ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുറയുമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. യു.എസിലെ ചുഴലിക്കാറ്റ് കാരണമാണ് ഇന്ധനവില കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നത് അനുസരിച്ച് ഇന്ത്യയിലും ഏതാനും ദിവസങ്ങൾക്കകം വില കുറയും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വില കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുമോ എന്ന ചോദ്യത്തിന്, നികുതി കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് വികസന പ്രവർത്തനങ്ങൾക്കും പണം ആവശ്യമാണ്. അതിനാൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കില്ല. നല്ല റോഡും ശുദ്ധജലവും ലഭ്യമാക്കാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനും പണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ നികുതിയിലൂടെ പിരിക്കുന്ന പണമാണ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. സർക്കാരിന്റെ വരുമാനം നികുതിയിലൂടെയാണ് വരുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരണമെന്ന തന്റെ മുൻ നിലപാടും മന്ത്രി ആവർത്തിച്ചു. സംസ്ഥാനങ്ങളുമായുള്ള സമവായത്തിലൂടെയാണ് ജി.എസ്.ടി നടപ്പിലാക്കിയത്. പെട്രോളിയം ഉൽപ്പന്നങ്ങളും വൈകാതെ ജി.എസ്.ടിക്ക് കീഴിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.