- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെആർഡി തുടക്കത്തിൽ ടാറ്റ എയർ സർവീസസ് എന്നും പിന്നീട് ടാറ്റ എയർലൈൻസ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സർവീസ് 1953ൽ കേന്ദ്രം ഏറ്റെടുത്തു; 15,300 കോടിയുടെ നഷ്ടമായപ്പോൾ തിരികെ കൈമാറ്റം; എയർ ഇന്ത്യക്ക് നല്ലകാലം എത്തുമോ? ടാറ്റ ഏറ്റെടുക്കുന്നത് വമ്പൻ ആകാശ വെല്ലുവിളി; ഇന്ന് കൈമാറ്റം നടന്നേക്കും
ന്യൂഡൽഹി: എയർ ഇന്ത്യ വിമാന കമ്പനി ഇന്ന് മുതൽ ടാറ്റയ്ക്ക് സ്വന്തം. എയർ ഇന്ത്യയിലെ ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച (27) ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ കഴിഞ്ഞ തിങ്കളാഴ്ച എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറും. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെതാകും.
അന്തിമ വരവുചെലവ് കണക്കുകൾ അവലോകനം ചെയ്തതിനു ശേഷം മാറ്റങ്ങൾ ഉണ്ടെങ്കിൽ കമ്പനി വ്യക്തമാക്കുമെന്നു എയർലൈൻസ് ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകളുടെ 100 % ഓഹരികളും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (സാറ്റ്‌സ്) 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുക.
എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണു ടാറ്റ ഒന്നാമതെത്തിയത്. എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും. ആധുനിക വത്കരണത്തിലൂടെ എയർഇന്ത്യയെ ലാഭത്തിലാക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറും. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെതാകും.
കഴിഞ്ഞ വർഷം ഒക്ടോബർ എട്ടാം തീയതിയാണ് എയർ ഇന്ത്യ ടാറ്റയുടെ ഹോർഡിങ് കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുന്നത്. നിലവിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 102 സ്ഥലങ്ങളിലേയ്ക്ക് എയർ ഇന്ത്യ കമ്പനി സർവീസ് നടത്തുന്നുണ്ട്. അതേസയമം, ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ്, ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ എന്നീ രണ്ട് യൂണിയനുകൾ എയർ ഇന്ത്യയുടെ സിഎംഡി വിക്രം ദേവദത്തിന് നിയമപരമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി അവകാശങ്ങളും, ആനുകൂല്യങ്ങളും പൈലറ്റുമാർക്ക് ലഭിക്കാനുണ്ടെന്നും, ഇവരുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ തീരുമാനമെടുക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.
വിമാനത്തിൽ പ്രവേശിക്കുന്നതിന് മുൻപ്, ജീവനക്കാരുടെ വസ്ത്രധാരണവും, ബോഡി മാസ് ഇൻഡക്സും പരിശോധിക്കാൻ എയർ ഇന്ത്യ ജനുവരി 20ന് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എയർ ഇന്ത്യ എംപ്ലോയീസ് യൂണിയൻ (എഐഇയു), ഓൾ ഇന്ത്യ ക്യാബിൻ ക്രൂ അസോസിയേഷൻ (എഐസിസിഎ) എന്നീ സംഘടനകൾ തിങ്കളാഴ്ച എയർ ഇന്ത്യയ്ക്ക് കത്തെഴുതി. പുറപ്പെടുവിച്ച ഉത്തരവ് മനുഷ്യത്വരഹിതമാണെന്നും ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ നിർദ്ദേശിച്ച നിയമങ്ങളുടെ ലംഘനമാണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
2020 ഡിസംബറിലാണ് നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സൺസും സ്പൈസ് ജെറ്റും മാത്രമായിരുന്നു. ലേലത്തിൽ ടാറ്റ വിജയിച്ചുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും കേന്ദ്രസർക്കാർ ആ വിവരം നിഷേധിക്കുകയാണുണ്ടായത്. ജെആർഡി തുടക്കത്തിൽ ടാറ്റ എയർ സർവീസസ് എന്നും പിന്നീട് ടാറ്റ എയർലൈൻസ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സർവീസ് 1953ലാണ് കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്.
2007 ൽ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിപ്പിച്ചു. ഇതുവരൊയി എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിക്കുന്നത് 2017ലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ