കൊളംബോ: ശ്രീലങ്കയുടെ പ്രതിപക്ഷ നേതാവായി തമിഴ് വംശജൻ ആർ സംപന്തനെ തെരഞ്ഞെടുത്തു. 2001 മുതൽ തമിഴ് ദേശീയ സഖ്യം (ടി.എൻ.എ) തലവനാണ് അഭിഭാഷകൻ കൂടിയായ സംപന്തൻ. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ ടി.എൻ.എ രാജ്യത്തെ മൂന്നാമത് വലിയ കക്ഷിയായി മാറിയിരുന്നു. ആദ്യ രണ്ടു പാർട്ടികളുടേയും നേതാക്കന്മാരായ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ടി.എൻ.എ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായത്.

സ്പീക്കർ കരു ജയസൂര്യയാണ് പ്രഖ്യാപനം നടത്തിയത്. 1977ൽ അപ്പാ പിള്ളൈ അമൃതലിംഗമാണ് മുൻപ് ഈ സ്ഥാനം വഹിച്ച തമിഴ്‌നേതാവ്. എന്നാൽ തമിഴർക്ക് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെ അനുകൂലിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടതിനെതുടർന്ന് രാജിവച്ചു.