പത്തനംതിട്ട: ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസർമാർ മാസപ്പടിയുടെ കാര്യത്തിൽ ലക്ഷപ്രഭുക്കൾ. പ്രതിമാസം നാലുലക്ഷം രൂപ വരെ മാസപ്പടി ലഭിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്ന് വെളിപ്പെടുത്തൽ. മൊത്തവ്യാപാരികളുമായി ഒത്തുചേർന്ന് റേഷൻ തിരിമറി നടത്തിയാണ് താലൂക്ക് സപ്ലൈ ഓഫീസർമാർ അനധികൃതമായി പണം വാങ്ങുന്നത്. റേഷനിങ് ഇൻസ്‌പെക്ടർമാർക്കും മാസപ്പടിയുണ്ട്. തിരിമറി മൂലം ജില്ലയിലേക്കനുവദിക്കുന്ന റേഷൻ വിഹിതത്തിന്റെ 50 ശതമാനം പോലും കടകളിലെത്തുന്നില്ല. ഇത് സംബന്ധിച്ച് അഴിമതി വിരുദ്ധ പ്രവർത്തകൻ പത്തനംതിട്ട സ്വദേശി എം. മുഹമ്മദ് സാലി വിജിലൻസ് ഡയറക്ടർക്ക് വിശദമായ ഹർജി നൽകി. തെളിവും സമർപ്പിച്ചിട്ടുണ്ട്.

ജില്ലയിൽ ഉപഭോക്താക്കൾ റേഷൻ കടകളിലെത്തി കൃത്യമായി സാധനങ്ങൾ വാങ്ങുന്നവരല്ല. ഈ അവസരം മുതലെടുത്താണ് അഴിമതി നടത്തുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻ വിതരണത്തിൽ അഴിമതി നടക്കുന്നതും കൈക്കൂലി ലഭിക്കുന്നതും പത്തനംതിട്ടയിലാണ്. അതിനാൽ വകുപ്പ് മന്ത്രിയുടെ പാർട്ടിക്ക് വൻ തുക നൽകിയാണ് ഉദ്യോഗസ്ഥർ ഇവിടേക്ക് സ്ഥലം മാറ്റം വാങ്ങുന്നത്. നിലവിലുള്ള പ്രധാന ഉദ്യോഗസ്ഥരെല്ലാം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നത് ഈ വൻ തുക ഇടപാട് ശരിവെയ്ക്കുന്നു. ഒരു റേഷൻ വ്യാപാരിയിൽനിന്ന് 3500 രൂപ മുതൽ 5000 രൂപ വരെയാണ് മൊത്തവ്യാപാരികൾ വാങ്ങുന്നത്. മാസത്തിലെ മൂന്നാമത്തെ ആഴ്ചയിൽ കടക്കാർക്ക് റേഷൻ നൽകില്ല.

പകരം മാസപ്പടി തുക ഈടാക്കിയ ശേഷം ആ ആഴ്ചയിലെ റേഷന്റെ വിലയിൽ ബാക്കി തുകയും ബില്ലും വ്യാപാരികൾക്ക് നൽകുകയാണ് ചെയ്യുന്നത്. മൊത്തവ്യാപാരികൾ വാങ്ങിയെടുക്കുന്ന തുകയിൽ 1500 മുതൽ 2000 വരെ താലൂക്ക് സപ്ലൈ ഓഫീസർമാർക്കും 1000 മുതൽ 1500 വരെ റേഷനിങ് ഇൻസ്‌പെക്ടർമാർക്കും എന്നാണ് കണക്ക്. ബാക്കി തുകയാണ് ജില്ലയിലെ ഉദ്യോഗസ്ഥർക്കും ഭരണകക്ഷിക്കും നൽകുന്നതത്രേ.

അഞ്ചു താലൂക്ക് സപ്ലൈ ഓഫീസുകളാണ് ജില്ലയിലുള്ളത്. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവാക്കിയ ആളാണെന്ന് പരാതിയിൽ പറയുന്നു. ഈ ഓഫീസിന്റെ പരിധിയിൽ 143 റേഷൻ കടകളാണുള്ളത്. റേഷൻ വ്യാപാരികളിൽ നിന്ന് 1500 മുതൽ 2000 വരെ ഈടാക്കി നൽകുന്നത് മൊത്തവ്യാപാരിയും പത്തനംതിട്ട ടൗണിലെ ഒരു റേഷൻ വ്യാപാരിയുമാണ്. പ്രതിമാസം 2.5 ലക്ഷം മുതൽ 3 ലക്ഷം വരെയാണ് ഇവിടെ മാസപ്പടി.

കോന്നി താലൂക്ക് സപ്ലൈ ഓഫീസറാകട്ടെ കൊല്ലം ജില്ലക്കാരനാണ്. കോർപ്പറേഷനിലെ ഡെപ്യൂട്ടേഷൻ അനധികൃതമായി ഒഴിവാക്കി താലൂക്ക് സപ്ലൈ ഓഫീസറായി നിയമനം നേടിയ ആളുമാണ്. ഇവിടെ 145 കടകളാണുള്ളത്. മാസപ്പടി ശരാശരി 3 ലക്ഷം വരെയാണ്. മൊത്ത വ്യാപാരിക്ക് പുറമെ ചിറ്റാറിലെ ഒരു റേഷൻ വ്യാപാരിയും ചേർന്നാണ് പണം പിരിച്ചെടുക്കുന്നത്. അടൂർ താലൂക്ക് സപ്ലൈ ഓഫീസറും കൊല്ലം ജില്ലക്കാരനാണ്. 178 കടകളാണ് ഈ ഓഫീസിന്റെ പരിധിയിലുള്ളത്. 3.5 ലക്ഷം വരെയാണ് മാസപ്പടി.

ഇതു മൊത്തവ്യാപാരികളും പന്തളത്തെ ഒരു റേഷൻ വ്യാപാരിയുമാണ് പിരിച്ചെടുക്കുന്നത്. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസർ ആലപ്പുഴ ജില്ലക്കാരനാണ്. 146 കടകളാണ് ഇവിടെയുള്ളത്. ഇവിടെ 2.25 ലക്ഷം വരെയാണ് മാസപ്പടി. മല്ലപ്പള്ളി താലൂക്കിലും സമാനമായ സ്ഥിതിയാണുള്ളത്. ഈ അഴിമതികൾ പ്രത്യേക സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്നും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.