കണ്ണൂർ: തമിഴ്‌നാട് പച്ചക്കറിയിൽ വിഷാംശമുണ്ടെന്ന് തന്റെ പരിശോധനയിൽ തെളിഞ്ഞെന്ന വാർത്ത നിഷേധിച്ച് അഖിലേന്ത്യ കീടനാശിനി നിർണ്ണയ ഗവേഷണ പദ്ധതിയുടെ കോ.ഓഡിനേറ്ററായ ശർമ്മ രംഗത്തെത്തി. തമിഴ്‌നാട് പച്ചക്കറി സാമ്പിളുകൾ എടുത്ത് പരിശോധിച്ചതിൽ വിഷാംശം കണ്ടെത്തിയെന്ന് മലയാളത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് എതിരെയാണ് ഡോ. ശർമ്മ രംഗത്തെത്തിയത്. കേരളത്തിന്റെ ആരോപണപ്രകാരം കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര സമിതി ഡോ.ശർമ്മയെ തമിഴ് നാട്ടിലെ പച്ചക്കറിയിൽ അമിത കീടനാശിനി പരിശോധിക്കാൻ നിയോഗിച്ചെന്നായിരുന്നു പ്രചാരണം. ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത് മനോരമ ഓൺലൈൻ ആയിരുന്നു.

ഭക്ഷ്യ സുരക്ഷാ അഥോറിറ്റി നിയോഗിക്കുകയോ താനോ തന്റെ വകുപ്പോ അത്തരമൊരു പരിശോധന ഇപ്പോൾ നടത്തിയിട്ടില്ലെന്നും ഡോ. ശർമ്മ വ്യക്തമാക്കി. മനോരമയുടെ ഇംഗ്ലീഷ് ഓൺലൈനിൽ ഇത്തരമൊരു വാർത്ത വന്നതിനെതിരെ ക്രോപ്പ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യ അഭിഭാഷകൻ മുഖേനെ നോട്ടീസയച്ചിരിക്കയാണ്. തമിഴ് നാട്ടിലെ വിഷലിപ്ത പച്ചക്കറിക്കെതിരെ കേരളം നടത്തിയ പോരാട്ടം കേന്ദ്രം അംഗീകരിച്ചെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റി ഇത് സ്ഥിരീകരിച്ചിരിക്കയാണെന്നുമാണ് മനോരമ ഇംഗ്ലീഷ് ഓൺലൈനിൽ വാർത്തയായി വന്നത്. ഇതിനെതിരെയാണ് ഇപ്പോൾ ഗവേഷണ പദ്ധതിയുടെ കോ ഓർഡിനേറ്ററായ ശർമ്മ തന്നെ രംഗത്തെത്തിയത്.

കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളിൽ നേരിട്ടു പോയി നടത്തിയ അന്വേഷണത്തിലും പച്ചക്കറികളിൽ വിഷാംശമുണ്ടെന്ന് തെളിഞ്ഞുവെന്നാണ് വാർത്ത. കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റി നടത്തിയ അന്വേഷണത്തിലും പരിശോധനയിലും പച്ചക്കറികളിലെ വിഷസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടെന്നായിരുന്നു മനോരമ ഓൺലൈൻ വഴി പ്രസിദ്ധീകരിച്ചത്. മനോരമ ഓൺലൈൻ ഇത് കെട്ടിച്ചമച്ച കഥയാണെന്നു കാട്ടി ഡൽഹിയിൽ പ്രവർത്തിക്കുന്ന ക്രോപ്പ് കെയർ ഫെഡറേഷനോഫ് ഇന്ത്യ പ്രമുഖ അഭിഭാഷകനായ ഹിരണ്യ പാണ്ഡെ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കയാണ്.

സപ്തംബർ 24 നു ഫാക്‌സ്, ഇ.മെയിൽ, സ്പീഡ് പോസ്റ്റ്, എന്നിവ വഴി അയച്ച ഹിരണ്യ പാണ്ഡെയുടെ നോട്ടീസിൽ ഏഴു ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ മനോരമ മറുപടി നൽകിയട്ടില്ല. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നല്കിയ റിപ്പോർട്ട് കണക്കിലെടുത്ത് കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റി സ്വന്തം നിലക്കു നടത്തിയ പരിശോധനകളിൽ തമിഴ്‌നാട് പച്ചക്കറി വിഷലിപ്തമാണെന്ന് കണ്ടെത്തിയതായും മനോരമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകിയെന്നു പറയുന്ന ഡോ. കെ.കെ. ശർമ്മയുടെ ഔദ്യോഗിക പദവി പോലും എന്താണെന്ന് മനോരമ വ്യക്തമാക്കിയിരുന്നില്ല.

പച്ചക്കറികളിലെ വിഷം നിർണ്ണയിക്കുന്നതിന്റെ ഗവേഷണപദ്ധതി കോഓഡിനേറ്ററായി ഡോ.കെ.കെ.ശർമ്മയെ ഇത്തരം ഒരു പരിശോധനക്ക് ആരും നിയോഗിച്ചിട്ടില്ല. എന്നാൽ മനോരമ ഒരു കെ.കെ. ശർമ്മയെ വിശദീകരിച്ച അന്വേഷണത്തിന് നിയമിച്ചുവെന്നും തമിഴ് നാട്ടിൽ നിന്നും പച്ചക്കറി സാമ്പിളുകൾ ശേഖരിച്ചു വെന്നും പറയുന്നു. തമിഴ് നാട് അഗ്രി കൾച്ചറൽ യൂനിവേഴ്‌സിറ്റിയിലും കേരളാ അഗ്രി കൾച്ചറൽ യൂനിവേഴ്‌സിറ്റിയിലും പരിശോധിച്ച് വിഷാംശം കണ്ടെത്തിയെന്നുമാണ് വെളിപ്പെടുത്തിയത്.

മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത തെറ്റാണെന്ന് നോട്ടീസിൽ സമർത്ഥിക്കുന്നു. ഡോ.കെ.കെ.ശർമ്മയെ പച്ചക്കറിയിലെ വിഷാംശം പരിശോധിക്കാൻ നിയോഗിച്ചിട്ടുണ്ടോ എന്നതിനു തെളിവു നൽകണം, കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റി നിർദ്ദേശിച്ച പ്രകാരം ഡോ. കെ.കെ. ശർമ്മ കണ്ടെത്തിയ പരിശോധനയിലെ വിഷാംശം അധികമാണോ എന്നും തെളിയിക്കണം, ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റിക്കു വേണ്ടി തമിഴ്‌നാട്ടിലെ എത്ര സാംബിളുകൾ ശേഖരിച്ചുവെന്നും എപ്പോൾ ശേഖരിച്ചതാണെന്നും അതിന്റെ ഫലം എന്താണെന്നും തെളിവു നൽകണം എന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. നോട്ടീസിൽ ഇപ്പറഞ്ഞ കാര്യങ്ങൾക്ക് ഇതുവരെ മനോരമ മറുപടി നൽകിയിട്ടില്ല.

മനോരമയുടെ ഇംഗ്ലീഷ് ഓൺലൈനിൽ 'സെൻട്രൽ ആസ്‌ക് ടി.എൻ.ടു. കേബ് യൂസ് ഓഫ് പെസ്റ്റിസൈഡ്‌സ് ' എന്ന ശീർഷകത്തിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. മനോരമ പത്രത്തിലും മാതൃഭൂമിയിലും ഈ വാർത്ത വന്നിരുന്നു. ഇംഗ്ലീഷ് ഓൺ ലൈനിൽ വന്ന വാർത്തയായതിനാലാണ് ക്രോപ്പ് ഫെഡറേഷൻ പെട്ടെന്ന് പ്രതികരിച്ചത്. തമിഴ് നാട്ടിലെ ലാബുകളിൽ നടത്തിയ പരിശോധനയിലും അമിത കീടനാശിനി പ്രയോഗം കണ്ടെത്തിയെന്ന കേരളത്തിന്റെ നിലപാട് ഇതുവരെ അവർ അംഗീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി കേരളത്തിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ കൃഷിയുടെ വിവിധ ഘട്ടങ്ങളിലും വിളവെടുപ്പിനു ശേഷവും പച്ചക്കറികളിൽ വൻ തോതിൽ കീടനാശിനികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നാണ് പറയുന്നത്. തെളിവ് നിരത്തി ഭക്ഷ്യ സുരക്ഷാ ജോയന്റ് കമ്മീഷണർ അനിൽ കുമാർ സമിതി തയ്യാറാക്കിയ റിപ്പോർട്ട് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി വി അനുപമ സർക്കാരിന് കൈമാറിയിരുന്നു.

മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും റിപ്പോർട്ടിലെ കാര്യങ്ങൾ തമിഴ്‌നാടിനെ അറിയിച്ചെങ്കിലും അവർ അനങ്ങിയില്ല. ഇതേ തുടർന്നാണ് കേരളം കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റിയെ സമീപിച്ചത്. അതു പ്രകാരം ഡോ.കെ.കെ. ശർമ്മയെ വിഷാംശ പരിശോധനക്ക് ചുമതലപ്പെടുത്തിയെന്നായിരുന്നു പ്രചരണം. എന്നാൽ ഇക്കാര്യം അദ്ദേഹം പൂർണ്ണമായും നിഷേധിച്ചിരിക്കയാണ്. ശർമ്മയുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ തമിഴ്‌നാട്ടിൽ നിന്നുള്ള സമ്മർദ്ദമുണ്ടോ എന്ന കാര്യവും വ്യക്തമല്ല.