ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച നികുതി നിർദ്ദേശങ്ങളടങ്ങുന്ന ഫിനാൻസ് ബിൽ ബുധനാഴ്ച ലോക്‌സഭ പാസ്സാക്കി. ഏപ്രിൽ ഒന്നുമുതൽ ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും. ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാക്കിയതുമുതൽ നാൽപതോളം നിർദ്ദേശങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്. നികുതി നിയമത്തിൽ പ്രധാന പത്ത് നിർദ്ദേശങ്ങൾ.

1. രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരുമാനമുള്ളവരിൽനിന്ന് ഈടാക്കിയിരുന്ന ആദായ നികുതി പത്തുശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കി കുറച്ചു. വർഷം 12,500 രൂപയിൽക്കൂടുതൽ നികുതിയിനത്തിൽ ലാഭിക്കാൻ ഇത് അവസരം നൽകും.

2. മൂന്നര ലക്ഷം രൂപ വരുമാനമുള്ളവർക്ക് 5,150 രൂപയ്ക്ക് പകരം 2575 രൂപയാകും അടയ്‌ക്കേണ്ടിവരിക. ടാക്‌സ് റിബേറ്റ് 5,000-ൽനിന്ന് 2,500 രൂപയായി കുറച്ചതോടെയാണിത്.

3. 50 ലക്ഷത്തിനും ഒരുകോടിക്കുമിടയിൽ വരുമാനമുള്ളവർക്ക് പത്ത് ശതമാനം സർചാർജുകൂടി നികുതിയിൽ ഈടാക്കും. ഒരുകോടിക്കുമേൽ വരുമാനമുള്ളവർക്ക് 15 ശതമാനമാണ് സർചാർജ്.

4. സ്ഥാവരവസ്തുക്കൾ കൈവശംവെക്കുന്നതിനുള്ള കാലയളവ് മൂന്നുവർഷത്തിൽനിന്ന് രണ്ടുവർഷമാക്കി. രണ്ടുവർഷത്തിലേറെ കൈവശംവെക്കുന്ന വസ്തുക്കൾക്ക് 20 ശതമാനമാകും നികുതി.

5. നാണ്യപ്പെരുപ്പമനുസരിച്ച് വിലനിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാന തീയതി 1981 ഏപ്രിൽ ഒന്നിൽനിന്ന് 2001 ഏപ്രിൽ ഒന്നാക്കിമാറ്റി.

6. എൻ..എച്ച്.എ.ഐ, ആർ.ഇ.സി. ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന് പുറമെ, നോട്ടിഫൈഡ് ബോണ്ടുകളിലുള്ള നിക്ഷേപത്തിനും നികുതിയിളവ് ബാധകമാക്കി.

7. അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് റിട്ടേൺ സമർപ്പിക്കാൻ ലളിതമായ അപേക്ഷാഫോമുകൾ. ആദ്യതവണ നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ അപേക്ഷകൾ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കില്ല.

8. 2017-18 വർഷത്തെ ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കാൻ വൈകുന്നവർക്കുള്ള പിഴ, ഡിസംബർ 31ന് മുമ്പ് സമർപ്പിച്ചാൽ 5000 രൂപയും അത് കഴിഞ്ഞാൽ 10,000 രൂപയുമാക്കി. അഞ്ചുലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് പിഴ 1000 രൂപയാണ്.

9. രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങൾക്കുള്ള ഇളവുകൾ പിൻവലിച്ചു. ഇതിനകം ഈ പദ്ധതിയിൽ ടാക്‌സ് ഡിഡക്ഷൻ ലഭിച്ചിട്ടുള്ളവർക്ക് തുടർന്നും രണ്ടുവർഷം കൂടി ഡിഡക്ഷൻ ലഭിക്കും.

10. ടാക്‌സ് റിട്ടേൺ പുനപരിശോധിക്കുന്നതിനുള്ള കാലയളവ് രണ്ട് വർഷത്തിൽനിന്ന് ഒരുവർഷമായി ചുരുക്കി.