ന്യൂഡൽഹി: നികുതി റിട്ടേൺ കൃത്യമായി ഫയൽ ചെയ്യാത്ത 65 ലക്ഷത്തോളം പേരെ കൃത്യമായി പിടികൂടാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. നേരിട്ടുള്ള നികുതി വരുമാനത്തിൽ ഒന്നര ലക്ഷം കോടി രൂപയുടെ അധിക നികുതി വരുമാനം നിലവിലെ നടപടികളിലൂടെ കൈവന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. നികുതി കൃത്യമായി അടയ്ക്കാത്ത കൂടുതൽ പേരെ കണ്ടെത്താൻ കഴിഞ്ഞതോടെ 2017-18 സാമ്പത്തിക വർഷം തന്നെ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നാണ് കേന്ദ്ര വിലയിരുത്തൽ.

നികുതി കൃത്യമായി അടയ്ക്കാത്ത 65 ലക്ഷം പേർ ഉണ്ടെന്നാണ് ഇപ്പോൾ കണക്കുകൂട്ടൽ. ഇവരിൽ നിന്നുകൂടി നികുതി കൃത്യമായി ലഭിച്ചുതുടങ്ങുന്നതോടെ അത് വലിയ നേട്ടമാകുമെന്നും കേന്ദ്രം വിലയിരുത്തുന്നു. ഉറവിടത്തിൽ തന്നെ ഈടാക്കുന്ന നികുതിയും ഉറവിടത്തിൽ പിരിച്ചെടുക്കുന്ന നികുതിയും (ടിഡിഎസും ടിസിഎസും അഡ്വാൻസ് നികുതിയും ഇതിന് പുറമെ കൃത്യമായി റിട്ടേൺ നൽകുന്നവരിൽ നിന്നുള്ള നികുതിയും എല്ലാം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും വർധിച്ചിട്ടുണ്ട്. ഇ-മെയിൽ വഴിയും മൊബൈൽ സന്ദേശങ്ങൾ വഴിയും നികുതി അടയ്ക്കാൻ പ്രേരിപ്പിച്ച് നടത്തിയ പ്രചരണങ്ങൾക്ക് ഫലം കൂടിവരുന്നുണ്ട്.

ഇത്തരത്തിൽ നികുതിദായകരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഇനിയും നികുതി നൽകാൻ തയ്യാറാകാത്തവരുണ്ട്. ഇവരെ കണ്ടെത്തി നികുതിദായകരുടെ എണ്ണം കൂട്ടാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇനിയും ഒന്നരക്കോടി പേരിൽ നിന്നെങ്കിലും ടാക്‌സ് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര അധികൃതർ വ്യക്തമാക്കുന്നു. ഇതോടെ നികുതിദായകരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്.
2017-18 സാമ്പത്തിക വർഷം മാത്രം പുതുതായി 1.07 കോടി വ്യക്തികൾ നികുതി റിട്ടേൺ ഫയൽ ചെയ്തിരുന്നു.

ഈ എണ്ണംകൂടലിന് കാരണങ്ങളിൽ ഒന്ന് 2016ലെ കറൻസി നിരോധനവും ആയിരുന്നു. ഉയർന്ന വരുമാനം വെളിപ്പെടുത്തേണ്ടിവന്ന സാഹചര്യം ഉണ്ടായതോടെയാണ് ഇത്. നേരിട്ടുള്ള നികുതിവരുമാനത്തിലെ വർധന മുൻ വർഷത്തെ അപേക്ഷിച്ച് പത്തുലക്ഷം കോടിയായി ഉയർന്നിട്ടുമുണ്ട്. പുതുതായി റിട്ടേൺ ഫയൽ ചെയ്ത മൂന്നുലക്ഷം പേർ സ്വയം വരുമാനം വിലയിരുത്തി 6,500 കോടിയുടെ നികുതി അടയ്ക്കുകയും ചെയ്തു.