തിരുവനന്തപുരം: യൂബർ ടാക്‌സി ഡ്രൈർമാർ മറ്റ് ടാക്‌സി ഡ്രൈവർമാരുടെ മർദ്ദനത്തിനിരയാവുന്നതിലെ ഏറ്റവും അവസാനത്തെ സംഭവമാണ് ഇന്നലെ കോവളം താജ് ഹോട്ടലിന് സമീപത്ത് അരങ്ങേറിയത്. യാത്രക്കാരുമായി കോവളം ലീലാ ഹോട്ടലിലേക്ക് പോകാൻ തുടങ്ങിയ യൂബർ ടാക്സി ഡ്രൈവറെ മർദ്ദിച്ച് അവശനാക്കുകയും കാർ തല്ലി തകർത്ത് സിസി അടയ്ക്കാനായി സ്വരുക്കൂട്ടി വച്ചിരുന്ന പണവും അടിച്ച് മാറ്റുകയും വാർത്തയാണ് ഇന്ന് പുറത്തു വരുന്നത്. പൂജപ്പുര സ്വദേശി അനുവാണ് ഈ ക്രൂര മർദ്ദനത്തിന് ഇരയായത്. കാർ തടഞ്ഞു നിർത്തി അടിച്ച് തകർക്കുകയും അനുവിനെ പുറത്തേക്ക് വലിച്ചിഴച്ച് റോഡിലിട്ട ശേഷം കല്ല് കൊണ്ടും ഇരുമ്പ് കമ്പികൊണ്ടും അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുമാണ് സംഘം മടങ്ങിയത്. കഴുത്തിനും തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ അനു ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സിസി അടയ്ക്കാൻ സൂക്ഷിച്ചിരുന്ന പതിനായിരത്തി അറുന്നൂറ് രൂപയും അന്നത്തെ കളക്ഷൻ തുകയും കൊണ്ടാണ് അക്രമികൾ മടങ്ങിയത്.

സംഭവത്തെക്കുറിച്ച് ഡ്രൈവർ പറയുന്നത് ഇങ്ങനെ:
ഇന്നലെ രാത്രി ഏകദേശം പത്ത് മണിയോടെയാണ് കോവളം താജ് വിവാന്റാ ഹോട്ടലിൽ നിന്നും പിക്ക്അപ്പ് ലൊക്കേഷനായി സവാരി ബുക്ക് ചെയ്തത്. യാത്രക്കാരെ എടുക്കുന്നതിനായി അപ്പോൾ തന്നെ അവിടേക്ക് പോവുകയായിരുന്നു. നോർത്ത് ഇന്ത്യൻ ദമ്പതികളായ രണ്ടുപേരായിരുന്നു യാത്രക്കാർ. ഇവരേയും കൂട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അൽപ്പം അകലെയായി നാലു പേർ ഇരിക്കുന്നത് കാണാമായിരുന്നു. വാഹനം പുറത്തേക്കിറങ്ങിയ ഉടൻ തന്നെ മുഖം സ്‌കാർഫ് കൊണ്ട് മറച്ച് നാലുപേർ അസഭ്യ വർഷം നടത്തി ഓടിയെത്തുകയും കൈയിലുണ്ടായിരുന്ന ഒരു വലിയ ഉരുളൻകല്ലുകൊണ്ട് വാഹനത്തിന്റെ മുൻപിലെ ഗ്ലാസ് അടിച്ച് തകർക്കുകയുമായിരുന്നു. ഡോറിന്റെ ഗ്ലാസ് തുറന്നിട്ടതിനാൽ കല്ലുകൊണ്ട് കഴുത്തിന് പിൻവശത്തും തലയിലും മർദ്ദിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. ഇതിനിടയിൽ കൈയിലുണ്ടായിരുന്ന കമ്പികൊണ്ട് മർദ്ദിച്ചു. അത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് കൈക്ക് പരിക്കേറ്റത്. തലയ്ക്കടിയേറ്റ ശേഷം ചെറുതായി തലകറങ്ങിയപ്പോൾ തന്നെ സുഹൃത്ത് ഹനീഫയെ വിവരമറിയിക്കുകയായിരുന്നു. ഇയാളാണ് അനുവിനെ ആശുപത്രിയിലെത്തിച്ചത്.

ഉടൻ തന്നെ വണ്ടിയുടെ പിൻഗ്ലാസും അക്രമികൾ അടിച്ച് തകർക്കുകയായിരുന്നു. ഭാര്യയുടെ സ്വർണ്ണവും കടം വാങ്ങിയ പണവും എല്ലാം ചേർത്താണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാരുതി സുസുക്കി റിറ്റ്സ് കാർ അനു സ്വന്തമായി വാങ്ങിയത്. ഗഘ 01 ആഥ 3805 നമ്പർ കാർ ഇപ്പോൾ തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ്. കാറിന്റെ ഗ്ലാസ് തകർത്ത ശേഷം അക്രമികൾ യൂബറിന്റെ ഡിവൈസും നശിപ്പിച്ചു. ഫോൺ വഴി ഘടിപ്പിച്ചിരിക്കുന്ന ഈ ഡിവൈസിലെ ആപ്ലിക്കേഷനിലൂടെയാണ് ഒരു ദിവസത്തെ മൊത്ത വരുമാനവും മറ്റും കണക്ക് കൂട്ടുന്നത്. ഇതൊടൊപ്പം അനുവിന്റെ പത്രണ്ടായിരം രൂപ വിലവരുന്ന ലെനോവ മൊബൈൽ ഫോണും അക്രമികൾ തകർത്തു. കോവളത്ത് വച്ച് മുൻപും തനിക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടായതായി അനു പറഞ്ഞു. മുൻപ് ഒരു സവാരിക്ക് പോയപ്പോഴും നീയന്നും ഇവിടെ ഒരു ഓൺലൈനും ഉണ്ടാക്കണ്ടടാ എന്ന് പറഞ്ഞ് ചിലർ അക്രമിച്ചതായും അനു പറയുന്നു. മറ്റ് ടാക്സി ഡ്രൈവർമാരുടെ യൂബർ ടാക്സിക്കാരോടുള്ള ദേഷ്യം എല്ലാവർക്കുമറിയുന്നതാണല്ലോ എന്നായിരുന്നു സമീപത്തുണ്ടായിരുന്ന മറ്റ് ഡ്രൈവർമാരുടെ പരാതി.

പൂജപ്പുരയിലെ വാടകവീട്ടിലാണ് അനുവും അച്ഛൻ സിദ്ദിഖും അമ്മ നസീമയും താമസിക്കുന്നത്. ഭാര്യയും മകളും എറണാകുലം ഇടപ്പള്ളിയിലെ ഭാര്യ വീട്ടിലും. 15വർഷമായി ഡ്രൈവർ ജോലി ചെയ്യുന്നയാളാണ് 34 വയസ്സ് പ്രായമുള്ള അനു. നേരത്തെ ഒരു വ്യവസായിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അസുഖ ബാധിതരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും ജനപ്രിയമായതിനാൽ കൂടുതൽ സർവ്വീസ് ലഭിക്കുമെന്ന പ്രതീക്ഷയുമാണ് ഒരു വർഷം മുൻപ് യൂബറിലെത്തിച്ചത്. ടാക്സിയായി ഓടികൊണ്ടിരുന്ന വണ്ടിയാണ് ആദ്യം യൂബറിനായും ഉപയോഗിച്ചിരുന്നത്. സ്വന്തം വണ്ടിയാകുമ്പോൾ കൂടുതൽ വരുമാനമാകുമെന്ന് കരുതിയാണ് ഇല്ലാത്ത പണമുണ്ടാക്കി പുതിയ വണ്ടി വാങ്ങിയതെന്ന് പറയുമ്പോൾ അനുവിന്റെ മുഖത്ത് നിസ്സഹായത തെളിഞ്ഞ് കാണാമായിരുന്നു. അളിയന്റെ കൈയിൽ നിന്നും കടം വാങ്ങിയ പണവും ഭാര്യയുടെ സ്വർണ്ണവും ഉൾപ്പെടെ പണയം വച്ചാണ് കാറിനായി ആദ്യത്തെ പേയ്മെന്റ് നൽകിയത്.

ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് എറണാകുളത്ത് ഭാര്യയുടെ വീട്ടിലേക്ക് പോകാനിരുന്നതിനാലാണ് ബുധനാഴ്ച ഇന്ത്യൻ ബാങ്കിന്റെ പൂജപ്പുര ശാഖയിലടയ്ക്കേണ്ട തുക സുഹൃത്തിനെ ഏൽപ്പിക്കാനായി അനു കാറിൽ തന്നെ സൂക്ഷിച്ചത്. സാധാരണ ടാക്സി ഡ്രൈവർമാർ റിട്ടേൺ തുകയടക്കം ഇരട്ടി ചാർജ് വാങ്ങുമ്പോൾ തങ്ങൾക്ക് തിരിച്ചും ഓട്ടം കിട്ടും എന്നത്കൊണ്ടാണ് യൂബറിൽ നിരക്ക് മറ്റ് ടാക്സികളെ അപേക്ഷിച്ച് കുറവ് വരുന്നത്. ഇത് മനസ്സിലാക്കാതെയാണ് മറ്റ് ടാക്സി ഡ്രൈവര്മാരുടെ പെരുമാറ്റം. ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആദ്യ ഘട്ടത്തിൽ കൂടുതൽ ഭീഷണിയുയർത്തിയിരുന്നതെങ്കിലും ഇപ്പോൾ അത് കുറഞ്ഞ് വന്നിട്ടുണ്ടെന്നും ഡ്രൈവർമാർ പറയുന്നു.