പത്തനംതിട്ട: ട്യൂഷൻ ക്ലാസിൽ രണ്ടു ദിവസം ഹാജരാകാത്തതിന് മതിയായ കാരണം വെളിപ്പെടുത്തിയിട്ടും അദ്ധ്യാപകന്റെ ക്രൂര മർദനം. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയിന്മേൽ അദ്ധ്യാപകനെതിരേ പൊലീസ് കേസെടുത്തു.

ഏനാത്ത് വയല ശ്രീനിലയത്തിൽ സന്തോഷ് കുമാറിന്റെ മകൻ നീരജി (14) നാണ് മർദ്ദനമേറ്റത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ നീരജ് പറക്കോട്ടെ ട്യൂഷൻ സെന്ററിൽ രണ്ട് ദിവസമായി ഹാജരായിരുന്നില്ല. പിന്നീട് വന്നപ്പോൾ ക്ലാസിൽ എത്താതിരുന്നതിന് അവധിക്കുള്ള അപേക്ഷയും ട്യൂഷൻ ക്ലാസിൽ ഹാജരാക്കി.

എന്നാൽ,ക്ലാസിലെത്തിയ പ്രധാനാധ്യാപകൻ സന്തോഷ് കുമാർ (രാധാകൃഷ്ണൻ) കഴിഞ്ഞ ദിവസത്തെ ട്യൂഷൻ സമയത്തെക്കുറിച്ച് നീരജിനോട്അന്വേഷിക്കുകയും വ്യക്തമായ ഉത്തരം നൽകിയില്ലെന്ന കാരണം പറഞ്ഞ് തടി കഷണം ഉപയോഗിച്ച് കൈപ്പത്തിക്ക് അടിക്കുകയുമായിരുന്നു. കൈപ്പത്തിക്ക് ഗുരുതരമായി പരുക്കേറ്റ നീരജിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പാരലൽ കോളേജ് പ്രധാനാധ്യാപകൻ സന്തോഷ് കുമാറിനെതിരെ അടൂർ പൊലീസ് കേസെടുത്തു.