രുക്കുവ്യവസായത്തെ എണ്ണക്കച്ചവടത്തിലൂടെ മറികടന്ന റിലയൻസിനെ ഐടി കമ്പനിയിലൂടെ ടാറ്റ വീണ്ടും മറികടന്നു. ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 5328 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ് ഇന്ത്യയിലെ ഏറ്റവും ലാഭത്തിലുള്ള കമ്പനിയായി മാറി. റിലയൻസിന്റെ 23 വർഷം നീണ്ട കുത്തക അവസാനിപ്പിച്ചുകൊണ്ടാണ് ടിസിഎസ് ഒന്നാം സ്ഥാനത്തേയ്ക്ക് കയറിവന്നത്.

എണ്ണ, ടെലിക്കോം മേഖലയിൽനിന്ന് കോടികൾ വാരിയിരുന്ന റിലയൻസ് ഇൻഡസ്ട്രീസിന് ക്രൂഡ് ഓയിൽ വിലയിലെ ഇടിവാണ് നഷ്ടമുണ്ടാക്കിയത്. 5256 കോടി രൂപയാണ് റിലയൻസിന്റെ ലാഭം. വർഷങ്ങൾക്കുശേഷമാണ് റിലയൻസിന്റെ വരുമാനത്തിൽ ഇടിവ് സംഭവിക്കുന്നത്. ആദ്യമായാണ് ഒരു ഐടി കമ്പനി ഇന്ത്യൻ വ്യവസായ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ വലിയ മാറ്റത്തിന് ടിസിഎസിന്റെ നേട്ടം വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ഐടി രംഗത്ത് ഇത് പുതിയ ഉണർവുണ്ടാക്കും. ചെലവുചുരുക്കലിന്റെ ഭാഗമായി 30,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന ആരോപണം ടിസിഎസിനെതിരെ അടുത്ത കാലത്തുയർന്നിരുന്നു. അതിനിടെയാണ് ചരിത്രപരമായ നേട്ടം കമ്പനി കൈവരിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്.

ടാറ്റയുടെ പരമ്പരാഗത വ്യവസായമായ ടാറ്റ സ്റ്റീലിനെ മറികടന്നാണ് റിലയൻസ് ഇന്ത്യൻ വ്യവസായ സാമ്രാജ്യത്തിന്റെ കുത്തക സ്വന്തമാക്കുന്നത്. മറ്റൊരു മേഖലയിലെ മിന്നുന്ന പ്രകടനത്തിലൂടെ ടാറ്റ ഇന്ത്യൻ കുത്തക തിരിച്ചുപിടിക്കുകയാണിപ്പോൾ. ഐടി രംഗത്ത് ഇന്ത്യയിൽ വലിയ സാധ്യതകൾ ഇനിയുമുണ്ടെന്ന് തെളിയിക്കുക കൂടിയാണ് ടിസിഎസിന്റെ ഈ പ്രകടനം.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ തകർച്ചയാണ് റിലയൻസിനെ തളർത്തിയത്. എന്നാൽ ആഗോള തലത്തിൽ ഐടിരംഗത്ത് കുതിപ്പുണ്ടായതായി ഗവേഷണ സ്ഥാപനമായ ഗാർട്ട്‌നർ വ്യക്തമാക്കുന്നു. 2014-നെ അപേക്ഷിച്ച് ഇക്കൊലലം ഐടി രംഗത്ത് 2.4 ശതമാനത്തിന്റെ വർധനവുണ്ടാകുമെന്ന് 'വേൾഡ്‌വൈഡ് ഐടി സ്‌പെൻഡിങ് ഫോർകാസ്റ്റ്' സൂചിപ്പിക്കുന്നു.

ലോകത്തെ ഐടി കമ്പനികളിൽ ആദ്യ പത്തിൽ ടിസിഎസിന് ഇപ്പോൾ സ്ഥാനമുണ്ട്. 2012-ൽ 13-ാം സ്ഥാനത്തായിരുന്നു കമ്പനി. 2013-ലാണ് ആദ്യ പത്ത് സ്ഥാപനങ്ങളിലൊന്നായി ടിസിഎസ് മാറിയത്. ഐബിഎം, ഫുജിറ്റ്‌സു, എച്ച്പി, അസെൻച്വർ, എൻടിടി, സാപ്, ഓറക്കിൾ, കാപ്‌ജെമിനി, സിഎസ്‌സി എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു സ്ഥാപനങ്ങൾ. മൂന്നുലക്ഷത്തിലേറെപ്പേർ ജോലി ചെയ്യുന്ന ടിസിഎസ് ജീവനക്കാരുടെ എണ്ണത്തിലും ലോകത്ത് മുൻപന്തിയിലുള്ള ഐടി സ്ഥാപനമാണ്.