയ്യാതെയാണ് നടപടി. സുപ്രധാന പൊലീസ് പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരെ രണ്ടു വർഷമെങ്കിലും തുടരാൻ അനുവദിക്കണമെന്ന് പ്രകാശ് സിങ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി ഡി.ജി.പിയായി തുടരാൻ അനുവദിക്കണമെന്ന് സെൻകുമാറിന്റെ ഹർജിയിൽ പറയുന്നു. ഇതുമനസ്സിലാക്കിയാണ് അച്ചടക്ക നടപടിയെന്ന നിലയിൽ സെൻകുമാറിന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കിയത്. ജിഷാ വധം, കലാഭവൻ മണിയുടെ മരണം, പുറ്റിങ്ങൽ കേസ് എന്നിവയാണ് ചൂണ്ടിക്കാട്ടിയത്.
അതിനിടെ സിബിഐ സ്‌പെഷ്യൽ ഡയറക്ടറായി നിയമനം ലഭിക്കാൻ വേണ്ടി കരുനീക്കങ്ങൾ തുടങ്ങിയെന്ന സൂചനകൾ പുറത്തുവന്നു.സിബിഐ ഡയറക്ടർക്കു കീഴിൽ സ്‌പെഷൽ ഡയറക്ടർ തസ്തിക ലക്ഷ്യമിട്ടാണ് സെൻകുമാറിന്റെ നീക്കങ്ങൾ എന്നാണ് അറിയുന്നത്. 1982, '83 ബാച്ചിലെ ഉദ്യോഗസ്ഥർക്കാണ് തസ്തിക ലഭ്യമാകുക. 83 ബാച്ച് കേരള കാഡർ ഉദ്യോഗസ്ഥനായ സെൻകുമാർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായത്തോടെയാണ് കേന്ദ്രസർക്കാറിനെ സമീപിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. നേരത്തെ വെള്ളാപ്പള്ളിയുമായുള്ള അടുപ്പത്തിന്റെ കൂടി പേരിലാണ് അദ്ദേഹത്തിന് സ്ഥാനചലനം ഉണ്ടായത്. അതുകൊണ്ട് തന്നെ ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി സഹായിക്കാൻ വെള്ളാപ്പള്ളി സജീവമായി തന്നെ രംഗത്തുണ്ട്. എന്നാൽ ഇതിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. ഇത് നൽകേണ്ടെന്നാണ് സർക്കാർ തീരുമാനം.
ടി പി ചന്ദ്രശേഖരൻ വധക്കേസ് ഉൾപ്പെടെ പ്രമാദമായ കേസുകൾ പലതും സിബിഐയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ സെൻകുമാറിനെ സിബിഐയിലേക്ക് കൊണ്ടുവന്നാൽ അതു തങ്ങൾക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബിജെപിയും കരുതുന്നുണ്ട്. ചന്ദ്രശേഖരന്റെ വിധവ കെ കെ രമ തന്നെ ബിജെപി നേതാക്കളെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫും എൽഡിഎഫും വധക്കേസിലെ ഉന്നത ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാതെ ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു.
ഈ സാഹചര്യത്തിൽ ടി പി കേസ് അന്വേഷിക്കാൻ കേന്ദ്രം ഒരുങ്ങിയാൽ അതിന് മേൽനോട്ടം വഹിക്കാൻ പറ്റിയ ഉദ്യോഗസ്ഥനാകും സെൻകുമാറെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കി തന്നെയാണ് പിണറായി സർക്കാർ ഈ നീക്കത്തിന് എതിര് നിൽക്കുന്നതും.