- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോടുകാരുടെ കാൻസർ ചികിത്സയെ കുറിച്ച് ആവലാതിപെടുന്ന സർക്കാറിന് ഒന്നും ചെയ്യാനില്ലേ? 551 കിടക്കകൾ ഉള്ള ടാറ്റ കോവിഡ് ആശുപത്രി ഇനിയെന്തു ചെയ്യമെന്ന് സർക്കാറിന് ആശയക്കുഴപ്പം; കോവിഡ് രോഗികളുടെ എണ്ണം പത്തിൽ താഴെ ആയതോടെ 79 ഡോക്ടർമാരെയും സ്ഥലം മാറ്റി
കാസർകോട്: കാസർകോട്ടെ കാൻസർ രോഗികൾക്ക് മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് ആർസിസിയിൽ എത്തി ചികിത്സ നടത്തി മടങ്ങാം.. കെ റെയിൽ പദ്ധതിയെ ന്യായീകരിക്കാൻ സിപിംഎം സഖാക്കൾ ഇടയ്ക്കിടെ പറയുന്ന കാര്യമാണ് ഇത്. എങ്കിലും കാസർകോട്ട് നല്ലൊരു ആശുപത്രി പണിയാൻ സർക്കാർ തയ്യാറല്ല. ഉള്ള സൗകര്യങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിൽ പോലും സർക്കാറിന് വ്യക്തത ഇല്ലാത്ത അവസ്ഥയാണ്.
കോവിഡ് വ്യാപനം ഏറെക്കുറെ ഇല്ലാതായതോടെ ചട്ടഞ്ചാൽ തെക്കിലെ ടാറ്റാ കോവിഡ് എന്തു ചെയ്യണമെന്ന കാര്യത്തിൽ സർക്കാറിന് ഇനിയും വ്യക്തതയില്ല. ആശുപത്രി ഇതര ചികിത്സാ കേന്ദ്രമായി നിലനിർത്തണമെന്ന് ആവശ്യം ശക്തമായിട്ടും അതേക്കുറിച്ചൊന്നും സർക്കാർ ചിന്തിക്കുന്നില്ല. മികച്ച സൗകര്യങ്ങളോടു കൂടിയായി കാൻസർ ചികിത്സ കേന്ദ്രമാക്കി മാറ്റണം എന്നത് അടക്കമുള്ള ആവശ്യങ്ങളും സജീവമാണ്. ഇതേക്കുറിച്ചൊന്നും സർക്കറിന് യാതൊരു ധാരണയും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.
ആശുപത്രിയെ ഏതു രീതിയിൽ ഇനി പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം വേറെ ഭൂമി നൽകാമെന്ന വ്യവസ്ഥയിൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് അസോസിയേഷനിൽ നിന്ന് ഏറ്റെടുത്ത 1.6695 ഹെക്ടർ വഖഫ് ഭൂമിയിലാണ് കോവിഡ് ആശുപത്രി ഉള്ളത്. ഓരോ കണ്ടെയ്‌നറിലും 5 വീതം കിടക്ക എന്ന നിലയിൽ 551 കിടക്കകളോടെ ഉള്ള ആശുപത്രി 2020 സെപ്റ്റംബർ 9 നാണ് ടാറ്റാ ഗ്രൂപ്പ് നിർമ്മാണം പൂർത്തിയാക്കി സർക്കാരിനു കൈമാറിയത്.
ഇപ്പോൾ കോവിഡ് പോസിറ്റീവ് കേസുകൾ പേരിനു മാത്രമായതോടെ ഇനി ഈ ആശുപത്രിയുടെ ഭാവി എന്ത് എന്നത് അനിശ്ചിതത്വത്തിലാണ്. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും കൂടുതൽ കെട്ടിട സംവിധാനങ്ങൾ ഒരുക്കിയും ആശുപത്രി ജില്ലയിലെ ആരോഗ്യമേഖലയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലയിലെ വിവിധ ജന പ്രതിനിധികളുൾപ്പെടെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള 79 പേരെ സ്ഥലം മാറ്റിയിരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പത്തിൽ താഴെ ആയതോടെയാണ് കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള 79 പേരെ സ്ഥലം മാറ്റിയത്. വർക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് മാറ്റം.
കോവിഡ് കാലം കഴിയുമ്പോൾ ഈ ആശുപത്രി നഷ്ടമാകുമോ എന്നുള്ള ആശങ്കയിലാണ് പൊതുജനം. ടാറ്റാ ആശുപത്രിയെ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താനുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. അതേസമയം ഭരണച്ചുമതല നൽകിയാൽ കിഡ്‌നി രോഗികൾക്കുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണ്.
ജില്ലാ പഞ്ചായത്തിനെ ആശുപത്രിയുടെ ഭരണ ചുമതല ഏൽപ്പിക്കണമെന്ന് എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉൾപ്പടെ ഉള്ളവർ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്. എൻഡോസൾഫാൻ ബാധിത മേഖല ആയതിനാൽ ദുരിത ബാധിതർക്കായുള്ള ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇനി കാസർകോട്ടെ ടാറ്റാ ആശുപത്രിയുടെ ഭാവി തീരുമാനിക്കേണ്ടത് സർക്കാരും ആരോഗ്യ വകുപ്പുമാണ്.
മറുനാടന് മലയാളി ബ്യൂറോ