- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏനാദിമംഗലത്തുകാർക്ക് തലവേദനയായി വീണ്ടും ടാർ മിക്സിങ് പ്ലാന്റ്; ഇക്കുറി എത്തുന്നത് ഗുരുതരമായ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ഡ്രം മിക്സ് പ്ലാന്റ്; അനുമതി നൽകാൻ മടിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്: ഒത്താശ ചെയ്ത് സിപിഎം പ്രാദേശിക നേതൃത്വം
തിരുവനന്തപുരം: ധനമന്ത്രിയുടെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിനെതിരേ സമരം ചെയ്ത് തളർന്ന അടൂർ ഏനാദിമംഗലത്തുകാർക്ക് ഇരട്ടിപ്പണിയുമായി മറ്റൊരു പ്ലാന്റ് കൂടി ഇളമണ്ണൂർ കിൻഫ്ര പാർക്കിലേക്ക്. മന്ത്രി ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധു കിൻഫ്ര പാർക്കിൽ സ്ഥാപിച്ചത് മലിനീകരണ തോത് കുറഞ്ഞ അത്യന്താധുനിക പ്ലാന്റായിരുന്നുവെങ്കിൽ ഇനി വരാൻ പോകുന്നത് അതിഭീകരമായ തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ഡ്രം മിക്സ് പ്ലാന്റാണ്.
ഇതാകട്ടെ സെക്കൻഡ് ഹാൻഡ് പ്ലാന്റാണ് താനും. ജനരോഷം ഭയന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റിന് അനുമതി നൽകിയിട്ടില്ല. എന്നാൽ, അനുമതി നൽകാൻ വേണ്ടി സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. കൊടുമൺ, അടൂർ ഏരിയാ കമ്മറ്റിയിലെ രണ്ടു നേതാക്കളും ഒരു പഞ്ചായത്തംഗവും പ്ലാന്റിന് അനുവാദം വാങ്ങി നൽകാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് സജീവമായി രംഗത്തുണ്ട്.
ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള പാലത്ര കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് പ്ലാന്റ് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നത്. കലഞ്ഞൂർ മധുവിന്റെ പ്ലാന്റ് ഇവിടെ സ്ഥാപിച്ചത് ചൂണ്ടിക്കാട്ടിയാണ് രണ്ടാമതും പ്ലാന്റ് സ്ഥാപിക്കാനുള്ള ആവശ്യം കൺസ്ട്രക്ഷൻ കമ്പനി ഉയർത്തുന്നത്. എന്നാൽ, രണ്ടു പ്ലാന്റും തമ്മിൽ അജഗജാന്തരമാണുള്ളത്.
മധുവിന്റെ മാവനാൽ കൺസ്ട്രക്ഷൻ കമ്പനി സ്ഥാപിച്ചിട്ടുള്ള പ്ലാന്റിന് മലിനീകരണ തോത് തീർത്തും കുറവാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് സാക്ഷ്യപ്പെടുത്തുന്നു. വിദേശരാജ്യങ്ങളിൽ അടക്കം ഉപയോഗിക്കുന്ന തരം പ്ലാന്റാണ് ഇത്. പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നതിനെതിരേ സിപിഎം ഭരിക്കുന്ന ഏനാദിമംഗലം പഞ്ചായത്ത് കമ്മറ്റി അടക്കം രംഗത്തു വന്നു.
പ്രതിഷേധ സമരത്തിന് സിപിഎം നേതൃത്വം നൽകുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ ഹിയറിങിൽ പ്ലാന്റിന് അന്തരീക്ഷ മലിനീകരണം കുറവാണെന്ന് വിലയിരുത്തി. തുടർന്ന് പ്ലാന്റ് സ്ഥാപിക്കാൻ അനുവാദം നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണയിൽ പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനവും തുടങ്ങി. സിപിഎം നേതാക്കളിൽ ചിലരും ഒരു പഞ്ചായത്തംഗവും പ്ലാന്റിനെതിരായ സമരത്തിൽ ഡബിൾ പ്ലേ നടത്തിയെന്ന ആരോപണവും ഉയർന്നു.
ഇതേ നേതാക്കൾ തന്നെയാണ് ഇപ്പോൾ ഡ്രം പ്ലാന്റ് കൊണ്ടുവരാനുള്ള ക്വട്ടേഷൻ എടുത്തിരിക്കുന്നത്. മധുവിന്റെ പ്ലാന്റ് പോലെ മലിനീകരണം കുറഞ്ഞതാണ് ഇനിയും വരുന്നതെന്നും അതിനെതിരേ സമരം വേണ്ടെന്നുമുള്ള സന്ദേശം ഇവർ നൽകി കഴിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ സ്വന്തം നാട്ടിലാണ് പ്ലാന്റ് വരുന്നത്. ജില്ലാ സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് പ്ലാന്റിന് അനുമതി വാങ്ങി നൽകാനാണ് രണ്ടു ജനപ്രതിനിധികൾ അടക്കം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.
അടൂരിൽ എന്തു വന്നാലും ഏറ്റെടുത്ത് നടപ്പാക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുന്ന ഒരു ഏരിയാ നേതാവും ഇവർക്കൊപ്പം ചേർന്നിട്ടുണ്ട്. പ്ലാന്റ് വരുന്ന വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഡ്രം മിക്സ് പ്ലാന്റിന് മലിനീകരണ തോത് കൂടുതലാണ്. സെക്കൻഡ് ഹാൻഡ് യന്ത്രമാകുന്നതോടെ അത് വീണ്ടും കൂടും. രണ്ടാമതൊരു പ്ലാന്റ് ഏനാദിമംഗലത്ത് വരുന്ന വിവരം നാട്ടുകാരിൽ നിന്ന് മറച്ചു വച്ചിരിക്കുകയാണ്. അനുമതി കിട്ടുന്നതു വരെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനാണ് നീക്കം.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ എതിർപ്പാണ് തിരിച്ചടിയായിരിക്കുന്നത്. ജനവാസ മേഖലയിൽ ഡ്രം മിക്സ് പ്ലാന്റ് സ്ഥാപിക്കാൻ അനുവാദം കൊടുക്കാൻ നിലവിലുള്ള ചട്ടപ്രകാരം ബോർഡിന് കഴിയില്ല. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കിപ്പിക്കാൻ വേണ്ടിയാണ് നേതാക്കൾ തിരുവനന്തപുരത്ത് കറങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ