മുംബൈ: ഇന്ത്യയിലാകെ 131 കോടി ജനങ്ങൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. അതിൽ രണ്ടു ശതമാനംപേർ പോലും നികുതി അടയ്ക്കുന്നവരല്ല എന്നത് ലോകം ഞെട്ടലോടെയാണ് അറിയുന്നത്. നോട്ട് പിൻവലിക്കലും മറ്റുമായി കള്ളപ്പണക്കാരെ പിടിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും കേവലം 25 ശതമാനം പേരേ മാത്രമേ കൂടുതലായി നികുതിപ്പട്ടികയിൽ ചേർക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് വീണ്ടും ഞെട്ടിക്കുന്നത്.

ഈ വർഷത്തെ ആദ്യ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതിയായ ഓഗസ്റ്റ് അഞ്ചുകഴിഞ്ഞപ്പോൾ ആകെ സമർപ്പിച്ചത് 2.82 കോടി പേരുമാത്രമാണ്. കോർപറേറ്റ് കമ്പനികൾക്കും മറ്റും ഒരുമാസം കൂടി സമയം ഉണ്ടെങ്കിലും എന്തുകൊണ്ട് 131 കോടി ജനങ്ങളും നികുതി അടയ്ക്കത്ത് എന്ന ചോദ്യമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ എല്ലാവരെയും നികുതിയടക്കുന്നവരാക്കിയാൽ ഇന്ത്യയ്ക്കും ഉടൻ വളർച്ചനേടാനാകും എന്നതാണ് ഒരുവശത്ത് ചർച്ച.

നോട്ട് പിൻവലിക്കൽ പ്രഖ്യാപിക്കുമ്പോൾ സർക്കാരിന്റെ കണക്കുകൂട്ടലുകളിലൊന്ന് കൂടുതൽപേരെ നികുതിവലയ്ക്കുള്ളിൽ കൊണ്ടുവരാനാകും എന്നതായിരുന്നു. എന്നാൽ, വിചാരിച്ചത്ര ഫലമുണ്ടായില്ല എന്നതാണ് കണക്കുകൾ തെളിയിക്കുന്നത്.. മുൻവർഷത്തെക്കാൾ 25 ശതമാനം വർധനയുണ്ടായെങ്കിലും ആകെ റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം മൂന്നുകോടിയിൽത്താഴെ മാത്രമാണ്. മുൻവർഷം 2.26 കോടി ആളുകളാണ് റിട്ടേണുകൾ സമർപ്പിച്ചത്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ആദായനികുതി വലയ്ക്ക് പുറത്താണെന്നാണതാണ് ഇപ്പോഴത്തെയും യഥാർഥ വസ്തുത. 2,82,92,955 പേരൊഴികയുള്ള ഇന്ത്യയിലെ ജനങ്ങളെല്ലാം ദരിദ്രരാണെന്നോ നികുതി സ്ലാബിന് താഴെയാണെന്നോ വിശ്വസിക്കുക പ്രയാസം. 2015-2016 കാലത്തെക്കാൾ 9.9 ശതമാനം വർധനയാണ് 2016-2017 കാലത്തുണ്ടായത്. അതുവെച്ച് താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴത്തെ വർധന ശ്രദ്ധേയമാണെന്ന് തോന്നാം. എന്നാൽ, പരമാവധി ആളുകൾ ഇപ്പോഴും നികുതിവലയ്ക്ക് പുറത്തുതന്നെയാണെന്നതാണ് യഥാർഥ്യം.

എന്നാൽ, 25.3 ശതമാനം വർധന നോട്ടസാധുവാക്കൽ ഉൾപ്പെടെയുള്ള ക്ലീൻ മണി പദ്ധതി വിജയമാണെന്ന് തെളിയിക്കുന്നതായി ആദായ നികുതിവകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ പ്പറയുന്നു. കള്ളപ്പണത്തിനെതിരായ സർക്കാരിന്റെ പോരാട്ടം വിജയിച്ചുവെന്നതിന് തെളിവാണ് ഈ വർധനയെന്നും ആദായനികുതിവകുപ്് അവകാശപ്പെടുന്നു.

പേഴ്‌സണൽ ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 41.79 ശതമാനത്തിന്റെ വർധനയുണ്ടായതായും നികുതിവകുപ്പ് കണക്കാക്കുന്നു. സെൽഫ് അസസ്‌മെന്റ് ടാക്‌സിനുകീഴിലുള്ള പേഴ്‌സണൽ ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പണത്തിൽ 34.25 ശതമാനത്തിന്റെയും വർധനയുണ്ടായി.

നവംബർ ഒമ്പതിനാണ് മോദി സർക്കാർ 500ന്റെയും 1000ന്റെയും നോട്ടുകൾ അസാധുവാക്കി കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. കള്ളപ്പണത്തെയും നികുതിവെട്ടിപ്പിനെയും ചെറുക്കാനാണ് ഈ നീക്കമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു. 80സി, 80യു തുടങ്ങി നികുതിയിളവ് ലഭിക്കുന്നവ കിഴിച്ച് വാർഷിക വരുമാനം രണ്ടരലക്ഷത്തിലധികം വരുന്നവർ മാത്രമാണ് ആദായനികുതി അടയ്‌ക്കേണ്ടത്.

134 കോടി ജനങ്ങളിൽ 131 കോടിയും ഇത്തരം കണക്കിന് പുറത്താണെന്നത് അവിശ്വസനീയമായ കാര്യമാണ്. എല്ലാവരെയും നികുതി പരിധിക്കുള്ളിൽകൊണ്ടുവരികയും പരമാവധി പേരിൽനിന്ന് നികുതി പിരിച്ചെടുക്കുകയും ചെയ്യാതെ, ഉദ്ദേശിച്ച ലക്ഷ്യം ഇന്ത്യക്ക് കൈവരിക്കാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.