പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. ചെർപ്പുളശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ അദ്ധ്യാപകൻ വി.ടി. ശശികുമാറിനെതിരെയാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് അദ്ധ്യാപകൻ ഒളിവിൽപ്പോയി. പോക്‌സോ നിയമപ്രകാരമാണ് അദ്ധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

ചെർപ്പുളശേരി ഗവ യുപി സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയെ ഈ മാസം 8ന് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആറു വസയുമാത്രം പ്രായമുള്ള കുട്ടിയുടെ മുഖത്തു കണ്ട പരിക്കാണ് ബന്ധുക്കളെ സംശയത്തിലാക്കിയത്. തുടർന്ന് ചൈൽഡ് ലൈനെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോളാണ് പീഡനവിവരം പുറത്തുറിഞ്ഞത്. മിഠായി വാങ്ങിത്തരാം എന്ന വ്യാജേന അദ്ധ്യാപകൻ കുട്ടിയെ വിളിപ്പിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

തുടർന്ന് അദ്ധ്യാപകൻ ശശികുമാറിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പട്ടാമ്പി സ്വദേശിയായ ഇയാൾ അഞ്ചു മാസം മുമ്പാണ് സ്‌കൂളിൽ എത്തിയത്. അതേസമയം, സംഭവം കൈകാര്യം ചെയ്യുന്നതിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായതായിട്ടാണ് റിപ്പോർട്ട്.

എട്ടാം തീയതി സംഭവം നടന്നിട്ടും വിവരം പൊലീസിനെയും ബന്ധപ്പെട്ട അധികൃതരെയും അറിയിക്കുന്നതിൽ സ്‌കൂൾ അധികൃതർക്കു വീഴ്ചയുണ്ടായി. സ്‌കൂളിന് നാണക്കേടുണ്ടാക്കുന്ന സംഭവത്തിൽ അദ്ധ്യാപകന് അവധി നല്കി പറഞ്ഞുവിടുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.