- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരൊക്കെ വിമർശനം ഉന്നയിച്ചാലും മോദിയും ഷെരീഫും ഉറച്ചു തന്നെ; എന്തു സംഭവിച്ചാലും ചർച്ചകൾ തുടരും; അധികാരം ഒഴിയും മുമ്പ് തർക്കങ്ങൾ തീർത്ത് ലോകത്തിന്റെ കൈയടി നേടും; പിന്തുടരുന്നത് യൂറോപ്യൻ മോഡൽ
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ നിർബാധം തുടരാനുറച്ച് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ഷെരീഫും മുന്നോട്ടുപോകും. ഇതിനിടെ, എന്തൊക്കെ സംഭവിച്ചാലും സമാധാന ശ്രമങ്ങൾക്ക് ഭംഗം വരുത്തേണ്ടതില്ലെന്നാണ് ഇരുവരുടെയും തീരുമാനം. യൂറോപ്പിലെ നേതാക്കളെപ്പോലെ അനൗപചാരികമായി സന്ദർശനങ്ങൾ നടത്താനും ചർച്ചകൾ നടത്ത
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ നിർബാധം തുടരാനുറച്ച് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ഷെരീഫും മുന്നോട്ടുപോകും. ഇതിനിടെ, എന്തൊക്കെ സംഭവിച്ചാലും സമാധാന ശ്രമങ്ങൾക്ക് ഭംഗം വരുത്തേണ്ടതില്ലെന്നാണ് ഇരുവരുടെയും തീരുമാനം. യൂറോപ്പിലെ നേതാക്കളെപ്പോലെ അനൗപചാരികമായി സന്ദർശനങ്ങൾ നടത്താനും ചർച്ചകൾ നടത്താനും ഇരുനേതാക്കളും തീരുമാനിക്കുകയും ചെയ്തു.
ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ചർച്ചകൾ മുറുകിവരുമ്പോൾ അതിനെ തകർക്കുന്നതിനായി ഭീകരർ നടത്തുന്ന പ്രവർത്തനങ്ങൾ ഇനിമുതൽ ചർച്ചകളെ ബാധിക്കില്ലെന്നാണ് സൂചന. എന്തൊക്കെ വിഘാതങ്ങളുണ്ടായാലും ചർച്ചകളിൽനിന്ന് പിന്നോട്ടുപോകില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിലുള്ള ചർച്ചകൾ ക്രിയാത്മകമായി തുടരും. എത്രത്തോളം മോശമായ സമീപനം ഇരുഭാഗത്തുനിന്നുണ്ടായാലും ഈ തലത്തിലുള്ള ചർച്ചകളെ അത് ബാധിക്കില്ല.
ഇതിന്റെ ഭാഗമായി ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാക്കിസ്ഥാന്റെ സുരക്ഷാ ഉപദേഷ്ടാവ് നസീർ ഖാൻ ജൻജുവയും ഇരുവരുടെയും മൊബൈൽ നമ്പറും ഇ-മെയിൽ വിവരങ്ങളും കൈമാറി. ബാങ്കോക്കിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഇത്. നിയന്ത്രണ രേഖയ്ക്ക് അപ്പുറവും ഇപ്പുറവും എന്തൊക്കെ സംഭവിച്ചാലും, ദേശീയ ഉപദേഷ്ടാക്കൾ തമ്മിലുള്ള ആശയവിനിമയത്തിൽ കുറവുവരാൻ പാടില്ലെന്ന് ഇരുവരോടും മോദിയും ഷെരീഫും നിർദ്ദേശിച്ചിട്ടുണ്ട്. ദോവലും ജൻജുവയും വിവിധ സ്ഥലങ്ങളിൽ സമ്മേളിക്കുകയും വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്യുമെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.
ലാഹോറിൽ അപ്രതീക്ഷിതമായി ലാൻഡ് ചെയ്ത മോദിയും ഷെരീഫും 50 മിനിറ്റോളമാണ് ചർച്ച നടത്തിയത്. തീർത്തും അനൗപചാരികമായ സന്ദർശനമാകയാൽ, കാശ്മീരിനെക്കുറിച്ചോ തീവ്രവാദത്തെക്കുറിച്ചോ ഇരുനേതാക്കളും പരാമർശിച്ചതേയില്ലെന്ന് പാക്കിസ്ഥാൻ സർക്കാർ വൃത്തങ്ങളും അറിയിച്ചു. തികച്ചും സൗഹൃദാന്തരീക്ഷത്തിൽ നടന്ന ചർച്ചയിൽ യോജിപ്പിന്റെ മേഖലകളെക്കുറിച്ചാണ് ഇരുനേതാക്കളും സംസാരിച്ചത്.
മോദിയുമായുള്ള ചർച്ചയിൽ ഷെരീഫ് വളരെ ആവേശഭരിതനായാണ് കാണപ്പെട്ടത്. പൊതുവെ ഫലിതപ്രിയനായ ഷെരീഫ്, ചർച്ചയിലുടനീളം തമാശകൾ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ, ഗൗരവമേറിയ വിഷയങ്ങളിൽ അത് പുലർത്തുകയും ചെയ്തു. ആറുമാസത്തിനുള്ളിൽ ഇരുരാജ്യങ്ങൾക്കും യോജിച്ചുപോകാവുന്ന തലങ്ങളെക്കുറിച്ച് പഠിക്കാനും കണ്ടെത്താനും വിദേശ സെക്രട്ടറിമാർക്ക് ഇരുനേതാക്കളും നിർദ്ദേശം നൽകി.
മാർച്ച് 31-നും ഏപ്രിൽ ഒന്നിനും ഇരുനേതാക്കളും അമേരിക്കയിലുണ്ട്. പ്രസിഡന്റ് ബരാക് ഒബാമ ആതിഥ്യമരുളുന്ന ആണവ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ഇവർ പോകുന്നത്. ഉച്ചകോടിക്കിടെ സംസാരിക്കാവുന്ന വിഷയങ്ങൾ ഏതൊക്കെയെന്ന കാര്യത്തിലും വിദേശ സെക്രട്ടറിമാർ റിപ്പോർട്ട് നൽകും.