ന്യൂയോർക്ക്: ന്യൂയോർക്കിൽ വെച്ച് കത്തിക്കുത്തേറ്റ സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. ലോകത്തെ ഞെട്ടിക്കുന്ന ആക്രമണമാണ് ഉണ്ടായത്. ലോകനേതാക്കൾ ആക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് എഴുത്തുകാരി തസ്ലീമ നസ്രിനും രംഗത്തുവന്നു. സൽമാൻ റൂഷ്ദി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു തസ്ലീമ നസ്രിന്റെ പ്രതികരണം. ഇസ്ലാമിനെ വിമർശിക്കുന്ന ആരും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്നും തസ്ലീമ നസ്രിൻ വ്യക്തമാക്കി.

സൽമാൻ റൂഷ്ദി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത വലിയ ഞെട്ടൽ ഉളവാക്കി. ഇങ്ങനെ നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അദ്ദേഹം യൂറോപ്പിലാണ് താമസം. 1989 മുതൽ അദ്ദേഹം സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആക്രമിക്കപ്പെട്ടൂ എങ്കിൽ, ഇസ്ലാമിനെ വിമർശിക്കുന്ന ആരു വേണമെങ്കിലും ആക്രമിക്കപ്പെടാം. എനിക്ക് ആശങ്കയുണ്ട്- തസ്ലീമ നസ്റിൻ ട്വിറ്ററിൽ കുറിച്ചു.

അതിനിടെ ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തി. ഫ്രാൻസ് സൽമാൻ റുഷ്ദിക്കൊപ്പം നിൽക്കുന്നതായി മാക്രോൺ അറിയിച്ചു. അക്രമം ഭീരുത്വപരമാണെന്ന് മാക്രോൺ പ്രതികരിച്ചു. 33 വർഷമായി സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പിന്തിരിപ്പിക്കലുകൾക്കെതിരെയും റുഷ്ദി പോരാടുകയാണ്. വെറുപ്പ് നിറഞ്ഞവരിൽ നിന്നുള്ള ഭീരുത്വപരമായ ആക്രമണത്തിനാണ് അദ്ദേഹം ഇരയായത്. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ നമ്മളുടേത് കൂടിയാണ് -മാക്രോൺ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച അമേരിക്കയിൽ നടന്ന സാഹിത്യ പരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന 24കാരൻ വേദിയിലെത്തി റുഷ്ദിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇൻസ്റ്റിറ്റിയൂഷനിൽ നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയാണ് അക്രമം ഉണ്ടായത്. സ്റ്റേജിൽ ഓടിക്കയറി റുഷ്ദിയെ 15 തവണ കുത്തിയത്. ഹാദി മത്താർ എന്ന 24 കാരനായ യുവാവിനെ സംഭവസ്ഥലത്ത് വെച്ചു തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ഇറാൻ സർക്കാരിനോടും ഇസ്ലാമിക് റിപ്പബ്ലിക് ഗാർഡിനോടും ഉള്ള സ്േനഹവും ആഭിമുഖ്യവുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പറയുന്നതായി ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. റുഷ്ദിയുടെ പുറകിൽ കൂടി ഓടിയെത്തിയ ഇയാൾ പതിനഞ്ച് തവണ റഷ്ദിയെ കുത്തിയതായി ദൃക്‌സാക്ഷികൾ പറയുന്നു. കുത്തിയതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മത്താറിനെ, സ്റ്റേജിലേക്ക് ഇരച്ചു കയറിയ ജനക്കൂട്ടമായിരുന്നു പിടികൂടിയത്. കേഴ്‌വിക്കാർക്കിടയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ റഷ്ദിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി.

തുടർന്ന് വ്യോമമാർഗ്ഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൻസിൽവാനിയയിലെ എറിയിൽ അദ്ദേഹം ഇപ്പോൾ ആശുപത്രി ചികിത്സയിലാണ്. അതീവ ഗുരുതര നിലയിലായ അദ്ദേഹത്തിന്റെ കാഴ്‌ച്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് അദ്ദേഹത്തിന്റെ വക്താവും അറയിച്ചിരിക്കുന്നത്.

1981ൽ പുറത്തിറങ്ങിയ 'മിഡ്‌നൈറ്റ്‌സ് ചിൽഡ്രൺ' എന്ന നോവലിലൂടെ പ്രശസ്തിയാർജിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരനാണ് റുഷ്ദി. 1988ൽ പ്രസിദ്ധീകരിച്ച 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകമാണ് കോളിളക്കം സൃഷ്ടിച്ചത്. പാക്കിസ്ഥാൻ, സൗദി അറേബ്യ, കെനിയ, തായിലൻഡ്, താൻസാനിയ, ഇന്തോനേഷ്യ, സിംഗപ്പൂർ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ പുസ്തകം നിരോധിച്ചു. ഇറങ്ങി ഒമ്പത് ദിവസത്തിനകം ഇന്ത്യയിലും പുസ്തകം നിരോധിച്ചു.

1989ൽ ഇറാൻ പരമോന്നത് നേതാവ് ആയത്തുല്ല ഖാംനഈ റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം യു.എസ് ഡോളർ ഇനാം പ്രഖ്യാപിച്ചു. 1990 ഡിസംബർ 24-ന് റുഷ്ദി പരസ്യമായി ക്ഷമാപണം നടത്തി. പിന്നീട് 1998ൽ റുഷ്ദിക്കെതിരായ വധശിക്ഷ ആഹ്വാനം ഇറാൻ ഔദ്യോഗികമായി പിൻവലിച്ചു. ഏറെക്കാലം ഒളിവിൽ കഴിഞ്ഞ റുഷ്ദി, 2000 മുതൽ അമേരിക്കയിലാണ് താമസം. പുസ്തകത്തിനെതിരെ പലയിടത്തായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ ശമിച്ചെങ്കിലും 'ദ സാത്താനിക് വേഴ്സസ്' ഇന്നും ചർച്ചാവിഷയമാണ്.

ഇറാനിലെ, മരണമടഞ്ഞ മുൻ ആത്മീയ നേതാവ് ആയത്തോള്ള റുഹൊല്ല ഖൊമീനി ആയിരുന്നു 1989-ൽ റഷ്ദിയെ വധിക്കാനുള്ള ഫത്ത്വാ ഇറക്കിയത്. റുഷ്ദിയെ വധിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഏറെക്കാലം പൊലീസ് സുരക്ഷയിലാണ് റുഷ്ദി കഴിഞ്ഞത്. പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമായത്.

കനത്ത പാരിതോഷികം വാഗ്ദാനം ചെയ്തുള്ള കൊലപാതകാഹ്വാനത്തിനു ശേഷം ബ്രിട്ടീഷ് സർക്കർ ഒരുക്കിയ സുരക്ഷയിൽ ഒളിജീവിതത്തിനു പോയ റഷ്ദി ഏകദേശം ഒമ്പത് വർഷത്തോളം ഒളിവ് ജീവിതം നയിച്ചു. അതിനു ശേഷം പുറത്ത് വന്ന് പൊതുപരിപാടികളിൽ സജീവമാകാൻ തുടങ്ങിയ അദ്ദേഹം മത തീവ്രവാദത്തിനെതിരെയുള്ള തന്റെ കടുത്ത നിലപാടുകൾ പലയിടത്തും തുറന്ന് വ്യക്തമാക്കിയിരുന്നു. 2000 മുതൽ അദ്ദെഹം അമേരിക്കയിലാണ് താമസം.