മംഗളൂരു:  കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് നടത്തുന്ന വിദ്യാലയത്തിലെ അദ്ധ്യാപികക്ക് സേവനശേഷം ആനുകൂല്യം ലഭിക്കണമെങ്കിൽ അക്കാദമിക്ക് ഡയറക്ടറുടെ കൂടെ കഴിയണം. അതിനു വിസമ്മതിച്ചാൽ മാനസിക പീഡനവും മോഷണാരോപണവും. മാനസിക പീഡനത്തിനിരയായ കമ്പ്യൂട്ടർ അദ്ധ്യാപിക സ്‌കൂൾ ഓഫീസിനു മുന്നിൽ ബോധമറ്റു വീണു. ഒരു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം രണ്ടാഴ്ചയോളം സൈക്യാട്രിസ്റ്റിന്റെ ചികിത്സയിൽ കഴിയേണ്ടി വന്നു. പരാതി നൽകി രണ്ടര മാസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ മാള പൊലീസും ചർച്ചിന്റെ സ്വാധീനത്തിനു വഴങ്ങി. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയതോടെയാണ് മുങ്ങിയ കേസ് പൊങ്ങിയത്.

ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ അഷ്ടമിച്ചിറ വിജയ് ഗിരി പബ്ലിക്ക് സ്‌ക്കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപികയും വകുപ്പു മേധാവിയുമായിരുന്ന കെ.എം. ജമുനക്കാണ് ഈ ദുരനുഭവം. ഭർത്താവ് രാജേഷ് കുമാറിനൊപ്പം മംഗളൂരുവിൽ താമസിക്കുകയാണ് കണ്ണൂർ പയ്യന്നൂർ കാങ്കോലിലെ കെ.എം. ജമുന. മംഗളൂരുവിൽ എം.ടെക്കിന് പ്രവേശനം ലഭിച്ചതോടെ രണ്ടു വർഷത്തെ അവധിക്കായി സ്‌ക്കൂൾ മാനേജർ പി.സി. തോമസിനെ കണ്ടു സംസാരിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ ലീവ് അനുവദിക്കപ്പെട്ടില്ല. അതേ തുടർന്ന് 2015 നവംബർ മാസം 9 ന് ജമുന രാജിക്കത്ത് നൽകി. അതോടൊപ്പം പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ഗ്രാറ്റ്‌വിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകണമെന്ന് പ്രിൻസിപ്പലിനോട് അപേക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

2008 സെപ്റ്റംബർ 27 നാണ് ജമുന സ്‌ക്കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപികയായി ജോലിക്ക് ചേർന്നത്. മംഗളൂരുവിൽ ഉപരിപഠനത്തിനായി ചേരേണ്ടതിനാലും പിന്നീട് പെട്ടെന്ന് സ്‌ക്കുളിലേക്ക് തിരിച്ചു വരാൻ പറ്റാത്തതിനാലും എല്ലാ രേഖകളും നൽകണമെന്ന് ജമുന അപേക്ഷ നൽകിയിരുന്നു. ഈ അവസരം മുതലെടുക്കാൻ അക്കാദമിക്ക് ഡയറക്ടറായ സോജൻ കെ. വർഗ്ഗീസ് ശ്രമമാരംഭിച്ചു. അദ്ദേഹം ജമുനയോട് തന്നെ പേഴ്സണലായി കാണണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിയായ ടിനിയെ പറഞ്ഞയച്ചു.

പരിഹാസ ചിരിയോടെയാണ് സോജൻ സാറിനെ കാണണമെന്ന് ടിനി ആവശ്യപ്പെട്ടതെന്ന് ജമുന പറയുന്നു. ഉച്ചതിരിഞ്ഞ് യു.കെ.ജി.യിൽ പഠിക്കുന്ന മകളേയും കൂട്ടി വരുമ്പോഴും ടിനി വീണ്ടും അയാളെ കാണാൻ ആവശ്യപ്പെട്ടു. അതു പ്രകാരം ജമുന സോജന്റെ ഔദ്യോഗിക മുറിയിൽ പോയി. എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ പേഴ്സണലായി പറയാൻ മാത്രമല്ലെന്നും വൈകീട്ട് തന്നൊടൊപ്പം കറങ്ങാൻ വരണമെന്നും ലൈംഗിക ചുവയോടെ സംസാരിച്ചു.

സ്‌ക്കുൾ ആവശ്യത്തിന് സഹഅദ്ധ്യാപകരോടൊപ്പം രാത്രിയിലിവിടെ ജോലി ചെയ്തിരുന്നില്ലെയെന്നും ടിനി തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാൽ ഇന്നും രാത്രിയിൽ തിരിച്ചു പോയാലും പ്രശ്നമൊന്നുമില്ലെന്ന് അറിയാമെന്നും സോജൻ കെ. വർഗ്ഗീസ് ഓർമ്മിപ്പിച്ചു. ഒരിക്കൽ സ്‌ക്കൂളിലെ കണക്കുകൾ തയ്യാറാക്കാൻ അദ്ധ്യാപകർക്കൊപ്പം വൈകി ജോലി ചെയ്തത് ഓർമ്മിപ്പിച്ചാണ് സോജന്റെ ഭീഷണി. അദ്ദേഹത്തിന്റെ ഇംഗിതത്തിന് കൂടെച്ചെല്ലാൻ വിസമ്മതിച്ചതിനും തരാനുള്ള ശമ്പളമോ ഗ്രാറ്റ്‌വിറ്റി, പരിചയ സർട്ടിഫിക്കറ്റ് എന്നിവയടക്കമുള്ള ഒരു രേഖയും തരില്ലെന്നും വ്യക്തമാക്കി.

പോരാത്തതിന് അനാഥാലയത്തിൽ വളർന്ന തന്നേയും വികലാംഗനായ ഭർത്താവിനേയും കേസിൽ കുടുക്കുമെന്നും വിദ്യാലയത്തിൽ നിന്നും കാണാതായ വസ്തുക്കളുടെ പേരിൽ മോഷണ കുറ്റം ചുമത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അയാളുടെ ഭാവമാറ്റവും മറ്റും കണ്ടതോടെ താൻ മുറിയിൽ നിന്നും മകളേയും കൂട്ടി പുറത്തിറങ്ങി. കുടുംബത്തിൽ പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതി ഭർത്താവിനോടോ മാനഹാനി ഭയന്ന് സഹപ്രവർത്തകരോടോ ഇക്കാര്യം പറഞ്ഞിരുന്നില്ല. മാത്രമല്ല എനിക്ക് എട്ട് വർഷത്തെ സേവനത്തിന്റെ പ്രതിഫലം കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു.

തുടർ ദിവസങ്ങളിലും പ്രൈവറ്റ് സെക്രട്ടറിയായ ടിനി, സോജൻ സാർ പറഞ്ഞ കാര്യം എന്തായി എന്നു ചോദിക്കുമായിരുന്നു. അതിന് വഴങ്ങാതെ കാര്യ നടക്കില്ലെന്ന് ടിനിയെപ്പോലെ മറിയം ജിബോയിയും പറഞ്ഞിരുന്നു. നവംബർ 21 ന് യുപി. വിഭാഗത്തിലെ ഇൻലൂസം എന്ന പരിപാടിയുടെ പ്രോജക്ട് സൈറ്റ് ചുമതലപ്പെടുത്തിയതനുസരിച്ച് ജോലി ചെയ്യവെ സോജൻ അവിടെ വന്ന് തന്നെ പരസ്യമായി ആക്ഷേപിച്ചു. ചുമതലകൾ പൂർത്തിയാക്കി മടങ്ങവേ മറിയം ജിബോയി തന്നെ അയാളുടെ മുറിയിൽ തള്ളിവിട്ടു. ഈ സമയം ജോളി, സുമ., എന്നിവർ മുറിയിലുണ്ടായിരുന്നു. അവരോടായി ജമുനക്ക് ഗംഭീര യാത്രയയപ്പ് നൽകണമെന്ന് അയാൾ പരിഹാസ രൂപേണ പറഞ്ഞു. യാത്രയയപ്പ് ഒന്നും വേണ്ടെന്നും കരയിക്കാതെ തന്നെ വിട്ടാൽ മതിയെന്നും താൻ പറഞ്ഞ് പുറത്തിറങ്ങിയെന്നു ജമുന പറയുന്നു. ഇതിനു ശേഷം താൻ സ്‌ക്കൂൾ വിടുന്നതു വരെ സോജൻ സ്‌ക്കൂളിൽ വന്നിരുന്നില്ല.

നവംബർ 30 ന് എന്റെ അവസാനത്തെ പ്രവൃത്തി ദിനമായിരുന്നു. അന്ന് രാവിലെ സ്‌ക്കൂളിലെത്തി അതുവരെ വഹിച്ച ചുമതലകൾ തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രിൻസിപ്പലോ മറ്റൊരദ്ധ്യാപകനോ അതിന് തയ്യാറായില്ല. 26.11. 15 ന് പ്രിൻസിപ്പൽ സ്വീകരിച്ച നോ ഡ്യു സർട്ടിഫിക്കറ്റിലെ സ്വന്തം ഒപ്പ് വൈറ്റ്നർ ഉപയോഗിച്ച് മായിച്ചശേഷം അദ്ദേഹം തിരിച്ചു നൽകി.. നവംബർ മാസത്തെ ശമ്പളം, ഗ്രാറ്റുവിറ്റി, പരിചയ സർട്ടിഫിക്കറ്റടക്കം ലഭിച്ചുവെന്ന് ഒപ്പിട്ടാൽ മാത്രമേ റിലീവ് ചെയ്യാവൂ എന്ന് നിർദ്ദേശമുള്ളതായും പ്രിൻസിപ്പൽ പറഞ്ഞു.

അന്നേ ദിവസം ക്ലാസെടുത്തുകൊണ്ടിരിക്കേ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ ഫോണിൽ സോജൻ വർഗ്ഗീസിനെ വിളിച്ചു. സ്പീക്കർ ഫോൺ ഓണാക്കിന്റെ കൈയിൽ തന്നു. സ്റ്റോക്ക് രജിസ്റ്റർ തയ്യാറാക്കാനും ഓഫീസിൽ നിന്നും കാണാതായ കമ്പ്യൂട്ടറുകളുടെ ഉത്തരവാദിത്തമേറ്റെടുക്കുവാനും ആനുകൂല്യങ്ങളുപേക്ഷിച്ച് കൈപ്പറ്റിയതായി എഴുതി നൽകാനും ആവശ്യപ്പെട്ടു. അതിനു തയ്യാറാവാത്തതിനാൽ അയാൾ ഫോണിലൂടേയും ടിനി നേരിട്ടും അസഭ്യ വർഷം ചൊരിഞ്ഞുവെന്ന് ജമുന പറയുന്നു. പൊലീസ് കേസെടുത്തതോടെ ഒന്നാം പ്രതിയായ സോജൻ കെ.വർഗീസിനും രണ്ടാം പ്രതി ടിനിക്കുമെതിരെ ചാലക്കുടി മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കയാണ്. ജമുനയുടെ ഗ്രാറ്റിവിറ്റി കേസ് തൃശ്ശൂർ ലേബർ കമ്മീഷൻ വിധി പറയാൻ വച്ചിരിക്കയാണ്.