ചെന്നൈ: തമിഴ്‌നാട്ടിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി. പ്രതിമാസ ശമ്പളത്തിൽ അമ്പതിനായിരം രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. 1.05 ലക്ഷമാണ് ഇപ്പോൾ തമിഴ്‌നാട് എംഎൽഎമാരുടെ ശമ്പളം.

ശമ്പളത്തിൽ മാത്രമല്ല, പെൻഷനിലും വർധനയുണ്ട്. 12,000 രൂപയിൽനിന്ന് 20,000 രൂപയായാണ് എംഎൽഎമാരുടെ പെൻഷൻ വർധിപ്പിച്ചത്. ശമ്പള വർധനയ്ക്ക് ജൂലായ് ഒന്നുമുതൽ പ്രാബല്യമുണ്ടാകും. തദ്ദേശ സ്ഥാനപനങ്ങൾക്കുള്ള എംഎൽഎമാരുടെ വിഹിതം രണ്ട് കോടിയിൽനിന്ന് 2.5 കോടിയായും വർധിപ്പിച്ചിട്ടുണ്ട്.

ശമ്പളവും പെൻഷനും വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ബുധനാഴ്ച മന്ത്രിസഭയിൽ പ്രഖ്യാപിച്ചത്. കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ കർഷകർ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് സംസ്ഥാനത്തെ സാമാജികരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം.

ഇതിനിടെ, ശമ്പള വർധനയ്ക്കായി പാർലമെന്റിലും സമാനമായ ആവശ്യം ഉയർന്നു. എംപിമാരുടെ ശമ്പളം വർധിപ്പിക്കണമെന്ന് സമാജ്വാദി പാർട്ടിയുടെ രാജ്യസഭാ എംപി നരേഷ് അഗർവാൾ ഇന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ സെക്രട്ടറിമാരേക്കാൾ കുറഞ്ഞ ശമ്പളമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആനന്ദ് ശർമയും ഇതേ ആവശ്യം ഉന്നയിച്ചു.